നോർവേയിലെ പോർസാഞ്ചർ മുനിസിപ്പാലിറ്റി മേയർ ജോ ഇൻഗെ ഹെഷെവിക്കും മരുമകനും ഇന്ത്യയിലൂടെ ഓട്ടോറിക്ഷയിൽ സാഹസിക യാത്ര നടത്തി. 'റിക്ഷാ റൺ 2026' എന്ന പരിപാടിയുടെ ഭാഗമായി രാജസ്ഥാനിൽ നിന്ന് കൊച്ചിയിലേക്കായിരുന്നു ഇവരുടെ യാത്ര. ഇന്ത്യയെയും ഇവിടുത്തെ ജനങ്ങളെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ ഈ യാത്ര സംഘടിപ്പിച്ചത്.

നോർവേയിലെ ഒരു മുനിസിപ്പാലിറ്റിയുടെ മേയർ ഇന്ത്യ ചുറ്റിക്കാണാനെത്തിയത് ആഡംബര കാറിലല്ല, മറിച്ച് ഇന്ത്യയിൽ നിന്നും വാടകയ്ക്ക് എടുത്ത ഒരു ഓട്ടോറിക്ഷയിൽ! നോർവേയിലെ പോർസാഞ്ചർ മുനിസിപ്പാലിറ്റി മേയർ ജോ ഇൻഗെ ഹെഷെവിക്കും അദ്ദേഹത്തിന്‍റെ മരുമകനും മറൈൻ എൻജിനീയറുമായ ഓയ്വിൻഡ് ഹെഷെവിക്കുമാണ് ഇന്ത്യയിലൂടെ ഓട്ടോറിക്ഷയിൽ സാഹസിക യാത്ര നടത്തിയത്. ഭക്ഷണം, ഇന്ധനം, താമസം, ചായ എന്നിവയ്ക്കായി ദിവസവും ഏകദേശം 10,000 രൂപ ചെലവാകുന്നുണ്ടെന്ന് ഇരുവരും വെളിപ്പെടുത്തി.

‘റിക്ഷാ റൺ 2026’

ഇന്ത്യയെ അടുത്തറിയുകയെന്ന ലക്ഷ്യത്തോടെ നടത്തിയ യാത്ര ‘റിക്ഷാ റൺ 2026’ എന്ന സാഹസിക പരിപാടിയുടെ ഭാഗമായിരുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽനിന്ന് കേരളത്തിലെ കൊച്ചിയിലേക്ക് 13 ദിവസം നീളുന്ന യാത്രയിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 35 ഓട്ടോറിക്ഷകൾ പങ്കെടുത്തു. ‘ദി അഡ്വഞ്ചറിസ്റ്റ്സ്’ സംഘടിപ്പിച്ച പരിപാടി സെപ്റ്റംബർ 23 -ന് ആരംഭിച്ച് ഒക്ടോബർ 9 -ന് അവസാനിച്ചു. ഒരു ഓട്ടോറിക്ഷയുടെ രജിസ്‌ട്രേഷൻ ഫീസ് 2,395 പൗണ്ട്, അതായത് ഏകദേശം മൂന്ന് ലക്ഷം രൂപയായിരുന്നു!

View post on Instagram
 

ലക്ഷ്യം ഇന്ത്യയെ അടുത്തറിയുക

ആർട്ടിക് സമുദ്രത്തിൽ വാണിജ്യ മത്സ്യബന്ധന ബോട്ട് സ്വന്തമായി നടത്തുകയും മറൈൻ എൻജിനീയറായി ജോലി ചെയ്യുകയും ചെയ്യുന്നയാളാണ് ഓയ്വിൻഡ്. ഇന്ത്യയിലൂടെ പതുക്കെ സഞ്ചരിച്ച് ഇവിടുത്തെ ജനങ്ങളെയും പ്രകൃതിയെയും അടുത്തറിയാനാണ് ഓട്ടോറിക്ഷ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. വിമാനടിക്കറ്റിനും രജിസ്‌ട്രേഷൻ ഫീസിനും പുറമേയാണ് പ്രതിദിന ചെലവ്.

പശുക്കളും ഡിം ചെയ്യാത്ത ഹെഡ്ഡ് ലൈറ്റുകളും

യാത്രയുടെ ആദ്യദിവസം രാജസ്ഥാനിൽ പാകിസ്ഥാൻ അതിർത്തിക്കടുത്ത് ഇരുവരും ചെറിയൊരു പ്രശ്നത്തിൽ അകപ്പെട്ടു. അതിർത്തിയിൽനിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയുള്ള ഹോട്ടലിൽ വിദേശികൾക്ക് താമസിക്കാൻ കഴിയില്ലെന്ന് അറിഞ്ഞതോടെ ഇരുവർക്കും ഇരുട്ടിൽ യാത്ര തുടരേണ്ടിവന്നു. ഇന്ത്യയിൽ ആദ്യമായി ഓട്ടോ ഓടിച്ച ഇരുവർക്കും എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളും റോഡിലെ പശുക്കളും വെല്ലുവിളിയായി. കാഴ്ചക്കുറവുള്ള അമ്മാവനുവേണ്ടി ഓയ്വിൻഡ് രാത്രിയിൽ രണ്ടുമണിക്കൂറോളം ഓട്ടോ ഓടിച്ചു. ഒടുവിൽ സുരക്ഷിതമായി മറ്റൊരു ഹോട്ടലിലെത്താനും സാധിച്ചെന്നും ഇരുവരും പറയുന്നു.

മുംബൈയിലെ മലനിരകളിലൂടെയും മഴക്കാടുകളിലൂടെയും നടത്തിയ യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവങ്ങളിലൊന്നെന്ന് ജോ ഇൻഗെ ഹെഷെവിക് പറയുന്നു. മനോഹരമായ പ്രകൃതിയും കുറഞ്ഞ ഗതാഗതത്തിരക്കും ഇരുവരെയും ആകർഷിച്ചു. ഗുജറാത്തിലെ ലിംബ്ഡിയിൽ ഒരു ഇന്ത്യക്കാരനുമായുള്ള സൗഹൃദ സംഭാഷണത്തിന്‍റെ വീഡിയോ വൈറലായതോടെയാണ് ഇരുവരും ശ്രദ്ധ നേടിയത്. ഒരു വിദേശ മേയർ ഓട്ടോറിക്ഷയിൽ ഇന്ത്യ ചുറ്റുന്നതിലുള്ള കൗതുകമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്.