ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോനു കുമാറിന്റെ കൂട്ടുകാരനാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഋഷികേശിൽ ബഞ്ചി ജമ്പിംഗിനിടെ കയർ പൊട്ടി, യുവാവിന് ഗുരുതര പരിക്ക്. ഗുരുഗ്രാം സ്വദേശിയായ 24 -കാരൻ സോനു കുമാറിനാണ് ഋഷികേശിൽ നടന്ന ബഞ്ചി ജമ്പിംഗ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഉത്തരാഖണ്ഡിലെ ശിവപുരിയിൽ സ്ഥിതി ചെയ്യുന്ന ത്രിൽ ഫാക്ടറി അഡ്വഞ്ചർ പാർക്കിലാണ് സംഭവം. ബഞ്ചി ജമ്പിങ്ങിനിടെ യുവാവ് കയർ പൊട്ടി താഴേക്ക് പതിക്കുകയായിരുന്നു എന്നാണ് പോലീസ് വിശദീകരിക്കുന്നത്. ഏകദേശം 180 അടി ഉയരത്തിൽ വച്ചാണ് അപകടം. താഴെയുള്ള ടിൻ ഷെഡിലേക്കാണ് യുവാവ് വീണത്. സോനുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതര പരിക്കുകളോടെ സോനു കുമാർ ഇപ്പോഴും അത്യാസന്ന വിഭാഗത്തിൽ തുടരുകയാണ്.
ഈ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സോനു കുമാറിന്റെ കൂട്ടുകാരനാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ത്രിൽ ഫാക്ടറി അഡ്വഞ്ചർ പാർക്കിനെതിരെ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാൽ പാർക്കിലെ എല്ലാ സാഹസിക വിനോദങ്ങളും അധികൃതർ നിർത്തിവച്ചിരിക്കുകയാണ്.
ഈ സംഭവം ബഞ്ചി ജമ്പിങ്ങിന്റെ അപകട സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യയിൽ ഇപ്പോൾ പ്രചാരം നേടിവരുന്ന ഒരു സാഹസിക കായിക വിനോദമാണിത്. കാലിൽ വലിയ ഇലാസ്റ്റിക് കയർ ഘടിപ്പിച്ച ശേഷം ഉയരമുള്ള പ്രദേശത്തുനിന്ന് ചാടുന്നു. ധൈര്യവും മനോബലവും അളക്കുന്ന സാഹസിക വിനോദം. എന്നാൽ ഇന്ത്യയിലെ സാഹസിക കായിക വിനോദ കേന്ദ്രങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള ആശങ്ക ഈ സംഭവത്തോടെ ഇരട്ടിയായി. നിയമങ്ങളും നിർദ്ദേശങ്ങളും നടത്തിപ്പുകാർ പാലിക്കുന്നില്ല എന്നും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ പരിശോധനകൾ ഉണ്ടാകുന്നില്ല എന്നുമാണ് ആക്ഷേപം.


