വീഡിയോയിൽ, വീര തന്റെ മൂന്ന് മാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഒരു മരത്തിനടിയിൽ വിശ്രമിക്കുന്നതാണ് കാണുന്നത്.

ഇന്ന് മാതൃദിനമായിരുന്നു. അനേകം മാതൃദിന പോസ്റ്റുകളും മറ്റും നമ്മുടെ സോഷ്യൽ മീഡിയാ ഫീഡുകളിൽ തന്നെ നാം കണ്ടിട്ടുണ്ടാവും. അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങൾ മിക്കവാറും പ്രിയപ്പെട്ടവരായിരിക്കും. മനുഷ്യർക്ക് മാത്രമല്ല, മൃ​ഗങ്ങൾക്കും തങ്ങളുടെ കുഞ്ഞുങ്ങൾ പ്രിയപ്പെട്ടതാണ്. അങ്ങനെ, ഈ മാതൃദിനത്തിൽ കുനോ നാഷണൽ പാർക്ക് തങ്ങളുടെ മാതൃദിന സന്ദേശം പങ്കുവച്ചത് ഒരു വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ്. 

തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന കുറച്ച് ചീറ്റ അമ്മമാരുടെ വീഡിയോയാണ് മധ്യപ്രദേശിലുള്ള നാഷണൽ പാർക്ക് പങ്കുവച്ചിരിക്കുന്നത്. ഈ വർഷം നാഷണൽ പാർക്ക് ഏഴ് പുതിയ ചീറ്റക്കുഞ്ഞുങ്ങളെയാണ് സ്വാ​ഗതം ചെയ്തത്. ഇതോടെ നാഷണൽ പാർക്കിൽ വീണ്ടും ചീറ്റകളുടെ എണ്ണം വർധിക്കുകയാണ്. 

ഇന്ത്യയിൽ ചീറ്റകളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെ പ്രോജക്ട് ചീറ്റ ആരംഭിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് ദക്ഷിണാഫ്രിക്കൻ ചീറ്റകളായ ചീറ്റ നിർവയും ചീറ്റ വീരയും എത്തിയത്. കുഞ്ഞുങ്ങളുടെ മരണമുൾപ്പടെ വെല്ലുവിളി ഉയർന്നുവെങ്കിലും ചീറ്റകളുടെ എണ്ണം ഉയരാൻ ഇത് കാരണമായി തീർന്നിട്ടുണ്ട്. 

View post on Instagram

വീഡിയോയിൽ, വീര തന്റെ മൂന്ന് മാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഒരു മരത്തിനടിയിൽ വിശ്രമിക്കുന്നതാണ് കാണുന്നത്. വീര ശ്രദ്ധയോടെയും ജാ​ഗ്രതയോടെയുമാണ് കുഞ്ഞുങ്ങളെ നോക്കുന്നത്. അതേസമയം നിർവ തന്റെ അഞ്ച് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതാണ് കാണുന്നത്. ഒപ്പം, ജ്വാല എന്ന ചീറ്റ 15 മാസം പ്രായമുള്ള നാല് കുഞ്ഞുങ്ങളെ വീക്ഷിക്കുകയാണ്. ആശയാവട്ടെ തന്റെ 16 മാസം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളെ വനത്തിൽ ജീവിക്കാൻ പരിശീലിപ്പിക്കുന്നതായാണ് കാണുന്നത്. 

'ചോദിക്കാതെ തന്നെ എല്ലാം നൽകുന്ന, എപ്പോഴും നമ്മെ സുരക്ഷിതരാക്കുന്ന, എന്തൊക്കെ സംഭവിച്ചാലും നമ്മെ സ്നേഹിക്കുന്ന അമ്മയ്ക്ക് - മാതൃദിനാശംസകൾ. എല്ലാ ദിവസവും നിങ്ങൾക്ക് ശക്തി പകരുന്ന അമ്മയെ ടാഗ് ചെയ്യൂ' എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം