സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഒരു ജപ്പാനീസ് ഫിറ്റ്നസ് വീഡിയോ, വെറും 4 മിനിറ്റ് വ്യായാമം കൊണ്ട് ആഴ്ചയിൽ 5 കിലോ വരെ കുറയ്ക്കാമെന്ന് അവകാശപ്പെടുന്നു. ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്, എങ്കിലും വ്യായാമം തുടങ്ങാൻ ഇതൊരു പ്രചോദനമാണെന്ന് പലരും കരുതുന്നു.

ന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയിൽ, മണിക്കൂറുകളോളം ഒരേയിരിപ്പിരുന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് ജീവനക്കാർക്കിടയിൽ അമിതഭാരം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിനാൽ തന്നെ വണ്ണം കുറയ്ക്കാനുള്ള ഉൽപ്പന്നങ്ങളുടെയും ജിം പരസ്യങ്ങളുടെയും പ്രളയമാണ് സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതുവിടങ്ങളിലും. ഇതിനിടയിലാണ് ജപ്പാനിൽ നിന്നുള്ള ഒരു ഫിറ്റ്നസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ലക്ഷണക്കണക്കിന് ആളുകളെ ആകർഷിച്ച് കൊണ്ട് തരംഗമാകുന്നത്.

4 മിനിറ്റ് കൊണ്ട് 5 കിലോ വരെ

വെറും 4 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ വ്യായാമം ദിവസവും കൃത്യമായി പിന്തുടർന്നാൽ ഒരു ആഴ്ച കൊണ്ട് 5 കിലോഗ്രാം വരെ ഭാരം കുറയ്ക്കാനാകുമെന്നാണ് വീഡിയോയിലെ പ്രധാന അവകാശവാദം. "ഡംബെല്ലുകൾ ദൂരെയെറിയൂ, പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഈ ലളിതമായ രീതി പരീക്ഷിക്കൂ" എന്നതാണ് വീഡിയോ നൽകുന്ന സന്ദേശം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) റീപോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 30 ലക്ഷത്തിലധികം ആളുകൾ കാണുകയും 60,000-ത്തോളം ലൈക്കുകൾ നേടുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ സമ്മിശ്രവും രസകരവുമായ പ്രതികരണങ്ങളാണ് ആളുകൾ പങ്കുവെക്കുന്നത്.'

Scroll to load tweet…

'എന്തൊക്കിലുമൊക്കെ ചെയ്യൂ!'

"യാതൊരു ബുദ്ധിമുട്ടുമില്ലാതെ ദിവസവും 4 മിനിറ്റ് മാറ്റി വെച്ചുകൊണ്ട് ഇത് ചെയ്തു തുടങ്ങാം. എന്നാൽ വ്യായാമത്തിലെ സ്ഥിരതയാണ് ഏറ്റവും പ്രധാനം," എന്ന് ഒരു ഉപയോക്താവ് കുറിച്ചു."ഈ രീതിയെ തള്ളിക്കളയുന്നവർ ജീവിതത്തിൽ ഒരിക്കൽ പോലും വ്യായാമം ചെയ്യാത്തവരായിരിക്കും. എന്തെങ്കിലും ഒരു വ്യായാമം ചെയ്യുന്നത് തീർച്ചയായും നല്ല കാര്യമാണ്. 4 മിനിറ്റാണെങ്കിൽ പോലും ആളുകളെ വ്യായാമം ചെയ്യാൻ ഇത് പ്രചോദിപ്പിക്കുന്നുണ്ടെങ്കിൽ അത് വലിയൊരു കാര്യമാണ്," എന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.

"ഒരു ആഴ്ച ഞാൻ ഇത് ചെയ്തു നോക്കി ഫലം പറയാം. എന്നാൽ ഇതിലൂടെ വലിയ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കരുത്, കൃത്യതയോടെ ചെയ്യുക എന്നതാണ് കാര്യം," എന്ന് മൂന്നാമതൊരാൾ കമന്‍റ് ചെയ്തു. "ഇപ്പോഴത്തെ പല പോപ്പ് പാട്ടുകളേക്കാളും നീളമുണ്ട് ഈ 4 മിനിറ്റ് വ്യായാമത്തിന്! എങ്കിലും ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതാണല്ലോ എന്തെങ്കിലും ചെയ്യുന്നത്," എന്നാണ് മറ്റൊരാൾ കുറിച്ചത്. വ്യായാമം ചെയ്യാൻ സമയം കിട്ടാത്തവർക്ക് ഇതൊരു മികച്ച തുടക്കമാണെങ്കിലും, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വലിയ ഭാരം കുറയുമെന്ന അവകാശവാദങ്ങളിൽ ജാഗ്രത വേണമെന്നാണ് ഫിറ്റ്നസ് വിദഗ്ധരുടെ അഭിപ്രായം.