തെരുവ് പട്ടികളോട് മാത്രം സ്നേഹം കാണിക്കരുതെന്നും തെരുവില്‍ അലയുന്ന പശുക്കൾ. ആടുകൾ. കുരങ്ങുകൾ, കാളകൾ എന്നിങ്ങനെ എല്ലാ നാല്‍ക്കാലികളോടും സ്നേഹം കാണിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർ. ഹൗസിംഗ് സൊസൈറ്റിയിലെ ഏതാനും ആളുകൾ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് പതിവാക്കിയതോടെ ഇവിടെ തെരുവ് നായകളുടെ ശല്യം വർദ്ധിച്ചതായാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ കന്നുകാലികളെ കൊണ്ടുവന്ന് അവയ്ക്ക് ഭക്ഷണം നൽകിയാണ് ഇക്കാര്യത്തിലുള്ള തങ്ങളുടെ വിയോജിപ്പ് ഇവർ അറിയിച്ചത്. നായ്ക്കൾക്ക് ഭക്ഷണം നൽകാമെങ്കിൽ കന്നുകാലികൾക്കും ആകാമെന്നാണ് ഇവരുടെ വാദം. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഇക്കോവില്ലേജ് 2 ഹൗസിംഗ് സൊസൈറ്റിയിലെ ഒരു ഡസൻ താമസക്കാരാണ് ഇത്തരത്തിൽ വ്യത്യസ്തമായൊരു പ്രതിഷേധം സംഘടിപ്പിച്ചത്.

പശുക്കളെ ഹൗസിംഗ് സൊസൈറ്റിക്കുള്ളിലേക്ക് കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമത്തിലൂടെയാണ് പുറത്തുവന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ രസകരമായ പ്രതിഷേധമെന്ന് നിരവധിപേർ അഭിപ്രായപ്പെട്ടു. നായ്ക്കൾക്ക് ആകാമെങ്കിൽ പശുക്കൾക്കും മറ്റ് നാല്‍ക്കാലി ജീവികൾക്കും ആകാമെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

Scroll to load tweet…

നായ പ്രേമികൾക്ക് നായ്ക്കളെ പൊതു ഇടത്ത് സ്വതന്ത്രമായി വളർത്താമെങ്കില്‍, പശുക്കൾ, ആടുകൾ എന്നിവയ്ക്കും പൊതുഇടം ന്യായമായ ആവശ്യവും ഒപ്പം അവയ്ക്ക് ആതിഥേയത്വം നൽകാമെന്നുമാണ് പ്രതിഷേധക്കാരുടെ ന്യായം. തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെയാണ് തങ്ങൾ ഇത്തരത്തിലൊരു പ്രതിഷേധത്തിന് ഇറങ്ങിത്തിരിച്ചതെന്നും ഇവർ അഭിപ്രായപ്പെട്ടു. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ ഒന്നുകിൽ അവയുടെ സംരക്ഷണം പൂർണമായി ഏറ്റെടുക്കണമെന്നും അല്ലെങ്കിൽ ഭക്ഷണം നൽകുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. റെസിഡൻസ് ഏരിയക്കുള്ളിലെ ചിലർ നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നത് പതിവായതോടെ ഇവിടം തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണെന്ന് വ്യാപക പരാതിയുമുണ്ട്.

ഇനിയും ഈ പ്രവണത തുടർന്നാൽ പശുക്കൾക്കും ആടുകൾക്കും ഭക്ഷണം കഴിക്കാനായി റസിഡൻഷ്യൽ ഏരിയയ്ക്കുള്ളിൽ പ്രത്യേക ഇടം തയ്യാറാക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. മാത്രമല്ല, ഒരുപടികൂടെ കടന്ന് കുരങ്ങുകളെയും ഉപേക്ഷിച്ച് കളയില്ലെന്നും അവയ്ക്കും വെള്ളവും വാഴപ്പഴവും നൽകാനുള്ള സ്ഥലവും ക്രമീകരിക്കുമെന്നും ഇവർ കൂട്ടിച്ചേര്‍ത്തു. എന്നാൽ, ഇതൊരു പ്രതീകാത്മക പ്രതിഷേധം മാത്രമാണെന്നും ഇരുവിഭാഗങ്ങളുമായി ചർച്ച നടത്തി പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നും റസിഡൻഷ്യൽ സൊസൈറ്റി മെയിന്‍റനൻസ് മാനേജർ മുഹമ്മദ് അസീം പറഞ്ഞു. അതേസമയം ചില സമൂഹ മാധ്യമ ഉപയോക്താക്കൾ, മനുഷ്യരുടെ പരസ്പരമുള്ള വിദ്വേഷത്തിനിടെയിലേക്ക് ദയവായി മൃഗങ്ങളെ കുടി വലിച്ചിഴയ്ക്കരുതെന്ന് അഭിപ്രായപ്പെട്ടു.