ഉത്തരാഖണ്ഡിൽ സ്ലിപ്പർ ധരിച്ച് ഡെലിവറിക്ക് വന്ന സീപ്റ്റോ ജീവനക്കാരന് അമൻ ശർമ എന്നയാൾ തന്‍റെ പുതിയ അഡിഡാസ് ഷൂസ് സമ്മാനിച്ചു. ഈ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും സമ്മിശ്ര പ്രതികരണങ്ങൾ നേടുകയും ചെയ്തു. ശ്രദ്ധ നേടാനല്ല, സ്വാഭാവികമായി തോന്നിയ ഒരു കാരുണ്യ പ്രവൃത്തിയാണ് താൻ ചെയ്തതെന്ന് അമൻ വ്യക്തമാക്കി.

ചെറിയൊരു കരുതലും സഹാനുഭൂതിയും ഒരാളുടെ ദിവസം തന്നെ മാറ്റിമറിക്കാമെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഉത്തരാഖണ്ഡിൽ സ്ലിപ്പർ ചെരുപ്പും ധരിച്ച് ഡെലിവറി ജോലിക്കെത്തിയ യുവാവിന് തന്‍റെ ഓറിജിനൽ അഡിഡാസ് ഷൂസ് സമ്മാനിച്ച അമൻ ശർമയുടെ പ്രവൃത്തിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അമൻ ശർമ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി.

'എന്നേക്കാൾ കൂടുതൽ ആവശ്യം അയാൾക്ക്'

“എന്നേക്കാൾ കൂടുതൽ ഈ ഷൂസ് ആവശ്യമുള്ളത് ഡെലിവറി ബോയിക്കായിരുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ തുടങ്ങുന്നത്. വീട്ടിലെ ബാൽക്കണിയിൽ നിന്ന് താഴെയെത്തിയ ഡെലിവറി പങ്കാളിയെ വിളിച്ച അമൻ, “ബ്രോ, ഷൂസ് വേണോ? ഓറിജിനൽ അഡിഡാസ് ഷൂ” എന്ന് ചോദിക്കുകയും പിന്നാലെ തന്‍റെ കൈയിലെ അഡിഡാസ് ഷൂസ് ഉയർത്തിക്കാട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് താഴേയ്ക്ക് പോകുന്ന അമൻ ഷൂസ് ഡെലിവറി ബോയിക്ക് നൽകുന്നു.

View post on Instagram
 

തുടർന്ന് ഷൂസുമായി തന്‍റെ സൈക്കിൾ ചട്ടിപ്പോകുന്ന ഡെലിവറി ബോയുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. സീപ്റ്റോയുടെ ഡെലിവറി പങ്കാളിയാണ് എത്തിയതെന്ന് അമൻ കൂട്ടിച്ചേർക്കുന്നു. മഴയിൽ അയാൾ നനഞ്ഞിരുന്നു. റെയിൻകോട്ട് പോലും ഉണ്ടായിരുന്നില്ല. അതേസമയം, കൃത്യസമയത്ത് സൈക്കിളിൽ ഓർഡർ എത്തിച്ച അയാൾ ചെരുപ്പായിരുന്നു ധരിച്ചിരുന്നതെന്നും ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് തന്‍റെ പുതിയ ഷൂസ് നൽകാൻ തീരുമാനിച്ചതെന്നും അമൻ വ്യക്തമാക്കുന്നു.

സമ്മിശ്ര പ്രതികരണം, മറുപടിയുമായി അമൻ

വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നിരവധി പേർ അമന്‍റെ മനുഷ്യത്വപരമായ ഇടപെടലിനെ അഭിനന്ദിച്ചപ്പോൾ, ചിലർ വീഡിയോ പ്രചാരണത്തിനായി ആസൂത്രണം ചെയ്തതാണോയെന്ന സംശയം പ്രകടിപ്പിച്ചു. എന്നാൽ, ശ്രദ്ധ നേടാനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല താൻ ഇത് ചെയ്തതെന്നും, ആ നിമിഷത്തിൽ സ്വാഭാവികമായി തോന്നിയൊരു കാര്യം മാത്രമാണ് ചെയ്തതെന്നും അമൻ പ്രതികരിച്ചു. ചെറിയൊരു കരുണാപ്രവൃത്തി പോലും ഒരാളുടെ ദിവസത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് തന്‍റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.