സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ, മിസോറാമിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യൻ റെയിൽവേ കോച്ച് സ്വയം വൃത്തിയാക്കി സൂക്ഷിക്കുന്നത് കാണാം. തങ്ങളുടെ മാലിന്യങ്ങൾ വലിച്ചെറിയാതെ ബാഗുകളിൽ ശേഖരിക്കുന്ന ഇവരുടെ പൗരബോധം വലിയ പ്രശംസ നേടുകയും പൊതു ശുചിത്വം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന സന്ദേശം നൽകുകയും ചെയ്യുന്നു.
ഇന്ത്യൻ റെയിൽവേയുടെ ശുചിത്വത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പതിവായി വിമർശനങ്ങൾ ഉയരാറുണ്ട്. ഓരോ യാത്രയുടെ തുടക്കത്തിൽ പോലും ട്രെയിൻ കോച്ചുകളിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിഞ്ഞ നിലയിലുള്ള കാഴ്ചകൾ സാധാരണം. എന്നാൽ, ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഒരു സംസ്ഥാനത്തിലേക്കുള്ള ട്രെയിനിലെ യാത്രക്കാർ തങ്ങൾ ഉപേക്ഷിച്ച മാലിന്യം സ്വയം ശേഖരിച്ച് സൂക്ഷിച്ച് വയ്ക്കുന്ന ഒരു വീഡിയോയിരുന്നു അത്. ആ സംസ്ഥാനം എന്തായാലും കേരളമല്ലെന്ന് ഉറപ്പ്. പിന്നെ?
'ഒരു പൊടിപോലുമില്ല കണ്ടെടുത്താൻ'
അത്ഭുതപ്പെടേണ്ട, പരിസര ശുചിത്വത്തിൽ ഇത്രയേറെ ശ്രദ്ധ ചെലുത്തുന്ന മനുഷ്യരുള്ളത് മിസോറാമിലാണ്. കൊൽക്കത്ത–സൈറാങ് ട്രെയിനിൽ യാത്ര ചെയ്ത ഒരാളാണ് ഇപ്പോൾ വൈറലായ വീഡിയോ ചിത്രീകരിച്ച് എക്സിൽ പങ്കുവെച്ചത്. ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ യാത്രയ്ക്കിടെ മുഴുവൻ ബോഗിയും വൃത്തിയായി കിടക്കുന്നു. സീറ്റുകൾക്കിടയിലും ഇടനാഴിയിലും ഒരു മാലിന്യം പോലും കാണാനില്ല. യാത്രക്കാർ ഭക്ഷണപ്പൊതികളും പ്ലാസ്റ്റിക് കവറുകളും മറ്റും കോച്ചിൽ ഉപേക്ഷിക്കാതെ തങ്ങൾ കൊണ്ടുവന്ന ചെറിയ പ്ലാസ്റ്റിക് ബാഗുകളിൽ ശേഖരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഒരു വനിത യാത്രക്കാരിയിൽ നിന്നും താഴെ പോയ ഭക്ഷണാവശിഷ്ടം അവർ ഒരു പ്ലാസ്റ്റിക് കവറിൽ ശേഖരിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ പിന്നീട് വിവിധ സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടു.
'അവർ മിസോറാംകാർ'
ട്രെയിനിലെ ഭൂരിഭാഗം യാത്രക്കാരും മിസോറത്തിൽ നിന്നുള്ളവരായിരുന്നു. പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വ്യക്തിപരമായ ഉത്തരവാദിത്വമാണെന്ന ബോധ്യമാണ് അവരുടെ പെരുമാറ്റത്തിൽ പ്രകടമായതെന്ന് വീഡിയോ ചിത്രീകരിച്ചയാൾ എഴുതി. യാത്രക്കാർ നിശ്ചിത സീറ്റുകളിൽ ശാന്തമായി യാത്ര ചെയ്യുകയും ബോഗിയുടെ ശുചിത്വം സ്വയം ഉറപ്പാക്കുകയും ചെയ്തു.
'യാത്രക്കാരുടെ മനോഭാവമാണ് വിഷയം'
വീഡിയോ വൈറലായതോടെ മിസോറം ജനങ്ങളുടെ പൗരബോധത്തെ പ്രശംസിച്ച് നിരവധി പേരാണ് എഴുതിയത്. “ഇത് അതേ ഇന്ത്യൻ റെയിൽവേയാണെങ്കിലും വ്യത്യാസം യാത്രക്കാരുടെ മനോഭാവത്തിലാണ്” എന്നും “രാജ്യത്തെ എല്ലാവരും ഈ മാതൃക പിന്തുടരണം” എന്നും “പൊതുമുതൽ സ്വന്തം സ്വത്തുപോലെ സംരക്ഷിക്കാനുള്ള സംസ്കാരം വളരേണ്ട സമയം കഴിഞ്ഞു” എന്നു തുടങ്ങിയ കുറിപ്പുകളാണ് കൂടുതലായും എഴുതപ്പെട്ടത്.
ഉത്തരവാദിത്വം പൗരന്‍റേത്
ഇന്ത്യൻ റെയിൽവേലെ 'മാലിന്യ നിക്ഷേപങ്ങൾ' വൈറൽ വീഡിയോകളും വലിയ വാർത്തകളുമാകുന്ന ഇക്കാലത്ത് മിസോറം യാത്രക്കാരുടെ ഈ മാതൃകാപരമായ സമീപനം ഏറെ പേരുടെ അഭിനന്ദനം നേടി. ശുചിത്വം ഉറപ്പാക്കാൻ നിയമങ്ങളും ശിക്ഷകളും മാത്രം മതിയാകില്ലെന്നും, ഓരോ പൗരന്‍റെയും ഉത്തരവാദിത്വബോധമാണ് പൊതുസ്ഥലങ്ങളെ വൃത്തിയായി നിലനിർത്തുന്നതിൽ നിർണായകമെന്ന സന്ദേശം വീഡിയോ മുന്നോട്ട് വച്ചു. മിസോറക്കാരെ ഉൾപ്പെടുത്തി ഇന്ത്യൻ റെയിൽവേ ശുചിത്വ പരസ്യം ചെയ്യണമെന്ന് ചിലർ ആവശ്യപ്പെട്ടു.


