ഇന്ത്യയിലെ തന്റെ ആദ്യത്തെ രാത്രി ട്രെയിൻ യാത്രയുടെ അനുഭവം പങ്കുവെച്ച് ലോകം ചുറ്റി സഞ്ചരിക്കുന്ന ഒരു വിദേശ വനിത. മോശം അനുഭവമായിരിക്കും എന്ന് കരുതിയാണ് എത്തിയത്. എന്നാല്‍, സംഭവിച്ചത് മറ്റൊന്നായിരുന്നു എന്നാണ് യുവതി പറയുന്നത്. 

ഇന്ത്യയിലെ ട്രെയിനിൽ രാത്രിയിൽ സഞ്ചരിച്ച അനുഭവം പങ്കുവച്ച് ഒരു വിദേശ വനിത. 25 -കാരിയായ ഇനെസ് ഫാരിയ ലോകം ചുറ്റി സഞ്ചരിക്കാൻ വേണ്ടി ജോലി ഉപേക്ഷിച്ച ഒരു ട്രാവൽ വ്ലോ​ഗറാണ്. 'ഒരു സ്ത്രീ എന്ന നിലയിൽ ഇന്ത്യയിലെ ആദ്യത്തെ രാത്രി ട്രെയിൻ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത് ആകെ കുഴപ്പം പിടിച്ച അനുഭവമായിരിക്കും എന്നാണ് ഞാൻ താൻ കരുതിയത്. 'എന്നാൽ, ഇന്ത്യയിലെ ആദ്യത്തെ സ്ലീപ്പർ ട്രെയിൻ അനുഭവം യഥാർത്ഥത്തിൽ വളരെ നല്ല അനുഭവമായിരുന്നു. എല്ലാത്തിനെ കുറിച്ചും കൂടുതൽ ചിന്തിക്കുന്നത് (Over think) നിർത്തുക' എന്നാണ് ഫാരിയ കുറിച്ചിരിക്കുന്നത്.

ട്രെയിനിൽ നല്ല ക്ലീനായ ബെഡ്‍ഷീറ്റും പുതപ്പും നൽകിയിരുന്നതായും പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കാണാം. 'ടോയ്‍ലെറ്റും അത്ര മോശമല്ല, ഇതിനേക്കാൾ മോശമാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ, ട്രെയിൻ വളരെ വൃത്തിയുള്ളതായിരുന്നു. മറ്റ് യാത്രക്കാർ ശാന്തരും നിശബ്ദരുമായിരുന്നു. രാത്രിയിൽ തനിക്ക് നല്ല ഉറക്കം കിട്ടി' എന്നും ഫാരിയ പറയുന്നു. 'അനുഭവം വളരെ നല്ലതും ഞാൻ പ്രതീക്ഷിച്ചതിലും വളരെ മികച്ചതുമായിരുന്നു. കൂടാതെ, ഞാൻ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി' എന്നാണ് ഫാരിയ പറയുന്നത്.

View post on Instagram

നിരവധിപ്പേരാണ് ഫാരിയയുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇന്ത്യയെ കുറിച്ച് നല്ലതു പറഞ്ഞതിന് പലരും ഫാരിയയോട് സ്നേഹം അറിയിച്ചിട്ടുണ്ട്. അതുപോലെ, ഇന്ത്യയിലെ ഭക്ഷണം നല്ലതാണ് എന്നും അത് പരീക്ഷിക്കാൻ മറക്കരുത് എന്നും ഓർമ്മിപ്പിച്ചവരുണ്ട്. 'നല്ല ബജറ്റിൽ ഒരാൾ എന്റെ രാജ്യത്ത് യാത്ര ചെയ്യുന്നത് കാണുന്നതിൽ സന്തോഷം. ലേഡീസ്, നിങ്ങൾക്ക് നല്ല യാത്ര ആശംസിക്കുന്നു. ഇന്ത്യ നിങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്.