അതിന് 3500 രൂപ വില വരാൻ കാരണം അതിന്റെ രുചി തന്നെയാണ് എന്നാണ് പറയുന്നത്. വളരെ മൃദുവായ ഞണ്ടിന്റെ മാംസവും നന്നായി പാകം ചെയ്തെടുത്ത ഓംലെറ്റുമാണ് ഇതിൽ ഉൾപ്പെടുന്നത്.
ഒരു ഓംലെറ്റിന് 3500 രൂപ, നമുക്ക് ചിന്തിക്കാനാവില്ല അല്ലേ? എന്നാൽ, ഇത് മുട്ട ഓംലെറ്റല്ല. അങ്ങ് ബാങ്കോക്കിൽ കിട്ടുന്ന സ്പെഷ്യൽ ക്രാബ് ഓംലെറ്റാണ്. ഒരു ഇന്ത്യൻ യൂട്യൂബർ അടുത്തിടെ ബാങ്കോക്കിലെ റാൻ ജയ് ഫായിയിൽ നിന്നും ഈ ക്രാബ് ഓംലെറ്റ് പരീക്ഷിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.
അധികം വൈകാതെ തന്നെ യൂട്യൂബർ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഡിസിടി ഈറ്റ്സിൽ നിന്നുള്ള ദശരാജ് സെന്തമിൾ തരുൺ ആണ് ഈ ഓംലെറ്റ് പരീക്ഷിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് രുചി പരീക്ഷിക്കുന്ന യൂട്യൂബറാണ് തരുൺ.
എന്തായാലും, 3500 രൂപയുടെ ഓംലെറ്റ് തരുണിനെ ഒന്ന് അമ്പരപ്പിച്ചു എന്ന കാര്യത്തിൽ സംശയമില്ല. സീറ്റ് കിട്ടിയിട്ടും അരമണിക്കൂർ തരുൺ ആ റെസ്റ്റോറന്റിൽ കാത്തുനിന്നു. ഒടുവിൽ സ്വർണവർണത്തിലുള്ള, പൊരിഞ്ഞ ഞണ്ട് കൊണ്ടുണ്ടാക്കിയ ഓംലെറ്റ് എത്തിയപ്പോൾ അതിന്റെ വലിപ്പവും വിലയും കേട്ട് ഒന്ന് ഞെട്ടുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ ഓംലെറ്റിന് ഇത്ര വലിപ്പവും വിലയും എന്ന് അന്വേഷിക്കാനും തരുൺ മറന്നില്ല.
അതിന് 3500 രൂപ വില വരാൻ കാരണം അതിന്റെ രുചി തന്നെയാണ് എന്നാണ് പറയുന്നത്. വളരെ മൃദുവായ ഞണ്ടിന്റെ മാംസവും നന്നായി പാകം ചെയ്തെടുത്ത ഓംലെറ്റുമാണ് ഇതിൽ ഉൾപ്പെടുന്നത്. മറക്കാനാവാത്ത അനുഭവമായിട്ടാണ് ഈ ഞണ്ട് ഓംലെറ്റ് കഴിച്ച നിമിഷത്തെ കുറിച്ച് തരുൺ പറയുന്നത്.
81 വയസ്സുള്ള ഷെഫ് ജയ് ഫായിയാണ് ഈ റെസ്റ്റോറന്റിലെ പാചകത്തിന് നേതൃത്വം നൽകുന്നത്. പാചകത്തിനോടുള്ള അവരുടെ സ്നേഹവും സമർപ്പണവുമാണ് അവരെ പ്രശസ്തയാക്കിയത്. ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾ ഈ ചെറിയ കടയിൽ എത്താറുണ്ട്. 2018 -ൽ, റാൻ ജയ് ഫായി മിഷേലിൻ സ്റ്റാർ നേടുന്ന ഏക തായ് സ്ട്രീറ്റ് ഫുഡ് സ്റ്റാളായി മാറി. അതോടെ ഇതിന്റെ ആഗോള പ്രശസ്തി വർദ്ധിച്ചു. 2021-ൽ ഏഷ്യയിലെ 50 മികച്ച റെസ്റ്റോറന്റുകൾക്കുള്ള അവാർഡ് കൂടി നേടിയതോടെ ഇതിന്റെ പ്രശസ്തി വീണ്ടും വർധിച്ചു.
തരുൺ പങ്കുവച്ച വീഡിയോയ്ക്കും ഒരുപാട് പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്. എന്തായാലും, ഈ 3500 രൂപയുടെ ഓംലെറ്റ് ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്.
