സാക്ഷി ബെഡ്മുത്ത എന്ന യുവതി വിദേശത്തേക്ക് പോകുമ്പോൾ മാതാപിതാക്കൾ ലഗേജ് പാക്ക് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്കൂൾ ബാഗ് പാക്ക് ചെയ്തിരുന്ന കാലത്ത് നിന്ന് സ്വപ്നങ്ങൾ തേടിയുള്ള യാത്രയിലേക്കുള്ള മാറ്റമാണ് വീഡിയോയുടെ ഉള്ളടക്കം. ഈ വൈകാരിക നിമിഷം നിരവധി പേരുടെ ബാല്യകാല ഓർമ്മകളെ ഉണർത്തുകയാണ്.
ചില നിമിഷങ്ങൾ ഒരു വ്യക്തി എത്രത്തോളം വളർന്നുവെന്ന് നിശബ്ദമായി നമ്മെ ഓർമ്മിപ്പിക്കാറുണ്ട്. അത്തരത്തിലൊരു വൈകാരിക നിമിഷമാണ് ഇൻസ്റ്റഗ്രാം ഉപയോക്താവായ സാക്ഷി ബെഡ്മുത്ത പങ്കുവെച്ച വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മകൾ വിദേശത്തേക്ക് പോകാനൊരുങ്ങുമ്പോൾ മാതാപിതാക്കൾ ചേർന്ന് ബാഗ് പാക്ക് ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. സാക്ഷിയുടെ ബാല്യകാല ഓർമ്മകളെ ഉണർത്തുന്നതിനൊപ്പം ജീവിതത്തിലെ ഒരു പുതിയ അധ്യായത്തിന്‍റെ തുടക്കം കുറിക്കുക കൂടി ചെയ്യുകയാണ് ഈ നിമിഷം.
അന്ന് സ്കൂൾ ബാഗ്, ഇന്ന് സ്യൂട്ട്കേസ്
"എന്‍റെ സ്കൂൾ ബാഗ് പാക്ക് ചെയ്തിരുന്നതിൽ നിന്ന്, ഇന്ന് വിദേശത്തേക്ക് പോകാനായി ലഗേജ് പാക്ക് ചെയ്യുന്നതിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു" എന്ന വരികളോടെയാണ് സാക്ഷി ഈ വീഡിയോ പങ്കുവെച്ചത്. സ്കൂൾ കാലഘട്ടത്തിൽ നിന്ന് സ്വപ്നങ്ങൾ തേടി മറ്റൊരു രാജ്യത്തേക്ക് പറക്കാനൊരുങ്ങുന്ന ജീവിതത്തിലെ വലിയൊരു മാറ്റത്തെ ഈ ലളിതമായ വരികൾ വ്യക്തമാക്കുന്നു.
ചെറിയ കുട്ടിയായിരുന്നപ്പോൾ സ്കൂൾ ബാഗ് ഒരുക്കിക്കൊടുത്തിരുന്ന മാതാപിതാക്കൾ, ഇന്ന് അതേ മകൾ വിദേശത്തേക്ക് യാത്രയാകുമ്പോൾ വലിയ ലഗേജ് പാക്ക് ചെയ്യുന്നതിലേക്ക് കാലം മാറി. തന്‍റെ വികാരങ്ങൾ പങ്കുവെച്ച് കൊണ്ട് സാക്ഷി കുറിച്ച വരികൾ ഏറെ ശ്രദ്ധേയമാണ്: "ബാല്യത്തിനും സ്വപ്നങ്ങളെ പിന്തുടരുന്ന യാത്രയ്ക്കുമിടയിൽ, എപ്പോഴോ ആ സ്യൂട്ട്കേസിന്‍റെ വലിപ്പം കൂടിവന്നു."
വൈകാരിക കുറിപ്പുമായി നെറ്റിസെൺസ്
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ വൈകാരികമായ കമന്‍റുകളുമായി എത്തിയത്. "ഈ പാക്കിംഗിന് പിന്നിലെ മാതാപിതാക്കളുടെ സ്നേഹം മക്കൾ എന്നും ഓർമ്മിക്കും," എന്ന് ഒരാൾ കുറിച്ചപ്പോൾ, "ഇത് വളരെ പ്രിയപ്പെട്ടൊരു നിമിഷമാണ്," എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്‍റ്. ഞാൻ ആദ്യമായി പഠനാവശ്യത്തിനായി വീടുവിട്ട് പോയപ്പോൾ, എനിക്ക് ആവശ്യമായി വരാവുന്ന സാധ്യമായതെല്ലാം തന്നുവിടാൻ എന്‍റെ മാതാപിതാക്കളും ഇതുപോലെ ശ്രമിച്ചിരുന്നു," എന്ന് മൂന്നാമതൊരാളും തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.


