ഓസ്‌ട്രേലിയയില്‍ വെച്ച് അതീവ വിഷമുള്ള ഒലീവ് സീ സ്നേക്ക് എന്ന കടൽപ്പാമ്പിനെ ഒരു യുവാവ് തലോടുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 

അതീവ മാരക വിഷമുള്ള കടൽപ്പാമ്പിനെ യാതൊരു ഭയവുമില്ലാതെ കൈകൊണ്ട് തൊടുന്ന ഒരു യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. ഓസ്‌ട്രേലിയൻ തീരത്ത് നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ഐസക് ഫെനെച്ച് എന്ന യൂസറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ബോട്ടിലിരിക്കുകയായിരുന്നു യുവാവ്. ഈ സമയത്താണ് ബോട്ടിന് അരികിലൂടെ വരികയായിരുന്ന ഒലീവ് സീ സ്നേക്ക് എന്ന വർഗ്ഗത്തിൽപ്പെട്ട പാമ്പിനെ ഇയാൾ കയ്യിലെടുക്കാൻ ശ്രമിക്കുകയും അതിനെ താലോലിക്കുകയും ചെയ്തത്. പാമ്പ് തൊടാൻ വളരെ സോഫ്റ്റാണെന്ന് യുവാവ് പറയുന്നതും വീഡിയോയിൽ കേൾക്കാം. എന്നാൽ, തൊട്ടതിന് പിന്നാലെ പാമ്പ് ചീറ്റാൻ തുടങ്ങിയതോടെ യുവാവ് കൈ പിൻവലിച്ചു. തുടർന്ന് പാമ്പ് കടലിലേക്ക് നീന്തിപ്പോയി.

വീഡിയോ വൈറലായി മാറിയതോടെ യുവാവ് ചെയ്തതിന്റെ അപകടത്തെ കുറിച്ചാണ് ആളുകൾ ചർച്ച ചെയ്യുന്നത്. സ്വന്തം ജീവൻ പോലും അപകടത്തിലാക്കുന്ന കാര്യമാണ് യുവാവ് ചെയ്തത് എന്നാണ് നെറ്റിസൺസ് വിമർശിച്ചത്. ഒരേസമയം അപകടകാരിയും അതേസമയം ക്യൂട്ടായതുമായ ഒരു ജീവിയാണ് ഈ പാമ്പ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാലും എന്തിനാണ് ഈ പാമ്പിനെ യുവാവ് തൊടാൻ പോയത് എന്തിനാണ് എന്നും അനേകംപേര്‍ വീഡിയോയ്ക്ക് താഴെ ചോദിച്ചിട്ടുണ്ട് .

View post on Instagram

ഒലീവ് സീ സ്നേക്ക്

കടൽപ്പാമ്പുകളിൽ വെച്ച് ഏറ്റവും മാരകമായ വിഷമുള്ള ഇനങ്ങളിൽ ഒന്നാണിത്. സാധാരണഗതിയിൽ ഇവ ആക്രമണകാരികളല്ല. സ്വയം അപകടം തോന്നുകയോ ആരെങ്കിലും ഉപദ്രവിക്കുകയോ ചെയ്താലാണ് ഇവ പ്രത്യാക്രമണം നടത്താൻ സാധ്യത. ഇവയുടെ വിഷം മനുഷ്യശരീരത്തിൽ എത്തിയാൽ ഉടൻ ചികിത്സ തേടണം.