പ്രമുഖ ‘ഒൺലി ഫാൻസ്’ താരമായ ലില്ലി ഫിലിപ്സ് വീണ്ടും ജ്ഞാനസ്നാനം സ്വീകരിച്ച വീഡിയോയാണ് ഇപ്പോള്‍ ഇൻസ്റ്റാഗ്രാമില്‍ വൈറലാവുന്നത്. ഇത് പ്രശസ്തിക്കുവേണ്ടിയുള്ള നീക്കമല്ലെന്നും, ദൈവവുമായി അകന്നുപോയ ആത്മീയ ബന്ധം വീണ്ടെടുക്കാനുള്ള തീരുമാനമാണെന്നും താരം.
പ്രമുഖ അഡൽറ്റ് സിനിമാ താരവും ഒൺലി ഫാൻസ് ക്രിയേറ്ററുമായ ലില്ലി ഫിലിപ്സ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ, ഇത്തവണ ആത്മീയമായ ഒരു മാറ്റത്തിന്റെ പേരിലാണ് 24 കാരിയായ താരം ശ്രദ്ധിക്കപ്പെടുന്നത്. ജീവിതത്തിൽ പുതിയൊരു പാത തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി താൻ രണ്ടാമതും 'ജ്ഞാനസ്നാനം' സ്വീകരിച്ച വിവരം ലില്ലി തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.
തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിൽ ഇവർ വെള്ളത്തിൽ മുങ്ങി ജ്ഞാനസ്നാനം സ്വീകരിക്കുന്ന ദൃശ്യങ്ങളാണുള്ളത്. 'എന്നെന്നും ഓർത്തിരിക്കേണ്ട ഒരു ദിവസം' എന്ന ക്യാപ്ഷനോടെയാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്ലീല സിനിമാ ലോകത്തെ പ്രശസ്തിക്കിടയിലും ആത്മീയമായ സമാധാനം തേടിയുള്ള താരത്തിന്റെ ഈ നീക്കം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു.
തന്റെ ജ്ഞാനസ്നാന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, ഈ തീരുമാനത്തിന് പിന്നിൽ പ്രശസ്തി ലക്ഷ്യമിട്ടുള്ള മറ്റ് ഉദ്ദേശങ്ങളൊന്നുമില്ലെന്ന് ലില്ലി ഫിലിപ്സ് വ്യക്തമാക്കി. 'ന്യൂസ്‌വീക്കി'ന് നൽകിയ പ്രസ്താവനയിൽ, തന്റെ ഈ തീരുമാനം ദൈവവുമായി വീണ്ടും അടുക്കുന്നതിനും കാലക്രമേണ അകന്നുപോയ ആത്മീയ ബന്ധം ശക്തമാക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് ലില്ലി പറഞ്ഞു.
'ഒൺലി ഫാൻസ്' പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ കേവലം 'സെക്സ് ഡോൾസ്' ആയി മാത്രം കാണുന്ന പ്രവണത തന്നെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും, അവർക്കും വ്യത്യസ്തമായ വ്യക്തിത്വങ്ങളും വികാരങ്ങളുമുണ്ടെന്നും ലില്ലി കൂട്ടിച്ചേർത്തു. തന്റെ ജീവിതരീതികളോട് ചില വിശ്വാസികൾക്ക് വിയോജിപ്പുണ്ടാകാമെങ്കിലും, ദൈവവുമായുള്ള തന്റെ ബന്ധം വീണ്ടും സ്ഥാപിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഓരോരുത്തർക്കും തങ്ങൾക്ക് ശരിയെന്ന് തോന്നുന്ന രീതിയിൽ മതത്തെ അറിയാൻ അവസരം നൽകണമെന്നും ലില്ലി പറഞ്ഞു.
കുട്ടിക്കാലത്ത് തന്നെ ജ്ഞാനസ്നാനം സ്വീകരിച്ചിരുന്നുവെങ്കിലും, ജീവിതത്തിൽ ഉണ്ടായ ചില വ്യക്തിപരമായ വെല്ലുവിളികളാണ് വീണ്ടും ദൈവത്തോട് സംസാരിക്കണമെന്നും വിശ്വാസത്തിലേക്ക് മടങ്ങണമെന്നും തോന്നിപ്പിച്ചത്. ഇതൊരു പുതിയ തുടക്കമാണെന്നും 2026 -ൽ തന്റെ ആത്മീയ ജീവിതത്തിന് കൂടുതൽ മുൻഗണന നൽകുമെന്നും താരം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കാനും ലില്ലിക്ക് പദ്ധതിയുണ്ട്.
