വീഡിയോയിൽ കാണുന്നത് ഷീനയുടെ പർപ്പിൾ നിറത്തിലുള്ള മുടി കണ്ട് പൂവാണ് എന്ന് തെറ്റിദ്ധരിച്ച് അതിൽ നിന്നും പൂന്തേൻ കുടിക്കാൻ ശ്രമിക്കുന്ന ഒരു ഹമ്മിങ് ബേഡിനെയാണ്.

വളരെ ക്യൂട്ടായിട്ടുള്ള അനേകം വീഡിയോകൾ ഓരോ ദിവസവും നമ്മുടെ സാമൂഹിക മാധ്യമങ്ങളിൽ നിറയാറുണ്ട് അല്ലേ? മിക്കവർക്കും അത്തരം വീഡിയോകൾ കാണാൻ ഇഷ്ടവുമാണ്. കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും വാർത്തകൾ ദിനംപ്രതി വരുമ്പോൾ ആളുകളെ ഒന്ന് പുഞ്ചിരിപ്പിക്കാൻ കഴിയുന്നത് ഇത്തരം വീഡിയോകൾക്കാണ് എന്നതിൽ സംശയമില്ല. അതുപോലെ ഒരു വീഡിയോ ആണ് ഇതും. സാമൂഹിക മാധ്യമങ്ങളൊന്നാകെ ഹൗ ക്യൂട്ട് എന്ന് പറഞ്ഞൊരു വീഡിയോ. 

വീഡിയോയിൽ ഒരു ഹമ്മിങ് ബേഡാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. സംഭവം നടന്നത് ബ്രസീലിലെ ഫോസ് ഡോ ഇഗ്വാസുവിലെ ഒരു പക്ഷി സങ്കേതത്തിലാണ്. @sheena.ltd എന്ന ടിക്ടോക്ക് യൂസർക്കാണ് ഈ മാസം ആദ്യം ഈ പക്ഷി സങ്കേതം സന്ദർശിച്ചപ്പോൾ വളരെ വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായിരിക്കുന്നത്. അതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. 

അർജന്റീനയിൽ താമസിക്കുന്ന ഒരു കലാകാരിയാണ് ഷീന. അവർ അവിടെ ഒരു ഇമേജ് കൺസൾട്ടന്റായും ജോലി ചെയ്യുന്നു. മൊത്തത്തിൽ ഷീനയെ കണ്ടാലും ഒരു ആർട്ട് വർക്ക് പോലെയുണ്ട് എന്ന് പറയേണ്ടി വരും. ഷീനയുടെ മുടിയാകട്ടെ അതിമനോഹരമായി പർപ്പിൾ നിറത്തിൽ കളർ ചെയ്തിട്ടും ഉണ്ട്. അത് തന്നെയാണ് വീഡിയോയിലെ അനുഭവത്തിന് ആധാരമായി മാറിയതും. 

വീഡിയോയിൽ കാണുന്നത് ഷീനയുടെ പർപ്പിൾ നിറത്തിലുള്ള മുടി കണ്ട് പൂവാണ് എന്ന് തെറ്റിദ്ധരിച്ച് അതിൽ നിന്നും പൂന്തേൻ കുടിക്കാൻ ശ്രമിക്കുന്ന ഒരു ഹമ്മിങ് ബേഡിനെയാണ്. പക്ഷി മുടിയിൽ തേൻ കുടിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഷീന നിർത്താതെ ചിരിക്കുന്നതും കാണാം. വീഡിയോ അതിവേ​ഗം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. നിരവധിപ്പേരാണ് വീഡിയോ വളരെ അധികം ക്യൂട്ടാണ് എന്നും ഷീന ഭാ​ഗ്യവതിയാണ് എന്നും കമന്റ് നൽകിയിരിക്കുന്നത്. 

വീഡിയോ കാണാം: 

View post on Instagram