തെലങ്കാനയിലെ നാഗർ കർണൂലിൽ ഒരു ഓട്ടോറിക്ഷയിൽ 23 സ്കൂൾ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയത് പോലീസ് പിടികൂടി. ട്രാഫിക് എസ്ഐ കല്യാൺ വാഹനം പിടിച്ചെടുക്കുകയും കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു. 

വിദ്യാര്‍ത്ഥികളുടെ സ്കൂൾ യാത്രയ്ക്ക് ഇന്നും കാര്യമായ ശമനമൊന്നുമില്ല. സ്വകാര്യ, പൊതു വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കുത്തി നിറച്ച് കൊണ്ട് പോകരുതെന്നും അതിനായി സ്കൂളിന് വാകടയ്ക്കോ സ്വന്തമായ ബസ് സൗകര്യം വേണമെന്നും നിയമുണ്ടെങ്കിലും പലപ്പോഴും അതൊന്നും പാലിക്കപ്പെടാറില്ല. പോലീസോ പൊതുജനമോ അതൊന്നും അത്ര കാര്യമാക്കാറുമില്ല. എന്നാല്‍, നിയമം കർശനമാക്കാത്തപ്പോൾ അതൊരു ഒഴികഴിവായി എടുക്കുന്നവരും കുറവല്ല. അത്തരമൊരു വീ‍ഡിയോയില്‍ ഒരു ഓട്ടോ റിക്ഷയിൽ നിന്നും ഇറങ്ങി വന്നത് ഒരു സ്കൂളിലെ 23 കുട്ടികൾ!

ശ്വാസം വിടാന്‍ പോലും പറ്റാതെ കുട്ടികൾ

ഓട്ടോയില്‍ ശ്വാസം വിടാന്‍ പോലും ഇടമില്ലാത്ത വിധത്തിലായിരുന്നു കുട്ടികളെ കുത്തി നിറച്ച് കൊണ്ട് പോയിരുന്നത്. വാഹനത്തിലേക്ക് കുട്ടിയെ കൈ പിടിച്ച് കയറ്റിയ മാതാപിതാക്കളോ ഡ്രൈവറോ വാഹനത്തിലെ കുട്ടികൾക്ക് ഒരു പരിഗണനയും നല്‍കിയില്ലെന്നതിന് പ്രത്യക്ഷ ഉദാഹരണമായിരുന്നു ആ 23 കുട്ടികളും. സംഭവം നടന്നത് തെലങ്കാനയിലെ നാഗർ കുർനൂലിലാണ്. അമിതഭാരം കയറ്റിയ വാഹനം ഗുരുതരമായ അപകടസാധ്യതയാണ് സൃഷ്ടിച്ചത്. 

Scroll to load tweet…

ട്രാഫിക് സബ് ഇൻസ്പെക്ടർ കല്യാൺ ഇടപെട്ട് ഓട്ടോ പിടിച്ചെടുക്കുകയും അപകടം ഒഴിവാക്കുകയും ചെയ്തു. കുട്ടികളെ പിന്നീട് മറ്റ് രണ്ട് വാഹനങ്ങളിൽ സുരക്ഷിതമായി വീട്ടിലേക്ക് അയച്ചു, അതേസമയം കുട്ടികളുടെ ജീവൻ അപകടത്തിലാക്കിയതിന് കർശന നടപടിയെടുക്കുമെന്ന് ഓട്ടോ ഡ്രൈവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ റോഡ് സുരക്ഷയെയും സ്കൂൾ ഗതാഗതത്തെയും കുറിച്ച് വ്യാപകമായ ആശങ്കയും ഉയർന്നു.

പ്രതികരണം

അമിത ഭാരം കയറ്റിയ ഓട്ടോ ഡ്രൈവറെ ശിക്ഷിക്കണമെന്ന് നിരവധി പേര്‍ ആവശ്യപ്പെട്ടു. അതേസമയം ഓട്ടോ ഡ്രൈവര്‍മാത്രമല്ല കുറ്റക്കാരനെന്നും അയാളെ അതിന് പ്രേരിപ്പിച്ച മാതാപിതാക്കളും ഗതാഗത സൗകര്യമൊരുക്കാത്ത സ്കൂൾ അധികൃതരും ഇതെല്ലാം കൃത്യമായി പരിശോധിക്കാത്ത സര്‍ക്കാരും കുറ്റക്കാരാണെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. ഓട്ടോ ഡ്രൈവ‍ർ അയാളുടെ ആവശ്യം നിറവേറ്റാനായി കൂടുതല്‍ കുട്ടികളെ കയറ്റിയതായിരിക്കാം. പക്ഷേ. അതിന് അയാളെ നിർബന്ധിച്ച മറ്റ് കുറ്റവാളികൾ ഇതിനിടെ രക്ഷപ്പെടുകയും ഓട്ടോ റിക്ഷാ ഡ്രൈവറെ കാറ്റക്കാരനാക്കുകയും ചെയ്യുന്നെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ, സ്കൂൾ ഗതാഗതം, കുടുംബങ്ങൾക്കുമേലുള്ള സാമൂഹിക-സാമ്പത്തിക സമ്മർദ്ദങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് നാഗർ കർണൂൽ സംഭവം വീണ്ടും തിരികൊളുത്തി.