കർണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി യാത്രയ്ക്കിടെ പുള്ളിപ്പുലി യാത്രക്കാരിയെ ആക്രമിച്ചു. സഫാരി ബസിന്‍റെ ജനലിലൂടെ സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങൾ വൈറലായി.
കർണാടകയിലെ ബന്നാർഘട്ട ദേശീയോദ്യാനത്തിൽ സഫാരി യാത്രയ്ക്കിടെ ഒരു യാത്രക്കാരിയുടെ നേരെ പാഞ്ഞടുത്ത പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. സഞ്ചാരികൾ ഉദ്യോനത്തിനുള്ളിലൂടെ മൃഗങ്ങളെ കാണാനായി അടച്ചിട്ട പ്രത്യേക വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ഭയപ്പെടുത്തുന്ന സംഭവം. ദൃശ്യങ്ങൾ പിടിഐ പത്രപ്രവർത്തക എലസബെത്ത് കുര്യൻ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.
ബസിനുള്ളിലേക്ക് കൈയിട്ട് പുള്ളിപ്പുലി
ദേശീയോദ്യാനത്തിൽ സഫാരി ബസിന്‍റെ മെഷ് വിൻഡോയിലൂടെ പുലി ആക്രമിക്കാൻ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന 50 വയസ്സ് പ്രായമുള്ള വാഹിത ബാനു എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഉടൻ തന്നെ ഇവർക്ക് പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. പുള്ളിപ്പുലി സഫാരി ബസിൽ കയറി ജനാലയിൽ ചവിട്ടി സ്ത്രീയെ ആക്രമിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. സ്ത്രീയുടെ വസ്ത്രത്തിന്‍റെ ഒരു ഭാഗം പുലി കീറിയെടുത്തു. ഇവരുടെ ഇടത് കൈയ്ക്ക് പുലി നഖം കൊണ്ട് സാരമായ മുറിവേറ്റു. കഴിഞ്ഞ വ്യാഴാഴ്ച (13.9.'25) ഉച്ചകഴിഞ്ഞുള്ള പുള്ളിപ്പുലി സഫാരി യാത്രയ്ക്കിടെയാണ് സംഭവം നടന്നത്.
പ്രതികരണങ്ങൾ
മൂന്നോ നാലോ പുള്ളിപ്പുലികളെ വീഡിയോയിൽ കാണാം. അവ പരസ്പരം അടി കൂടിയതിന് ശേഷമുള്ള വിശ്രമത്തിലാണെന്ന് കാഴ്ചയില്‍ സംശയമുണ്ടാകാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പിന്നാലെ, ദേശീയോദ്യാനങ്ങളിലെ മൃഗ സംരക്ഷണത്തെ കുറിച്ചുള്ള സംശയങ്ങൾ ഉയർന്നു. സ്ത്രീയെ അക്രമിച്ച പുലയ്ക്ക് പരിക്കേറ്റിരുന്നെന്ന് നിരവധി പേരാണ് ചൂണ്ടിക്കാട്ടിയത്. മൃഗങ്ങൾക്ക് ഭക്ഷണം നല്‍കുന്നത് അടക്കം സന്ദർശകരുടെ യാത്ര സുരക്ഷയെ കുറിച്ചുള്ള സംശയങ്ങളും ഉയർന്നു വന്നു. പുലിയുടെ അക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നെന്നും വാഹനത്തില്‍ നിന്നും കുട്ടികളുടെ കരച്ചില്‍ കേട്ടിരുന്നെന്നും കാഴ്ചക്കാര്‍ ചൂണ്ടിക്കാട്ടി. മൃഗങ്ങൾ മനുഷ്യരുടെ കാഴ്ച വസ്തുക്കളല്ലെന്നും അവയെ വെറുതെ വിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. അതേസമയം ഇത്തരം യാത്രകളില്‍ വനം വകുപ്പ് മിനിമം സുരക്ഷയെങ്കിലും ഉറപ്പ് വരുത്തണമെന്ന് മറ്റു ചിലര്‍ ആവശ്യപ്പെട്ടു.


