ദില്ലിയിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അറിയാൻ ഒരു യുവാവ് സ്ത്രീ വേഷത്തിൽ സ്കൂട്ടിയിൽ സഞ്ചരിച്ചു. യാത്രയ്ക്കിടെ പലരും തുറിച്ചുനോക്കുകയും വാഹനങ്ങളിൽ പിന്തുടരുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. രാജ്യതലസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ഈ പരീക്ഷണ വീഡിയോ ഇപ്പോൾ വൈറലാണ്.

രാജ്യതലസ്ഥാനമായ ദില്ലിയിൽ രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയാൻ വ്യത്യസ്തമായൊരു പരീക്ഷണം നടത്തിയിരിക്കുകയാണ് നഗരത്തിലെ കണ്ടന്‍റ് ക്രിയേറ്ററായ ബെജെയിൽ. സ്ത്രീയുടെ വേഷവും മേക്കപ്പും ധരിച്ച്, ദുപ്പട്ട കൊണ്ട് മുഖം മറച്ചായിരുന്നു യുവാവ് സ്കൂട്ടിയിൽ നഗരത്തിലൂടെ രാത്രി സഞ്ചരിച്ചത്. ഏകദേശം രണ്ട് മണിക്കൂർ നീണ്ട പരീക്ഷണത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ വൈറലായി. രണ്ട് ദിവസത്തിനിടെ വീഡിയോയ്ക്ക് 15 ദശലക്ഷത്തിലേറെ കാഴ്ചകൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

'ഇതോ സ്ത്രീ സുരക്ഷ?'

വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ തന്നെ ആളുകൾ തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. പെട്രോൾ പമ്പിൽ വച്ച് സ്കൂട്ടിക്ക് ഇന്ധനം നിറയ്ക്കുന്നതിനിടയിലും സമീപത്തുണ്ടായിരുന്നവർ തന്നെ തുറിച്ച് നോക്കിയതായി അദ്ദേഹം വീഡിയോയിൽ പറയുന്നു. യാത്ര തുടരുന്നതിനിടെ രണ്ട് പുരുഷന്മാർ ആദ്യം തന്നെ നോക്കുകയും പിന്നീട് സ്കൂട്ടിയെ പിന്തുടർന്ന് അടുത്തെത്താൻ ശ്രമിക്കുകയും ചെയ്തു. മറ്റൊരാൾ യാത്രയ്ക്കിടെ സമീപത്തെത്തി സംസാരിക്കാനും ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

View post on Instagram
 

ഓട്ടോറിക്ഷാ ഡ്രൈവർമാരുമായുണ്ടായ അനുഭവമാണ് കൂടുതൽ അസ്വസ്ഥതയുണ്ടാക്കിയതെന്നും യുവാവ് പറയുന്നു. രണ്ട് ഓട്ടോറിക്ഷകൾ സ്കൂട്ടിക്ക് മുന്നിലേക്ക് വാഹനം ഓടിച്ചുകയറ്റിയെന്ന് ബെജെയിൽ പറയുന്നു. സുഹൃത്തുക്കൾ സംഭവങ്ങൾ ചിത്രീകരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഒരാൾ പിന്മാറിയെന്നും മറ്റൊരാൾ കുറച്ചുനേരം കൂടി സ്കൂട്ടിക്ക് നേരെ വാഹനം ഓടിച്ച ശേഷം പോയെന്നും അദ്ദേഹം കൂട്ടിചേർത്തു. ചില കാറുകളും തന്നെ പിന്തുടർന്നതായും യുവാവ് പറഞ്ഞു.

'ഭയപ്പെടുത്തുന്ന അനുഭവം'

രണ്ട് മണിക്കൂറിന് ശേഷം പരീക്ഷണം അവസാനിപ്പിച്ച യുവാവ്, അനുഭവം തനിക്ക് ഏറെ ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് പ്രതികരിച്ചു. രാജ്യ തലസ്ഥാനത്ത് പോലും സ്ത്രീകൾക്ക് രാത്രിയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എത്ര ബുദ്ധിമുട്ടേറിയതാണെന്ന് ഈ പരീക്ഷണത്തിലൂടെ മനസിലായെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വൈറലായതോടെ സ്ത്രീസുരക്ഷയും രാത്രിയാത്രയിലെ അനുഭവങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങളും കമന്‍റുകളിലൂടെ പങ്കുവച്ചു.