യുകെയിലെ തന്റെ ഒറ്റമുറി അപ്പാർട്ട്‌മെന്റ് പരിചയപ്പെടുത്തി യുവതി. ലണ്ടനിലുള്ള ഫർണിഷ് ചെയ്ത 1BHK ഫ്ലാറ്റിന്റെ മാസവാടകയാണ് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ഹോം ടൂർ വീഡിയോ കാണാം. 

സോഷ്യൽ മീഡിയയിൽ വൈറലായി ഇന്ത്യക്കാരിയുടെ 'ഹോം ടൂർ' വീഡിയോ. യുകെയിലെ തന്റെ അപ്പാർട്ട്‌മെന്റിലെ കാഴ്ചകളാണ് അവർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ, വീഡിയോ ആളുകളെ പ്രത്യേകിച്ച് ഇന്ത്യക്കാരെ അമ്പരപ്പിക്കാൻ കാരണം ഇതൊന്നുമല്ല. വെറും ഒരു കിടപ്പുമുറിയും ഹാളും അടുക്കളയും മാത്രമുള്ള ഈ 1ബിഎച്ച്‌കെ അപ്പാർട്ട്‌മെന്റിന്റെ മാസവാടക ഏകദേശം എട്ട് ലക്ഷം രൂപയാണത്രെ. ദീപാംശി ചൗധരി എന്ന യുവതിയാണ് വീഡിയോ തന്റെ സോഷ്യൽ‌ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലണ്ടനിലുള്ള തന്റെ അപ്പാർട്ട്‌മെന്റ് പൂർണമായും ഫർണിഷ് ചെയ്തതാണെന്നും ദീപാംശി പറയുന്നുണ്ട്. എന്നാൽ, അതേസമയം എന്തുകൊണ്ട് ഒരു 1ബിഎച്ച്കെയ്ക്ക് ഇത്രയും രൂപ വാടകയാകുന്നു എന്നതും വീഡിയോയിൽ വ്യക്തമാണ്. ലണ്ടനിലാണ് ഈ അപാർട്മെന്റുള്ളത്. ജീവിക്കാൻ ചെലവേറിയ നഗരങ്ങളിലൊന്നാണ് ലണ്ടനെന്നും ദീപാംശി തന്നെ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയിൽ യുവതി തന്റെ അപാർട്മെന്റ് വിശദമായി കാണിക്കുന്നതും കാണാം. അപ്പാർട്ട്‌മെന്റ് ലോബി, ബെഡ്‍റൂം, ടോയ്‍ലെറ്റ്, ലിവിങ് റൂം, അടുക്കള, സ്റ്റോറേജിനുള്ള സ്ഥലം എല്ലാം ദീപാംശി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാം.

View post on Instagram

'ലണ്ടനിലെ തന്റെ ഒറ്റമുറി അപ്പാർട്ട്‌മെന്റിലേക്കുള്ള ടൂർ. ഇത് മുഴുവനായും ഫർണിഷ് ചെയ്ത അപ്പാർട്ട്‌മെന്റാണ്. അതെ, ഇതിന്റെ വാടക അൽപ്പം കൂടുതൽ തന്നെയാണ്. പക്ഷേ, ഈ സ്ഥലത്ത് ഇങ്ങനെയൊരു അപ്പാർട്ട്‌മെന്റെന്നാൽ അത്രയും വില വരും ' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ ദീപാംശി കുറിച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഈ വാടക ഒരല്പം കൂടുതൽ അല്ലേ എന്നായിരുന്നു പലരുടേയും സംശയം. മറ്റ് ചിലർ പറഞ്ഞത്, ഈ പ്രദേശത്തായതുകൊണ്ടാണ് ഇത്രയും രൂപ വാടക വരുന്നത് എന്നാണ്.