Asianet News MalayalamAsianet News Malayalam

വീടിന് മുന്നിൽ പെൺകുഞ്ഞിനെ ആക്രമിച്ച് കുരങ്ങൻ, 'തട്ടിക്കൊണ്ടുപോകാനും' ശ്രമം, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുരങ്ങിനെ പിടികൂടിയാലുടൻ വന്യമൃഗ സംരക്ഷണ വകുപ്പിന് കൈമാറുമെന്ന് അധികൃതർ സ്ഥിരീകരിച്ചു.

monkey attacking little girl video
Author
China, First Published Apr 23, 2022, 10:03 AM IST

ചൈന(China)യിൽ ഒരു മൂന്നുവയസുള്ള പെൺകു‍‍ഞ്ഞിനെ കാട്ടുകുരങ്ങ്(wild monkey) ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്‍തു. കുഞ്ഞ് വീടിന് പുറത്ത് കളിക്കുകയായിരുന്നു. ഇത് കണ്ട കുരങ്ങൻ പെട്ടെന്ന് അവളുടെ മേൽ പാഞ്ഞുകയറുകയും അവളെ നിലത്തേക്ക് തള്ളിയിടുകയും അതിവേഗം അവളെ വലിച്ചിഴക്കുകയും ചെയ്യുകയായിരുന്നു.

ഭാഗ്യവശാൽ, കുറച്ച് മാറിയുണ്ടായിരുന്ന ഒരാൾ ഓടിവരികയും കുട്ടിയെ കുരങ്ങൻ കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ അതിന്റെ പിടിയിൽ നിന്ന് അവളെ രക്ഷിക്കുകയും ചെയ്തു എന്ന് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇത് മുഴുവൻ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആ സമയം പെൺകുഞ്ഞിന്റെ അമ്മ ലിയു അകത്ത് പാചകം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. 

അയൽക്കാർ പറഞ്ഞപ്പോഴാണ് ലിയു ഈ സംഭവങ്ങളെല്ലാം അറിയുന്നത്. പിന്നീട് അവർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ശേഷം പൊലീസിലും ബന്ധപ്പെട്ട ഡിപാർട്‍മെന്റുകളിലും വിവരമറിയിച്ചു. ഭാഗ്യവശാൽ, പെൺകുട്ടിയുടെ മുഖത്ത് ചില പോറലുകൾ ഉണ്ടായതൊഴിച്ചാൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായില്ല. പെൺകുട്ടിക്ക് ആശുപത്രിയിൽ കൂടുതൽ പരിചരണം നൽകുമെന്നും പ്രതിരോധ കുത്തിവയ്പ്പ് നൽകുമെന്നും ലോക്കൽ പൊലീസ് അറിയിച്ചു.

ഇതേ കുരങ്ങ് തന്നെ നേരത്തെ ​ഗ്രാമത്തിലെ പ്രായമായവരെ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ കുരങ്ങ് ഗ്രാമത്തിലെത്തിയതായും മറ്റ് രണ്ട് ചെറിയ കുരങ്ങുകൾക്കൊപ്പം ഒരു സേന രൂപീകരിച്ചതായും ഒരു പ്രദേശവാസി ജിമു ന്യൂസിനോട് പറഞ്ഞു. കുരങ്ങൻ മുമ്പ് പലതവണ പ്രായമായ ഗ്രാമീണരെ ആക്രമിച്ചിട്ടുണ്ടെങ്കിലും ഒരു കുട്ടിയെ ആക്രമിക്കുന്ന ആദ്യ സംഭവമാണിത്. 

താമസക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കുരങ്ങിനെ പിടികൂടിയാലുടൻ വന്യമൃഗ സംരക്ഷണ വകുപ്പിന് കൈമാറുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. കാട്ടുകുരങ്ങുകളുടെ ആക്രമണം ഇടയ്ക്കിടെ ഉണ്ടാകുന്ന സംഭവങ്ങളാണെന്നും അവ വീണ്ടും മനുഷ്യരെ ആക്രമിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും പ്രാദേശിക വനം വകുപ്പ് മാധ്യമങ്ങളോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios