ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുമ്പോൾ യുവാവ് വിൻഡോയിൽ കൂടി ഒരു യുവതിയെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം.
ഡൽഹിയിലെ സാകേത് ജെ ബ്ലോക്കിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്. തിരക്കേറിയ റോഡിൽ ഓടുന്ന കാറിന്റെ റൂഫിൽ കയറി ഒരു യുവാവ് നടത്തുന്ന സാഹസിക പ്രകടനങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സമീപത്തു കൂടി പോവുകയായിരുന്ന മറ്റൊരു വാഹനത്തിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. വീഡിയോയിൽ, അപകടസാധ്യതയേറെയായിട്ടും അതൊന്നും തന്നെ ഗൗനിക്കാതെ യുവാവ് കാറിന്റെ റൂഫിൽ കയറിയിരിക്കുന്നത് കാണാം.
ട്രാഫിക് സിഗ്നലിൽ വണ്ടി നിർത്തിയിട്ടിരിക്കുമ്പോൾ യുവാവ് വിൻഡോയിൽ കൂടി ഒരു യുവതിയെ ചുംബിക്കുന്നതും വീഡിയോയിൽ കാണാം. മാത്രമല്ല, ചുറ്റുമുള്ള ആളുകളെ നോക്കി കൈവീശുകയും ചെയ്യുന്നുണ്ട്. യുവതി വീണ്ടും വിൻഡോയിലൂടെ തല വെളിയിലിടുകയും യുവാവ് വീണ്ടും അവളെ ചുംബിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
''ഇവൻ ഇങ്ങനെ മരിച്ചാൽ ആരെങ്കിലും സങ്കടപ്പെടുമോ? അവന്റെ മാതാപിതാക്കൾ കരഞ്ഞുകൊണ്ട് പറയും, 'നമ്മുടെ സോനു വിവാഹം പോലും കഴിച്ചിട്ടില്ല.' സോനു ഇവിടെ വിഡ്ഢിത്തം കാണിച്ചുകൊണ്ട് നടക്കുകയാണ്, അവന്റെ മാതാപിതാക്കൾ അത് കാണുന്നില്ല. എന്തൊക്കെയാണ് ഈ കാണിക്കുന്നത്. ഞങ്ങൾക്ക് ഇത്തരത്തിലുള്ള സ്വാതന്ത്ര്യമൊന്നും ഇല്ല. എനിക്ക് 30 വയസ്സായി, പക്ഷേ രാത്രി 8 മണിക്ക് വീട്ടിലെത്തിയില്ലെങ്കിൽ, ഞാൻ എവിടെയാണെന്ന് ചോദിച്ചുകൊണ്ട് എനിക്ക് ഫോൺ വരും. ജീവിതത്തിൽ എപ്പോഴും പ്രാക്ടിക്കലായിരിക്കുക. അവന് അത്രയൊന്നും പ്രായമില്ല, ഒരുപക്ഷേ 20–21 വയസ് വരും. അവൻ മരിച്ചാൽ, അവന്റെ കുടുംബം കരഞ്ഞുകൊണ്ടേയിരിക്കും. അവൻ താഴെ വീഴുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' എന്നാണ് വീഡിയോ പകർത്തുന്നയാൾ പറയുന്നത്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം പ്രവൃത്തികൾക്കെതിരെ പൊലീസ് കടുത്ത നടപടി തന്നെ സ്വീകരിക്കണം എന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.പിന്നീട്, പൊലീസ് വീഡിയോ ഷെയർ ചെയ്യുകയും യുവാവിനെതിരെ നടപടിയെടുത്തിട്ടുണ്ട് എന്ന് പറയുകയും ചെയ്തു.


