പഠനഭാരം താങ്ങാനാവാതെ പുലര്‍ച്ചെ രണ്ട് മണിക്ക് അച്ഛനെ വിളിച്ച് സങ്കടം പറയുന്ന മകള്‍. ആശ്വസിപ്പിച്ചും കരുത്തു പകര്‍ന്നും അച്ഛന്‍റെ മറുപടി. വീഡിയോ വൈറല്‍. 

നമ്മെ മനസിലാക്കാൻ സാധിക്കുന്ന മാതാപിതാക്കൾ ഏതൊരു മക്കളുടെയും ഏറ്റവും വലിയ ആ​ഗ്രഹങ്ങളിൽ ഒന്നായിരിക്കും. ഈ വീഡിയോയിൽ കാണുന്നത് അങ്ങനെയൊരു ഭാ​ഗ്യം കിട്ടിയ മകളെയാണ്. മെഡിസിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഒരു പെൺകുട്ടി ഷെയർ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പുലർച്ചെ രണ്ട് മണിക്ക് പഠനത്തിന്റെ സമ്മർദ്ദം കൊണ്ട് ആകെ തകർന്ന് അച്ഛനെ വിളിക്കുന്ന പെൺകുട്ടിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. എന്നാൽ, അച്ഛൻ പറയുന്ന മറുപടിയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധയാകർഷിച്ചത്.

കരഞ്ഞുകൊണ്ടാണ് പെൺകുട്ടി അച്ഛനെ വിളിക്കുന്നത്. എന്നാൽ, അച്ഛൻ അവൾക്ക് തന്റെ വാക്കുകളിലൂടെ ആശ്വാസമേകുകയും ആത്മവിശ്വാസം പകരുകയും ചെയ്യുന്നു. മെഡിക്കൽ രം​ഗത്തേക്ക് കടക്കണമെന്നാണ് പെൺകുട്ടിയുടെ ആ​ഗ്രഹമെങ്കിലും ആ വഴി കഠിനമേറിയതായതിനാലാവാം അവൾ തകർന്നു പോകുന്നത്. എന്നാൽ, അച്ഛൻ പറയുന്നത്, അവളുടെ ഭാവി ഒരേയൊരു പ്രൊഫഷണലിൽ കേന്ദ്രീകരിച്ചാവണമെന്നില്ല എന്നാണ്. 'നീയൊരു ഡോക്ടറായാലേ ജീവിതത്തിൽ വിജയിക്കൂ എന്ന് കരുതേണ്ടതില്ല' എന്ന് അച്ഛൻ മകളോട് പറയുന്നു.

അവൾക്ക് അത്രയൊന്നും പ്രായമായിട്ടില്ലെന്നും അത്രയധികം സമ്മർദ്ദം തോന്നുന്നുണ്ടെങ്കിൽ ഇന്നിനി രാത്രി പഠിക്കേണ്ടതില്ല എന്നും അച്ഛൻ മകളോട് പറയുന്നുണ്ട്. ഇത്തരം സമ്മർദ്ദം നിറഞ്ഞ നിമിഷത്തിലേക്ക് വിദ്യാർത്ഥികൾ എത്താറുണ്ട് എന്നും അച്ഛൻ സമ്മതിക്കുന്നു. നീ വളരെ ചെറുപ്പമാണ് എന്ന് മകളെ ഓർമ്മിപ്പിക്കാനും അച്ഛൻ മറക്കുന്നില്ല. 'പുലർച്ചെ രണ്ട് മണിക്ക് അച്ഛനെ വിളിക്കുമ്പോൾ, തനിക്ക് പ്രചോദനമായി അച്ഛൻ എപ്പോഴും ഉണ്ടായിരുന്നു' എന്നും വീഡിയോയിൽ കുറിച്ചിരിക്കുന്നത് കാണാം.

Scroll to load tweet…

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. ഇങ്ങനെയായിരിക്കണം ഒരച്ഛൻ എന്ന് പലരും അഭിപ്രായപ്പെട്ടു. ഇങ്ങനെയാണ് നാം മക്കളുടെ മോശം സമയങ്ങളിൽ അവർക്കൊപ്പം നിൽക്കുകയും കരുത്തായി മാറുകയും ചെയ്യുന്നത് എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.