നദിയുടെ നടുവിലുള്ള ഒരു പാറയിൽ കയറി നിന്ന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് കാൽവഴുതി ഇയാൾ നദിയിലേക്ക് വീണത്.

സമീപകാലത്തായി വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന അപകടങ്ങളിൽ ഏറിയ പങ്കും സെൽഫി എടുക്കാനോ റീൽ ചിത്രീകരിക്കാനോ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ സംഭവിക്കുന്നതാണ്. സ്വന്തം ജീവൻ അപകടത്തിലാക്കി കൊണ്ടുള്ള ഇത്തരം ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആളുകൾ ജാഗ്രത പുലർത്തണമെന്നും നിരവധി നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും നൽകപ്പെടുന്നുണ്ടെങ്കിലും ഇപ്പോഴും സെൽഫി- റീൽ ഭ്രമങ്ങളിൽ മുഴുകി പോയവർ അതൊന്നും കാര്യമാക്കുന്നേ ഇല്ല എന്നതാണ് സത്യം. 

കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ഒരു വിനോദസഞ്ചാരി അപകടത്തിൽപ്പെട്ടത് ഹിമാചൽ പ്രദേശിലെ നദീതീരത്ത് വെച്ച് സെൽഫി എടുക്കാൻ ഉള്ള ശ്രമത്തിനിടയിലാണ്. അപകടകരമായ വിധം സെൽഫിക്ക് ശ്രമിച്ച ഇവർ കാൽവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാർവതി നദീതീരത്താണ് ഈ സംഭവം നടന്നത്. നദിയുടെ നടുവിലുള്ള ഒരു പാറയിൽ കയറി നിന്ന് സെൽഫി എടുക്കാനുള്ള ശ്രമത്തിനിടെയാണ് കാൽവഴുതി ഇയാൾ നദിയിലേക്ക് വീണത്. ഇയാൾക്ക് നീന്താൻ അറിയാമായിരുന്നുവെങ്കിലും നദിയിലെ വെള്ളത്തിന്റെ തണുപ്പും ശക്തമായ ഒഴുക്കും തരണം ചെയ്യാനാകാതെ ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു. ഭാഗ്യവശാൽ ഇയാൾക്ക് ഒരു പാറയിൽ പിടുത്തം കിട്ടുകയും ആ സമയം പ്രദേശത്തുണ്ടായിരുന്ന മറ്റൊരു വ്യക്തി ഇത് കാണുകയും ചെയ്തതിനാൽ രക്ഷപ്പെടുത്താനായി.

ഇവിടെയെത്തുന്ന വിനോദസഞ്ചാരികളിൽ ഭൂരിഭാഗം ആളുകളും നദീതീരങ്ങളിൽ നിന്ന് സെൽഫി എടുക്കാൻ താല്പര്യം പ്രകടിപ്പിക്കാറുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. സഞ്ചാരികളുടെ ഇത്തരം അപകടകരമായ ശ്രമങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും നാട്ടുകാർ പറയുന്നു. തീരത്തുനിന്ന് നോക്കുമ്പോൾ ശാന്തമായി ഒഴുകുന്ന നദിയായി തോന്നുമെങ്കിലും വെള്ളത്തിൽ വീണുപോയാൽ ഒഴുക്കിനെ അതിജീവിക്കാൻ ആകില്ല എന്നാണ് സമീപ വർഷങ്ങളിൽ നിരവധി അപകടങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു പ്രാദേശിക ഹോട്ടൽ ഉടമ സാക്ഷ്യപ്പെടുത്തുന്നത്. 

Scroll to load tweet…

ചൂടു കൂടുമ്പോൾ ഹിമാലയത്തിലെ മഞ്ഞുരുകുന്നതാണ് പാർവതി, ബിയാസ്, ചന്ദ്രഭാഗ തുടങ്ങിയ നദികളിലെ ജലനിരപ്പ് ഉയരൻ കാരണം. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾക്ക് കൃത്യമായ മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും ആരും അത് കാര്യമായി എടുക്കാറില്ല എന്നാണ് ഉദ്യോഗസ്ഥരും വെളിപ്പെടുത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം