Asianet News MalayalamAsianet News Malayalam

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം; പട്ടാപ്പകൽ റെസ്റ്റോറന്റിൽ ഹെൽമറ്റ് ധരിച്ചെത്തി യുവാവ്, മാല പൊട്ടിച്ചോടി

തൊട്ടടുത്ത ടേബിളിൽ കുറച്ച് യുവതികൾ ഭക്ഷണം കഴിക്കുന്നതും കാണാം. കുറേനേരം ഇയാൾ അതിനടുത്ത് തന്നെ നിന്നു. അയാൾ‌ മൊബൈലിലും നോക്കുന്നത് കാണാം. എന്നാൽ, അയാൾ മാല പൊട്ടിക്കാൻ ഒരവസരം കാത്ത് നിൽക്കുകയായിരുന്നു എന്ന് ബാക്കി ദൃശ്യങ്ങൾ കൂടി കാണുമ്പോഴാണ് മനസിലാവുക. 

man snatch womans chain in restaurant shocking CCTV footage went viral
Author
First Published Jun 10, 2024, 3:36 PM IST

കള്ളന്മാർ പലരൂപത്തിൽ പ്രത്യക്ഷപ്പെടും, കണ്ണടച്ച് തുറക്കും മുമ്പ് ലക്ഷ്യം വച്ചതും തട്ടിയെടുത്ത് പോയിട്ടുമുണ്ടാകും. മിക്കയിടങ്ങളിലും ഇന്ന് മാല പൊട്ടിക്കൽ പതിവാണ്. അതിനിടയിൽ ആളുകളെ പരിക്കേൽപ്പിക്കാനും കള്ളന്മാർക്ക് യാതൊരു മടിയുമില്ല. നിരന്തരം മാലമോഷണങ്ങളുടെ വാർത്തകൾ നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലെ, ഞെട്ടിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

പട്ടാപ്പകൽ ഒരു റെസ്റ്റോറന്റിനകത്ത് വച്ചാണ് ഒരാൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചെടുത്ത് ഓടിയത്. ഹരിയാനയിലെ പാനിപ്പത്തിലെ തഹ്‌സീൽ ക്യാമ്പ് റോഡിലെ ഒരു റെസ്റ്റോറന്റിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ വൈറലാവുകയാണ്. നിറയെ ആളുകളുള്ള ഒരു റെസ്റ്റോറന്റിൽ പോലും പട്ടാപ്പകൽ ഇങ്ങനെയൊരു മോഷണം നടന്നത് ആളുകളെ ശരിക്കും ഞെട്ടിച്ചിരിക്കയാണ്. 

വീഡിയോയിൽ ഒരാൾ ഹെൽമറ്റും ധരിച്ച് ഒരു ടേബിളിനടുത്ത് നിൽക്കുന്നത് കാണാം. കൗണ്ടറിനടുത്ത് ഭക്ഷണം വരാൻ കാത്ത് നിൽക്കുന്ന ഒരു ഫുഡ് ഡെലിവറി ഏജന്റിനെ പോലെയാണ് ഇയാൾ പെരുമാറുന്നത്. തൊട്ടടുത്ത ടേബിളിൽ കുറച്ച് യുവതികൾ ഭക്ഷണം കഴിക്കുന്നതും കാണാം. കുറേനേരം ഇയാൾ അതിനടുത്ത് തന്നെ നിന്നു. അയാൾ‌ മൊബൈലിലും നോക്കുന്നത് കാണാം. എന്നാൽ, അയാൾ മാല പൊട്ടിക്കാൻ ഒരവസരം കാത്ത് നിൽക്കുകയായിരുന്നു എന്ന് ബാക്കി ദൃശ്യങ്ങൾ കൂടി കാണുമ്പോഴാണ് മനസിലാവുക. 

 

പെട്ടെന്നൊരു നിമിഷത്തിൽ ഇയാൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്നതും പുറത്തേക്ക് ഓടിപ്പോകുന്നതും കാണാം. യുവതികൾ എന്ത് സംഭവിച്ചു എന്ന ഷോക്കോടെ നിൽക്കുന്നത് കാണാം. ഒരു യുവതി അയാൾക്ക് പിന്നാലെ ഓടുന്നുണ്ട്. അടുക്കളയിൽ നിന്നും ഹോട്ടലിലെ ജീവനക്കാരും പുറത്തേക്ക് ഓടുന്നത് കാണാം. മാല മോഷ്ടിച്ചയാളെ കിട്ടിയോ എന്നത് വ്യക്തമല്ല. 

വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. എവിടെപ്പോയാലും സൂക്ഷിക്കുക എന്നാണ് മിക്കവരും കമന്റ് ചെയ്തത്. ഒരാൾ കമന്റ് ചെയ്തത്, ഹെൽമെറ്റ് ധരിച്ചവരെ റെസ്റ്റോറന്റിൽ കണ്ടാൽ സൂക്ഷിക്കുക എന്നാണ്.

Latest Videos
Follow Us:
Download App:
  • android
  • ios