എന്റെ പേര് ഗൂഗിൾ ചെയ്താൽ നിങ്ങൾക്ക് അത് കാണാം എന്നാണ് യുവാവ് പറയുന്നത്. അപ്പോൾ വിദേശി എന്ത് ഈ കടയോ എന്ന് ചോദിക്കുമ്പോൾ അല്ല എന്റെ റിസർച്ച് ആർട്ടിക്കിളുകൾ എന്നും യുവാവ് മറുപടി നൽകുന്നു.
ഉയർന്ന വിദ്യാഭ്യാസമുണ്ടായിട്ടും അതിനൊത്ത ജോലി നേടാൻ കഴിയാതെ പോയവരേയും അത്തരം ഉദ്യോഗങ്ങൾക്ക് പോകാതെ കുഞ്ഞുകുഞ്ഞ് ബിസിനസുകളും മറ്റുമായി ജീവിക്കുന്നവരേയും നാം ഒരുപാട് കണ്ടിട്ടുണ്ടാവും. എന്തായാലും, അങ്ങനെ ഒരിന്ത്യക്കാരൻ യുവാവ് അടുത്തിടെ ഒരു വിദേശിയെ ഞെട്ടിച്ചു കളഞ്ഞു. അതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
പിഎച്ച്‍ഡി സ്കോളറായ ഒരു യുവാവ് വഴിയരികിൽ കച്ചവടം നടത്തുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. തമിഴ്‌നാട്ടിലെ ഒരു തെരുവ് ഭക്ഷണ ശാലയിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. അവിടെ ഒരു വിദേശിയെ കാണാം. ഒരു പ്ലേറ്റ് ചിക്കൻ 65 എത്രയാണ് വില എന്നാണ് ഇയാൾ ചോദിക്കുന്നത്. 100 ഗ്രാമിന് 50 രൂപ എന്ന് കടക്കാരൻ മറുപടിയും നൽകുന്നു. ഒരു പ്ലേറ്റ് ചിക്കനാണ് ഇയാൾ ആവശ്യപ്പെടുന്നത്.
പിന്നാലെ, ചിക്കനെടുക്കുന്ന സമയത്ത് വിദേശി കടക്കാരനോട് ഈ കട ഞാൻ ഗൂഗിൾ മാപ്പിലാണ് കണ്ടെത്തിയത് എന്നും പറയുന്നുണ്ട്. ഈ സാധാരണ സംസാരം ചെന്നെത്തിയത് ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യത്തിലേക്കാണ്. താൻ ഈ കട നടത്തുന്നതിനോടൊപ്പം പഠിക്കുക കൂടി ചെയ്യുന്നുണ്ട് എന്നാണ് യുവാവ് ഇയാളോട് പറയുന്നത്. ബയോ ടെക്നോളജിയിൽ പിഎച്ച്ഡി ചെയ്യുകയാണ് താൻ എന്ന് കൂടി പറഞ്ഞതോടെ ചിക്കൻ വാങ്ങാനെത്തിയ വിദേശി ഞെട്ടിപ്പോയി.
എന്റെ പേര് ഗൂഗിൾ ചെയ്താൽ നിങ്ങൾക്ക് അത് കാണാം എന്നാണ് യുവാവ് പറയുന്നത്. അപ്പോൾ വിദേശി എന്ത് ഈ കടയോ എന്ന് ചോദിക്കുമ്പോൾ അല്ല എന്റെ റിസർച്ച് ആർട്ടിക്കിളുകൾ എന്നും യുവാവ് മറുപടി നൽകുന്നു. SRM യൂണിവേഴ്സിറ്റിയിലെ റിസർച്ച് കോളറാണ് താൻ, പേര് തരുൾ റയാൻ എന്നാണെന്നും യുവാവ് പറയുന്നുണ്ട്. ഒപ്പം ഫോൺ വാങ്ങി ഗൂഗിളിൽ തന്റെ ആർട്ടിക്കിളുകൾ കാണിച്ചു കൊടുക്കുന്നതും കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. പലരും തരുളിനെ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ ഇവിടുത്തെ വിദ്യാഭ്യാസ സമ്പദായത്തിന്റെ വീഴ്ചയാണ് ഒരു ചിഎച്ച്ഡി സ്കോളർക്ക് ഇങ്ങനെയുള്ള ജോലി ചെയ്യേണ്ടി വരുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്.
