ഒരുപാടുപേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് മുംബൈ ലോക്കൽ ട്രെയിനിൽ മാത്രം കാണാൻ സാധിക്കുന്ന കാഴ്ചയാണ് എന്നാണ് ചിലരൊക്കെ കമന്റ് നൽകിയിരിക്കുന്നത്.

ജോലിക്ക് പോവുക എന്നാൽ എന്തെങ്കിലും സമ്പാദിക്കുക എന്നത് മാത്രമല്ല അർത്ഥം. അതിന്റെ പ്രാഥമികമായ ലക്ഷ്യം പണമുണ്ടാക്കുക, കരിയർ വളർത്തുക എന്നതൊക്കെയാണെങ്കിൽ കൂടിയും ഒരു ജോലി നമുക്ക് തരുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഓഫീസിലും ജോലിയിലുമൊക്കെ നാം ഉണ്ടാക്കിയെടുക്കുന്ന സൗഹൃദങ്ങൾ തന്നെയാണ് അതിൽ പ്രധാനം. അതുപോലെ, ഓഫീസിലേക്കുള്ള യാത്രയിൽ ബസിലും ട്രെയിനിലും ഒക്കെ വച്ച് പരിചയപ്പെട്ട് സുഹൃത്തുക്കളായിത്തീരുന്നവർ ഒരുപാടുണ്ട്. 

അതുപോലെ, ഒരുമിച്ച് ഒരേ ട്രെയിനിൽ യാത്ര ചെയ്യുന്ന കുറച്ചുപേർ ആ യാത്രയിൽ പരിചയപ്പെട്ട് തങ്ങളുടെ സു​ഹൃത്തായി മാറിയ ഒരാൾക്ക് യാത്രയയപ്പ് നൽകി. വിരമിക്കുന്ന വേളയിലാണ് ചങ്ങാതിക്ക് ഇവർ യാത്രയയപ്പ് നൽകിയത്. മുംബൈയിലെ ഒരു ലോക്കൽ ട്രെയിനിൽ നിന്നാണ് അതിമനോഹരമായ ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 

ജോലിയിൽ നിന്നും വിരമിക്കുന്ന തങ്ങളുടെ സുഹൃത്തിന് എന്നെന്നും ഓർമ്മിക്കാനുള്ള ഒരു ദിവസം തന്നെയാവണം അവർ സമ്മാനിച്ചിരിക്കുന്നത്. അതിനുവേണ്ടി ട്രെയിനിൽ ഹാപ്പി റിട്ടയർമെന്റ് എന്ന് അലങ്കരിച്ചിരിക്കുന്നതും കാണാം. 

ഒരുപാടുപേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് മുംബൈ ലോക്കൽ ട്രെയിനിൽ മാത്രം കാണാൻ സാധിക്കുന്ന കാഴ്ചയാണ് എന്നാണ് ചിലരൊക്കെ കമന്റ് നൽകിയിരിക്കുന്നത്. 'മുംബൈയിലെ ലോക്കൽ ട്രെയിനുകൾ എന്നാൽ വെറും ​ഗതാ​ഗതമാർ​ഗം മാത്രമല്ല. മറിച്ച് ഒരു വികാരമാണ്. എന്തെങ്കിലും ആഘോഷങ്ങളുണ്ടെങ്കിൽ എല്ലാവരും ചേർന്ന് തലേദിവസം ട്രെയിൻ അലങ്കരിക്കുകയും അത് ആഘോഷമാക്കുകയും ചെയ്യുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 

'ആ മനുഷ്യൻ തന്റെ കുടുംബത്തിന്റെ കൂടെ ഇരിക്കുന്നതിനേക്കാൾ സമയം ട്രെയിനിൽ ചെലവഴിച്ചിട്ടുണ്ടാകും' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഇതുപോലെ ഒരുപാട് കമന്റുകളാണ് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.