ദില്ലി - ഡെറാഡൂൺ എക്സ്പ്രസ് വേയിൽ പോലീസ് സ്റ്റിക്കർ പതിച്ച കാറിലെത്തിയ ആൾ അലങ്കാരച്ചെടികൾ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ ദേശീയ പാതാ അഥോറിറ്റി പരാതി നൽകിയിട്ടില്ലെങ്കിലും ബാഗ്പത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്ന് പുറത്തുവന്ന ഒരു സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധങ്ങൾക്കാണ് കരണമായത്. ദില്ലി - ഡെറാഡൂൺ എക്സ്പ്രസ് വേയിൽ നിർത്തിയ ‘POLICE’ സ്റ്റിക്കർ പതിച്ച വാഗൺആറിൽ നിന്ന് ഒരാൾ ഇറങ്ങി എക്സ്പ്രസ് വേയുടെ വശങ്ങളിൽ അലങ്കാരത്തിനായി നട്ടുപിടിപ്പിച്ച ചെടികൾ പിഴുതെടുത്ത് കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതേസമയം സംഭവം യഥാർഥത്തിൽ മോഷണമാണോയെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

പോലീസ്റ്റ് സ്റ്റിക്കറുള്ള വാഹനം

സെപ്റ്റംബർ 28 -ന് വൈകിട്ട് 5.14 ഓടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. എക്സ്പ്രസ് വേയിലെ സിസിടിവിയിൽ വെള്ള നിറത്തിലുള്ള സിഎൻജി വാഗൺആർ റോഡരികിൽ നിർത്തുന്നത് കാണാം. തുടർന്ന് കറുത്ത വസ്ത്രം ധരിച്ച ഒരാൾ വാഹനത്തിൽനിന്ന് പുറത്തിറങ്ങി ഡിവൈഡറിനോട് ചേർന്നുള്ള ചെടി പിഴുതെടുക്കുന്നതും അത് വാഹനത്തിന്‍റെ ഡിക്കിയിൽ വയ്ക്കാൻ ശ്രമിക്കുന്നു. എന്നാൽ നീളക്കൂടുതൽ കാരണം അതിന് പറ്റാതെ പിൻ സീറ്റിൽ വയ്ക്കുന്നതും കാണാം. ദൃശ്യങ്ങളിൽ ‘POLICE’ എന്ന സ്റ്റിക്കർ വാഹനത്തിന്‍റെ പിന്നിൽ വ്യക്തമായി കാണാം.

Scroll to load tweet…

പരാതി കിട്ടിയില്ലെന്ന് പോലീസ്

സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വീഡിയോ ബാഗ്പത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ബറൗത് പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ബന്ധപ്പെട്ട ദേശീയ പാതാ അഥോറിറ്റിയും പരാതി നൽകിയിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, എക്സ്പ്രസ് വേ പോലെ വേഗമേറിയ പാതയിൽ വാഹനം നിർത്തിയതിനെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ആശങ്ക ഉയർന്നു. എന്നാൽ പോലീസിന്‍റെ സ്റ്റിക്കർ പതിച്ചത് കൊണ്ട് മാത്രം വാഹനം പൊലീസുമായി ബന്ധപ്പെട്ടവരാണെന്ന് ഉറപ്പിക്കാനാകില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതേസമയം വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാമെന്നും നമ്പറും വ്യാജമാണോയെന്നും ചിലർ സംശയം പ്രകടപ്പിച്ചു.