ജർമനിയിലെ റോസ്റ്റോക്കിലുള്ള ഒരു റസ്റ്ററന്റിൽ വെച്ച് ജീവനക്കാരനിൽ നിന്ന് മോശം പെരുമാറ്റം നേരിട്ടതായി ഇന്ത്യൻ ശാസ്ത്രജ്ഞയായ അനന്യ. ഇൻസ്റ്റഗ്രാമിൽ അനുഭവം പങ്കുവെച്ചതോടെ, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ക്ഷമാപണം നടത്തുന്നതായും റസ്റ്ററന്റ് അധികൃതർ അറിയിച്ചു.

ർമനിയിലെ ഒരു റസ്റ്ററന്‍റിൽ വെച്ച് ജീവനക്കാരനിൽനിന്നും മോശം പെരുമാറ്റം നേരിട്ടെന്ന ഇന്ത്യൻ യുവതിയുടെ ആരോപണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ശാസ്ത്രജ്ഞയും കണ്ടന്‍റ് ക്രിയേറ്ററുമായ അനന്യയാണ് ജർമനിയിലെ റോസ്റ്റോക്കിലെ വാർണെമുണ്ടെ ബീച്ചിലുള്ള പീറ്റർ പാനെ ബർഗർ ഗ്രിൽ റസ്റ്ററന്‍റിൽ വെച്ച് തനിക്കും സുഹൃത്തിനും നേരിട്ട അനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്. എട്ട് മാസമായി ജർമനിയിൽ താമസിക്കുന്ന തനിക്ക് ആദ്യമായാണ് ഇത്തരമൊരു മോശം അനുഭവമുണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

കാത്ത് നിന്നു, പക്ഷേ...

റസ്റ്ററന്‍റിൽ പ്രവേശിച്ചപ്പോൾ ഹോസ്റ്റ് ഡെസ്കിൽ ആരെയും കണ്ടില്ലെന്ന് അനന്യ പറയുന്നു. കൂടെയെത്തിയ ഒരു ജർമൻ കുടുംബം നേരെ റസ്റ്ററന്‍റിന്‍റെ അകത്തേക്ക് പോയതോടെ തങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തിലായി. ഏതാനും മിനിറ്റ് ഹോസ്റ്റിനെ കാത്തിരുന്ന ശേഷം അകത്തേക്ക് കയറിയെങ്കിലും അവിടെ ഇരിക്കാതെ ജീവനക്കാരെ അന്വേഷിച്ച് നിൽക്കുകയായിരുന്നുവെന്ന് അവർ കൂട്ടിച്ചേർക്കുന്നു. ഇതിനിടെയാണ് റസ്റ്ററന്‍റ് ജീവനക്കാരൻ തങ്ങളോട് രൂക്ഷമായി പെരുമാറിയതെന്ന് അനന്യ പറയുന്നു.

View post on Instagram

അഞ്ച് മിനിറ്റോളം കാത്തിരുന്നുവെന്ന് അനന്യ പറഞ്ഞപ്പോൾ, വെറും പത്ത് സെക്കൻഡ് മാത്രമാണെന്ന് നിങ്ങൾ കാത്തിരുന്നതെന്ന് ജീവനക്കാരൻ തർക്കിച്ചെന്നും ശബ്ദമുയർത്തിയെന്നും അനന്യ പറയുന്നു. ഇതിനിടെ ഇയാൾ “നിങ്ങൾക്ക് ശരിക്കും വിശക്കുന്നുണ്ടാകണം” എന്ന് പരിഹസിച്ചെന്നും കള്ളം പറയരുതെന്ന് പറഞ്ഞ് ശകാരിച്ചതായും അനന്യ ആരോപിച്ചു. ഒടുവിൽ ഇയാൾ തന്‍റെ ദേഷ്യം തീർക്കാനെന്ന മട്ടിൽ മെനു മേശയിലേക്ക് ശക്തമായി വെച്ചതായും അനന്യ പറയുന്നു. പിന്നാലെ ജീവനക്കാരൻ റസ്റ്ററന്‍റിൽ വന്ന മറ്റുള്ളവരോട് തങ്ങളെക്കുറിച്ച് സംസാരിക്കുന്നതായി സംശയം തോന്നിയതോടെ തങ്ങൾ അവിടെ നിന്നും ഭക്ഷണം കഴിക്കാതെ ഇറങ്ങിയെന്നും അവർ കൂട്ടിച്ചേർത്തു.

ക്ഷമാപണവുമായി റസ്റ്ററന്‍റ്

സംഭവത്തെ വംശീയ വിവേചനമെന്ന് വിളിക്കണമോയെന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും അനന്യ പറയുന്നു. എന്നാൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ജർമ്മനിയിലെ ബർഗ‍ർ ചെയിൻ റസ്റ്ററന്‍റ് അധികൃതർ ക്ഷമാപണം നടത്തി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റസ്റ്ററന്‍റിൽ എല്ലാവർക്കും ഒരു പോലെ സ്വാഗതവും ബഹുമാനവും ലഭിക്കണമെന്നതാണ് സ്ഥാപനത്തിന്‍റെ നയമെന്നും അധികൃതർ വ്യക്തമാക്കി. ഒപ്പം തങ്ങളുടെ കമ്പനിയിൽ നൂറിലധികം ദേശീയതകളിൽപ്പെട്ടവർ ജോലി ചെയ്യുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.