കാൺപൂരിൽ നിന്ന് ലഖ്‌നൗവിലെ ബഹുരാഷ്ട്ര കമ്പനിയിലേക്ക് ദിവസവും 200 കിലോമീറ്റർ യാത്ര ചെയ്തിരുന്ന 22-കാരിയായ ഖുഷി ശ്രീവാസ്തവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കാരണമായിരുന്നു ഈ ദുരിതയാത്രകൾ.  

കാൺപൂരിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള തന്‍റെ ബഹുരാഷ്ട്ര കമ്പനിയുടെ ഓഫീസിലേക്ക് ഏതാണ്ട് 200 കിലോമീറ്ററോളം ദൂരം ദിവസവും പോയി വരുന്ന 22 -കാരി ഖുഷി ശ്രീവാസ്തവയുടെ വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ചു. ഖുഷി ശ്രീവാസ്തവ ലഖ്‌നൗവിലെ ഒരു മുൻനിര ബഹുരാഷ്ട്ര കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഏകദേശം അഞ്ച് മാസത്തോളം, ലഖ്‌നൗവിലെത്താനായി ട്രെയിന്‍ അടക്കം പല വാഹനങ്ങളിലായി തനിക്ക് 200 കിലോമീറ്ററോളം ദൂരം സഞ്ചരിക്കേണ്ടിവരുന്നെന്ന് അവർ തന്‍റെ വീഡിയോയില്‍ പറയുന്നു.

200 കിമി യാത്ര

ഒരു വശത്തേക്ക് മാത്രം ഏകദേശം 98-100 കിലോമീറ്റർ യാത്രയാണ് ഖുഷി ശ്രീവാസ്തവ ചെയ്യുന്നത്. ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാനായി ഈ ടെക്കി എല്ലാ ദിവസവും 200 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു, കാൺപൂരിൽ നിന്ന് ലഖ്‌നൗവിലേക്കും തിരിച്ചും. തന്‍റെ ഒരു ദിവസത്തെ യാത്രാ ക്ലേശത്തെ അവരൊരു റീലിലാക്കി തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ അത് വൈറലായി.

2024-ൽ ബിരുദം നേടിയ ശേഷം, ചെന്നൈയിൽ പരിശീലനം പൂർത്തിയാക്കി. പിന്നാലെ കേരളത്തിലേക്ക് നിയമനം കിട്ടി. പക്ഷേ, തനിക്ക് കേരളത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞില്ലെന്നും കുടുംബത്തോടൊപ്പം നിൽക്കേണ്ടിയിരുന്നെന്നും ഖുഷി പറയുന്നു. കാരണം ആ വീടിന്‍റെ ഏക ആശ്രയം അവളായിരുന്നു. അമ്മയ്ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. അമ്മയും മൂത്ത സഹോദരനും അടങ്ങുന്ന അവരുടെ കുടുംബം കാൺപൂരിലായിരുന്നു. അതിനാൽ കമ്പനിയുടെ ലഖ്‌നൗ ഓഫീസിലേക്ക് ശ്രമിച്ചു. 2025 ഫെബ്രുവരിയിൽ സ്ഥലംമാറ്റം കിട്ടി. പക്ഷേ, ദൂരക്കൂടുതലായി പിന്നത്തെ പ്രശ്നം.

View post on Instagram

നീണ്ട യാത്രകൾ

ഖുഷി, ആഴ്ചയിൽ അഞ്ച് ദിവസവും രാവിലെ 5.30 നും 6 നും ഇടയിൽ ഉണരും. എങ്കിൽ മാത്രമേ ലഖ്‌നൗവിലേക്കുള്ള ഇൻറർസിറ്റി എക്‌സ്പ്രസിൽ കയറാന്‍ പറ്റൂ. കാൺപൂരിൽ നിന്ന് എല്ലാ ദിവസവും രാവിലെ 7.30 നാണ് ട്രെയിൻ. പിന്നിടങ്ങോട്ടുള്ള തന്‍റെ യാത്രയുടെ ദൗർഘ്യത്തെ കുറിച്ചും വാഹനങ്ങളെ കുറിച്ചും ഓഫീസിനെ കുറിച്ചും അവൾ വിശദമായി വീഡിയോയില്‍ പറയുന്നു. ഏറ്റവും ഒടുവിലായി വൈകീട്ട് എഴ് മണിയോടെ തിരിച്ച് വീട്ടിലേക്കുള്ള യാത്രയും അവൾ വിശദമാക്കുന്നു. ഒമ്പത് മണിക്കൂർ ഷിഫ്റ്റ് പൂർത്തിയാക്കി വീണ്ടും റെയിൽവേ സ്റ്റേഷനിലേക്ക് എത്തും. പിന്നാലെ കാൺപൂരിലേക്ക് ട്രെയിൻ പിടിക്കും.ഒടുവിൽ 11 മണിയോടെ വീട്ടിലെത്തും. പിറ്റേന്ന് പുലര്‍ച്ചെ വീണ്ടും ജോലിക്കായി യാത്ര തുടരും.

പ്രതിമാസ ട്രെയിൻ യാത്രയ്ക്കായി 300 രൂപയാണ് ഖുഷിക്ക് ചെലവ്. ചാർബാഗിൽ നിന്ന് ഗോമതി നഗറിലേക്കുള്ള ഷെയർ ഓട്ടോയ്ക്ക് പ്രതിദിനം 40 രൂപ വേണം. ഫലത്തിൽ, ഓഫീസിലേക്കുള്ള ഒരു വശത്തേക്കുള്ള യാത്രയ്ക്ക് മാത്രം പ്രതിദിനം ചെലവ് 55 രൂപ. യാത്ര ചെലവ് കുറവാണെങ്കിലും തനിക്ക് ഒന്നിനും സമയമില്ലെന്ന് ഖുഷി പരാതിപ്പെടുന്നു. എല്ലാ ദിവസവും ദീർഘ ദൂരം യാത്ര ചെയ്യുന്നതിനാല്‍ വീ‍ഡിയോകൾ അതിനിടയെലാണ് ഷൂട്ട് ചെയ്യുന്നതെന്നും ഖുഷി പറയുന്നു.

വീട് മാറ്റം

ഒടുവിൽ കഴിഞ്ഞ ജൂണിൽ, ഖുഷി ലഖ്‌നൗവിലേക്ക് മാറാൻ തീരുമാനിച്ചു. ഏറെ ശ്രമത്തിനൊടുവിൽ ചിൻഹട്ടിൽ ഒരു മുറി കണ്ടെത്തി. ഇന്ന് ഖുഷി അമ്മയോടൊപ്പം ലഖ്‌നൗവിലാണ് താമസം. പ്രതിമാസം വാടക മാത്രം ഏകദേശം 4,500 രൂപയാകും. ചെലവ് കൂടുകയും യാത്രാ ദൂരം കുറഞ്ഞതിനാല്‍ താനിന്ന് സന്തോഷവതിയാണെന്ന് ഖുഷി പറയുന്നു. മാത്രമല്ല, ഇപ്പോൾ സമൂഹ മാധ്യമ ഉള്ളടക്കങ്ങളിലൂടെ ചെറിയൊരു അധിക വരുമാനവും ഖുഷിക്ക് ലഭിക്കുന്നു.