അയാൾ അതിന്റെ മുകളിലേക്ക് പയ്യെ വെള്ളം ഒഴിക്കുമ്പോൾ അതിന് ആശ്വാസം ആയതുപോലെ തോന്നുന്നു. അവസാനം അയാൾ വേനലിൽ ചൂടെടുത്ത്, ദാഹിച്ച് നിൽക്കുന്ന ഇത്തിൾപ്പന്നിക്ക് കുടിക്കാൻ പാകത്തിൽ വെള്ളം ഒഴിച്ചുകൊടുക്കുകയാണ്.
മനുഷ്യർ മൃഗങ്ങളെ ഉപദ്രവിക്കുന്ന നിരവധി വീഡിയോ നാം സാമൂഹികമാധ്യമങ്ങളിൽ കാണാറുണ്ട്. പലരും ആ മിണ്ടാപ്രാണികളെ ഉപദ്രവിച്ച മനുഷ്യർക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് അത്തരം വീഡിയോ (video) ഷെയർ ചെയ്യാറുള്ളത്. എന്നാൽ, അതേ സമയം തന്നെ നല്ല മനസിനുടമകളായ ഒരുപാട് മനുഷ്യരും നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയുള്ള ഒരാളുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുന്നത്. വേനൽക്കാലം നമ്മെ എല്ലാവരേയും സംബന്ധിച്ച് വളരെ കഠിനമായ കാലമാണ്. മറ്റ് ജീവികളെ സംബന്ധിച്ചാണെങ്കിൽ പറയണ്ട. ഈ കൊടുംവേനലിൽ തണലും വെള്ളവും തേടി അവ അലയുകയാണ്. ഈ വീഡിയോ കാണുമ്പോൾ തന്നെ നമുക്കത് മനസിലാവും.
പാടം പോലെയുള്ളൊരു സ്ഥലത്ത് ഒരു ഇത്തിൾപ്പന്നി (Armadillo) -യേയും ഒരു മനുഷ്യനേയും നമുക്ക് വീഡിയോയിൽ കാണാം. അദ്ദേഹത്തിന്റെ കയ്യിൽ ഒരു കന്നാസുമുണ്ട്. അദ്ദേഹം ആ ജീവി ആകെ പേടിച്ചിരിക്കുന്നത് പോലെയാണ് കാണുന്നത്. എന്നാൽ, അയാൾ അതിന്റെ മുകളിലേക്ക് പയ്യെ വെള്ളം ഒഴിക്കുമ്പോൾ അതിന് ആശ്വാസം ആയതുപോലെ തോന്നുന്നു. അവസാനം അയാൾ വേനലിൽ ചൂടെടുത്ത്, ദാഹിച്ച് നിൽക്കുന്ന ഇത്തിൾപ്പന്നിക്ക് കുടിക്കാൻ പാകത്തിൽ വെള്ളം ഒഴിച്ചുകൊടുക്കുകയാണ്.
'ദാഹിക്കുന്നവർക്ക് വെള്ളം സമർപ്പിക്കുന്നത് ദൈവത്തിനുള്ള ഏറ്റവും നല്ല വഴിപാടാണ്...' എന്ന അടിക്കുറിപ്പോടെയാണ് ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചത്. സന്തോഷ് സാഗർ എന്നൊരാൾക്ക് വീഡിയോയ്ക്ക് കടപ്പാട് വച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് വീഡിയോ കണ്ടതും കമന്റ് ചെയ്തതും ഷെയർ ചെയ്തതും. ഒരുപാട് പേർ ആ ജീവിയെ കണ്ട്, അതിന്റെ അവസ്ഥ കണ്ട് അവഗണിക്കാതെ പോയതിന് ആ മനുഷ്യനോടുള്ള സ്നേഹം അറിയിച്ചു. 'ഒരുപക്ഷേ, സർവശക്തനായ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത്' എന്നാണ് ഒരാൾ കമന്റിട്ടത്.
റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ പല സംസ്ഥാനങ്ങളും 122 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ മാർച്ചാണ് ഇത് എന്ന് രേഖപ്പെടുത്തി. ദേശീയ തലസ്ഥാനത്ത് ഏപ്രിൽ 28 -ന് 43.5 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
