വല കുടുങ്ങിയതിനെ തുടർന്ന് വളരെ കഷ്ടത്തിലായിരുന്നു അതിന്റെ അവസ്ഥ എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. 

പ്ലാസ്റ്റിക് മലിനീകരണം ഇന്ന് പരിസ്ഥിതി നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. കരയെന്നോ കടലെന്നോ വ്യത്യാസമില്ലാതെ ഇന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയപ്പെടുന്നുണ്ട്. തടാകങ്ങൾ, നദികൾ, സമുദ്രങ്ങൾ തുടങ്ങി ജലാശയങ്ങളിലേക്കെത്തുന്ന പ്ലാസ്റ്റിക്കുകൾ അവിടുത്തെ ജീവികൾക്ക് ഭീഷണിയായി മാറാറുണ്ട്. അടുത്തിടെ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. 

ഐഎഎസ് ഓഫീസറായ സുപ്രിയ സാഹുവാണ് വീഡിയോ എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്ലാസ്റ്റിക് വലയിൽ കുടുങ്ങിയ കടലാമയെ ഒരാൾ രക്ഷിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ടുണീഷ്യയിൽ നിന്നുള്ള മെച്ചർഗുയി അല (@mecherguiala) എന്നയാളാണ് വീഡിയോയിൽ ഉള്ളത് എന്നാണ് മനസിലാവുന്നത്. അദ്ദേഹത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

വീഡിയോയിൽ യുവാവ് പ്ലാസ്റ്റിക് നെറ്റിൽ കുരുങ്ങിയിരിക്കുന്ന കടലാമയെ ശ്രദ്ധാപൂർവം തന്റെ കയ്യിൽ വച്ചശേഷം അതിനെ ആ വലക്കുരുക്കിൽ നിന്നും രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്നത് കാണാം. അതിനുവേണ്ടി ആദ്യം കടലാമയെ ബോട്ടിലേക്ക് വലിച്ചെടുക്കുകയും പിന്നീട് ഒരു കത്തിയുപയോ​ഗിച്ച് ശ്രദ്ധാപൂർവം അതിനെ വലക്കുരുക്കഴിച്ച് സ്വതന്ത്രമാക്കുകയുമാണ് യുവാവ് ചെയ്യുന്നത്. വല കുടുങ്ങിയതിനെ തുടർന്ന് വളരെ കഷ്ടത്തിലായിരുന്നു അതിന്റെ അവസ്ഥ എന്ന് വീഡിയോ കാണുമ്പോൾ തന്നെ മനസിലാവും. 

ഒടുവിൽ ഓരോ ഭാ​ഗത്ത് നിന്നും സൂക്ഷ്മമായി വലയഴിച്ച് മാറ്റി പൂർണമായും സ്വതന്ത്രമായ കടലാമയെ കടലിലേക്ക് തന്നെ വിടുന്നതും വീഡിയോയിൽ കാണാം. 

Scroll to load tweet…

വളരെ പെട്ടെന്നാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടത്. പലരും ഈ വീഡിയോ ഷെയർ ചെയ്തതിന് സുപ്രിയ സാഹു ഐഎഎസ്സിനോട് നന്ദി അറിയിച്ചു.