'വലത്തോട്ട് തിരിയാനല്ലേ പറഞ്ഞതെ'ന്ന് യാത്രക്കാരി, 'പറ്റാത്തതുകൊണ്ടാണെ'ന്ന് ഡ്രൈവർ, വൈറലായി വീഡിയോ
യുവതി അസ്വസ്ഥയായിട്ടാണ് കാണപ്പെടുന്നത്. അവർ വലത്തോട്ട് തിരിയണമെന്ന് ആവർത്തിക്കുന്നുണ്ട്. 'നിങ്ങൾ അനാവശ്യമായി പരിഭ്രമിക്കുകയാണ്, കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്' എന്നുമാണ് ഡ്രൈവർ പറയുന്നത്.

ചിലപ്പോഴെല്ലാം ടാക്സി ഡ്രൈവർമാരും യാത്രക്കാരും തമ്മിൽ ചെറിയ കശപിശകളും വഴക്കുകളും ഒക്കെ ഉണ്ടാവാറുണ്ട്. അങ്ങനെയുള്ള അനേകം വീഡിയോകളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ടാകും. അതുപോലെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു യാത്രക്കാരിയും റാപ്പിഡോ ഡ്രൈവറും തമ്മിലുള്ള സംഭാഷണമാണ്.
ദിശയെ ചൊല്ലിയാണ് ഇരുവരും തമ്മിൽ സംഭാഷണം നടക്കുന്നത്. വീഡിയോയിൽ യാത്രക്കാരി ഡ്രൈവറോട്, 'ഞാൻ നിങ്ങളോട് വലത്തോട്ട് തിരിയാൻ പറയുന്നു, നിങ്ങൾ വെറുതെ ഒച്ചയുണ്ടാക്കുകയാണ്' എന്നാണ് പറയുന്നത്. എന്നാൽ, ഡ്രൈവർ പറയുന്നത്, 'അവിടെ വലതുവശം വഴി പോകാൻ സാധിക്കില്ല. ഞാൻ നിങ്ങളെ നിങ്ങളുടെ ലൊക്കേഷനിൽ എത്തിക്കാം' എന്നാണ്.
എന്നാൽ, യുവതി അസ്വസ്ഥയായിട്ടാണ് കാണപ്പെടുന്നത്. അവർ വലത്തോട്ട് തിരിയണമെന്ന് ആവർത്തിക്കുന്നുണ്ട്. 'നിങ്ങൾ അനാവശ്യമായി പരിഭ്രമിക്കുകയാണ്, കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്' എന്നുമാണ് ഡ്രൈവർ പറയുന്നത്. അപ്പോൾ, 'നിങ്ങളോട് ഞാൻ മെയിൻ റോഡിലേക്ക് വാഹനമെടുക്കാനാണ് പറയുന്നത്' എന്ന് യുവതി പറയുന്നത് കേൾക്കാം.
വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഡ്രൈവർ ശരിയാണ് പറഞ്ഞത് യുവതി വെറുതെ കാര്യങ്ങൾ കുഴപ്പിക്കുകയാണ് എന്ന് നിരവധിപ്പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാൾ മാപ്പ് ഉപയോഗിച്ചാണ് പോകുന്നത്, അതിനാൽ തന്നെ തെറ്റുവരാനുള്ള സാധ്യത കുറവാണ് എന്നും അവിടെ റൈറ്റ് ടേൺ ഇല്ലെങ്കിൽ എങ്ങനെ വലത്തോട്ട് തിരിയും എന്നും നിരവധിപ്പേർ ചോദിച്ചു.
എന്നാൽ, അതേസമയം തന്നെ യുവതിയുടെ ആശങ്ക കാരണമാകാം യുവതി ഇങ്ങനെ പ്രതികരിച്ചത് എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. സമീപകാലത്ത് കേൾക്കുന്ന വാർത്തകൾ ചിലപ്പോൾ യുവതിയെ ഭയപ്പെടുത്തിയതാകാം അല്ലേ?