സമ്മിശ്ര പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിച്ചത്. ചിലർ അങ്ങേയറ്റം ഭയം പ്രകടിപ്പിച്ചു, ഈ കാഴ്ച നേരിൽ കണ്ടാൽ താൻ ബോധരഹിതനാകുമെന്ന് ഒരാൾ കുറിച്ചു.

ഒരു സോഷ്യൽ മീഡിയ യൂസർ തൻ്റെ ബാലിയിലേക്കുള്ള യാത്രയ്ക്കിടയിൽ കണ്ട ഒരു കാഴ്ച കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുണ്ടായി. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത്. വൈദ്യുതി കമ്പിയിൽ വലകെട്ടി യഥേഷ്ടം വിഹരിക്കുന്ന ഒരു വലിയകൂട്ടം ചിലന്തികളായിരുന്നു ഈ വീഡിയോയിൽ. ചിലന്തി കോളനി എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ വീഡിയോയിലെ കാഴ്ചകൾ നെറ്റിസൺസ് ഏറെ കൗതുകത്തോടെയാണ് ഏറ്റെടുത്തത്. 

​ഗ്രേസസ് അഡ്വഞ്ചർ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ഈ കാഴ്ച പങ്കുവെച്ചത്. ബാലിയിൽ കണ്ട അസ്വസ്ഥമായ കാഴ്ച ഇതാണ് എന്ന കുറിപ്പോടെയാണ് ഇവർ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വൈദ്യുതി കമ്പികൾക്കിടയിലും പരിസരത്തെ മരങ്ങളിലുമായി വലവിരിച്ച് കൂട് കൂട്ടിയിരിക്കുന്ന നൂറുകണക്കിന് ചിലന്തികളെയാണ് കാണാൻ കഴിയുക. ചിലന്തികളുടെ വലിപ്പം ഭയപ്പെടുത്തുന്നതാണ്, 
അത് കാഴ്ചക്കാരെ അസ്വസ്ഥരാക്കുന്നു. വീഡിയോയിലെ അടിക്കുറിപ്പിൽ, ഉബുദിൽ നിന്ന് ബത്തൂർ മൗണ്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കണ്ട കാഴ്ചയാണിതെന്ന് പറയുന്നുണ്ട്. ഇരുപത് മീറ്ററോളം ഈ ചിലന്തികോളനി നീണ്ടു കിടക്കുന്നതായും പോസ്റ്റിൽ പറയുന്നുണ്ട്.

വീഡിയോ ക്ലിപ്പ് 51 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടു കഴി‍ഞ്ഞത്. ഉപയോക്താക്കളിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾ ആണ് വീഡിയോയ്ക്ക് ലഭിച്ചത്. ചിലർ അങ്ങേയറ്റം ഭയം പ്രകടിപ്പിച്ചു, ഈ കാഴ്ച നേരിൽ കണ്ടാൽ താൻ ബോധരഹിതനാകുമെന്ന് ഒരാൾ കുറിച്ചു. എന്നാൽ, മറ്റു ചിലർ ചിലന്തികൾക്ക് ഭയപ്പെടുത്തുന്ന രൂപമുണ്ടെങ്കിലും അവ പൊതുവെ നിരുപദ്രവകരമാണെന്ന് അഭിപ്രായപ്പെട്ടു. ചിലന്തികളോടുള്ള വ്യാപകമായ ഭയത്തെ ഒരു ഉപയോക്താവ് വിമർശിച്ചു, അവയെ ഉറുമ്പുകളോട് ഉപമിക്കുകയും അത്തരം ജീവികളോടുള്ള ഭയം അനാവശ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

View post on Instagram

മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, എല്ലാ ചിലന്തികളും കടിക്കുന്നത് സാധാരണയായി അപകടകരമല്ല, ചിലന്തി കടിച്ചാൽ ചർമ്മത്തിൽ ചുവപ്പ്, വേദന, നീർവീക്കം എന്നിവയ്ക്ക് കാരണമാകുമെങ്കിലും, ഏതാനും ചിലന്തി സ്പീഷീസുകൾക്ക് മാത്രമേ നീളമുള്ള കൊമ്പുകളും മനുഷ്യൻ്റെ ചർമ്മത്തിൽ തുളച്ചുകയറാൻ കഴിവുള്ള ശക്തമായ വിഷവും ഉള്ളൂ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം