അതിൽ ഒരാൾ സിംഹത്തിനെ അടച്ചിരിക്കുന്ന കൂട്ടിനകത്തേക്ക് തന്റെ കയ്യിടുകയായിരുന്നു. അതോടെ കൈവിരൽ സിംഹത്തിന്റെ വായക്കുള്ളിലായി.

മൃ​ഗശാല സന്ദർശിക്കാൻ പോകുമ്പോൾ അവിടെ പല നിയമങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകും. അത് പാലിക്കുക എന്നത് സന്ദർശകരുടെ കടമയുമാണ്. അതിൽ മൃ​ഗങ്ങൾക്ക് തീറ്റ കൊടുക്കരുത്, അവയെ പ്രകോപിപ്പിക്കരുത്, കൂട്ടിനകത്തേക്ക് കയ്യിടരുത് എന്നിവയെല്ലാം പെടുന്നു. എന്നാൽ, ചില സന്ദർശകർ എത്ര തന്നെ നിർദ്ദേശങ്ങളുണ്ടായാലും അതൊന്നും പാലിക്കണം എന്നില്ല. അതുപോലെ തന്നെയാണ് എവിടെ കൂട്ടിലടച്ച മൃ​ഗങ്ങളെ കണ്ടാലും, ഇക്കൂട്ടർ എന്തെങ്കിലും മണ്ടത്തരം കാണിക്കും. അങ്ങനെ അപകടങ്ങളും വിളിച്ച് വരുത്തും. അതുപോലെ ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

അതിൽ ഒരാൾ സിംഹത്തിനെ അടച്ചിരിക്കുന്ന കൂട്ടിനകത്തേക്ക് തന്റെ കയ്യിടുകയായിരുന്നു. അതോടെ കൈവിരൽ സിംഹത്തിന്റെ വായക്കുള്ളിലായി. കഴിഞ്ഞ മാസമാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അതിൽ ഒരാളുടെ കൈ സിംഹത്തിന്റെ കൂട്ടിൽ അകപ്പെട്ടിരിക്കുന്നത് കാണാം. അയാളുടെ കൈവിരൽ സിംഹത്തിന്റെ വായക്കുള്ളിലാണ്. എത്ര തന്നെ കഷ്ടപ്പെട്ടിട്ടും അയാൾക്ക് ആ വിരൽ വലിച്ചെടുക്കാൻ സാധിക്കുന്നില്ല. അയാൾ സിംഹത്തിന്റെ വായിൽ നിന്നും പിടി വിടുവിക്കാൻ തന്നെ കൊണ്ട് കഴിയുന്നത് പോലെ എല്ലാം കഷ്ടപ്പെടുന്നുണ്ട് എന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. 

View post on Instagram

വീഡിയോയ്ക്ക് പലരും കമന്റുകളുമായി എത്തി. വീഡിയോ എടുക്കുന്നയാൾ എന്തുകൊണ്ടാണ് അയാളെ സഹായിക്കാത്തത്? ഇറച്ചി ഇട്ട് കൊടുത്താൽ സിംഹം അയാളുടെ കയ്യിൽ നിന്നുള്ള പിടി വിട്ട് അങ്ങോട്ട് പോയ്ക്കോളുമല്ലോ എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറയുന്നത്, സിംഹം വെറുതെ കളിക്കുന്നതാണ് എന്നാണ്. ആ വിരൽ കടിച്ചെടുക്കണം എന്നുണ്ടായിരുന്നു എങ്കിൽ നിമിഷങ്ങൾക്കുള്ളിൽ സിംഹം അത് ചെയ്തേനെ എന്നും ഇയാൾ പറഞ്ഞു. ‌‌അതേ സമയം ഇത് വളരെ അപകടം പിടിച്ച കാര്യമായിപ്പോയി ആ മനുഷ്യൻ ചെയ്തത് എന്ന് പറഞ്ഞവരും കുറവല്ല.