ജപ്പാനിൽ സർവീസുകൾക്ക് വലിയ തുകയാകും എന്നതിനാൽ പണം നൽകാൻ തയ്യാറെടുത്താണ് സോനം എത്തിയത്. എന്നാൽ, സൈക്കിളിന്റെ അവസ്ഥ കണ്ട കടയുടമ ആദ്യം ചോദിച്ചത് സോനമിന് പരിക്കുകൾ ഒന്നുമില്ലല്ലോ എന്നായിരുന്നു.
ജപ്പാനിൽ വെച്ച് സൈക്കിൾ അപകടത്തിൽപ്പെട്ടപ്പോൾ അവിടുത്തെ കടയുടമയിൽ നിന്നുണ്ടായ അപ്രതീക്ഷിത സഹായത്തെ കുറിച്ച് ഇന്ത്യക്കാരിയായ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സോനം മിധ എന്ന യുവതിയാണ് തനിക്കുണ്ടായ ഹൃദ്യമായ അനുഭവം പങ്കുവെച്ചത്. മഴയത്ത് ജോലിസ്ഥലത്തേക്ക് പോകുമ്പോൾ സോനമിന്റെ സൈക്കിൾ തെന്നി വീഴുകയായിരുന്നു. അപകടത്തിൽ അവരുടെ തോളിന് പരിക്കേൽക്കുകയും സൈക്കിളിന്റെ ഹാൻഡിലിന് കേടുപാടുകൾ സംഭവിക്കുകയും ഐഫോണിന്റെ സ്ക്രീൻ തകരുകയും ചെയ്തു.
ഓഫീസിൽ എത്തിയ സോനമിന് സഹപ്രവർത്തകർ ബാൻഡെയ്ഡ് നൽകി സഹായിച്ചു. തുടർന്ന് ലഞ്ചിന്റെ സമയത്ത് സൈക്കിൾ ശരിയാക്കാനായി അവർ ഒരു റിപ്പയർ ഷോപ്പിലെത്തി. ജപ്പാനിൽ സർവീസുകൾക്ക് വലിയ തുകയാകും എന്നതിനാൽ പണം നൽകാൻ തയ്യാറെടുത്താണ് സോനം എത്തിയത്. എന്നാൽ, സൈക്കിളിന്റെ അവസ്ഥ കണ്ട കടയുടമ ആദ്യം ചോദിച്ചത് സോനമിന് പരിക്കുകൾ ഒന്നുമില്ലല്ലോ എന്നായിരുന്നു. സൈക്കിളിന്റെ കേടുപാടുകളേക്കാളുപരി മനുഷ്യത്വത്തിന് വില കൽപ്പിച്ച അദ്ദേഹത്തിന്റെ കരുതൽ തന്നെ സ്പർശിച്ചതായി സോനം പറഞ്ഞു.
സൈക്കിൾ വേഗത്തിൽ ശരിയാക്കി നൽകിയ ശേഷം കൂലി എത്രയെന്ന് ചോദിച്ച സോനമിനോട് കടയുടമ ഫീസില്ല എന്ന് സ്നേഹത്തോടെ മറുപടി നൽകുകയായിരുന്നു. ഇതോടൊപ്പം മഴയത്ത് എങ്ങനെ സുരക്ഷിതമായി സൈക്കിൾ ഓടിക്കാമെന്നുള്ള ടിപ്പുകളും അദ്ദേഹം നൽകി. കടയുടമയുടെ ഈ പെരുമാറ്റം സോനമിനെ ഏറെ സന്തോഷിപ്പിച്ചു. തുടർന്ന് അടുത്തുള്ള ഒരു ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങി സോനം വീണ്ടും ആ കടയിലേക്കു തന്നെ തിരിച്ചു ചെന്നു.
സോനമിനെ വീണ്ടും കണ്ടയുടനെ, സൈക്കിളിന് വീണ്ടും എന്തെങ്കിലും കുഴപ്പമുണ്ടായെന്നോ അല്ലെങ്കിൽ വീണ്ടും അപകടം പറ്റിയെന്നോ കരുതി അദ്ദേഹം ആശങ്കപ്പെട്ടു. എന്നാൽ, താൻ ഭക്ഷണം കഴിക്കാനായി പോയപ്പോൾ അദ്ദേഹത്തിനും കൂടി വാങ്ങി വന്നതാണെന്ന് സോനം പറഞ്ഞപ്പോൾ ആ മനുഷ്യന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞത്രെ. 'ഈ ദിവസം ഞാൻ എപ്പോഴും ഓർക്കും. അപകടത്തിന്റെയോ പരിക്കിന്റെയോ പേരിലല്ല, മറിച്ച് ഒരു ജപ്പാൻകാരന്റെ വലിയ മനസ്സിന്റെ പേരിലാണ് ഈ ദിവസം എന്റെ ഓർമ്മയിൽ നിൽക്കുക' എന്നും സോനം കുറിച്ചു.


