ഗർഭിണിയായ യുവതിയുടെ വളർത്തുനായയെ അക്രമിച്ച് പിറ്റ് ബുള്ളുകൾ. നായയെ രക്ഷിക്കാന്‍ ജീവന്‍ പണയം വച്ചുള്ള യുവതിയുടെ പോരാട്ടം വൈറൽ .

പിറ്റ് ബുള്ളുകളുടെ അപ്രതീക്ഷിത ആക്രമണത്തിൽ നിന്നും തന്‍റെ വളര്‍ത്ത് നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഏഴുമാസം ഗർഭിണിയായ യുവതി അപകടത്തിൽപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. ബ്രസീലിലെ സാന്‍റോസിലാണ് സംഭവം നടന്നത്. തയ്‌ന സാന്‍റോസ് എന്ന സ്ത്രീയാണ് അപകടത്തിൽപ്പെട്ടതെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു. നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഇവർ വയറടിച്ച് നിലത്ത് വീഴുകയായിരുന്നു. 

തയ്‌ന തന്‍റെ വളർത്തുനായയോടൊപ്പം റോഡിലൂടെ നടന്ന് നീങ്ങുമ്പോൾ പിന്നാലെ ഓടിയെത്തിയ രണ്ട് പിറ്റ് ബുള്ളുകൾ തയ്നയുടെ വളര്‍‌ത്ത് നായയെ ആക്രമിക്കുകയായിരുന്നു. തന്‍റെ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തയ്ന നായ്ക്കളുടെ ഇടയിൽപ്പെട്ട് നിലത്തേക്ക് കമഴ്ന്ന് വീണത്. വീണതിന് ശേഷം പിറ്റ് ബുള്ളുകൾ തയ്നയെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ, ഏതാനും പരിസരവാസികൾ ഓടിയെത്തിയാണ് തയ്നയെ രക്ഷപ്പെടുത്തിയത്. നിലത്ത് വീണ് പോയതിന് ശേഷവും തയ്ന തന്‍റെ നായയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ വീഡിയോയിൽ കാണാം. ഇവരെ രക്ഷിക്കാനായി ഓടിയെത്തിയ യുവതികളിൽ ഒരാൾ ഷോപ്പിംഗ് ട്രോളി ഉപയോഗിച്ചാണ് പിറ്റ് ബുള്ളുകളെ ഓടിച്ചത്. ഉടമസ്ഥന്‍റെ കൈയിൽ നിന്നും ചങ്ങല പൊട്ടിച്ചോടിയെത്തിയാണ് പിറ്റ് ബുള്ളുകൾ ആക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

View post on Instagram

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ ആയതോടെ നിരവധി പേർ തയ്നയുടെ ധൈര്യത്തെ അഭിനന്ദിച്ചു. തയ്നയുടെ 'അമ്മ സ്നേഹം' ഉയർന്നതാണന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച തയ്ന പിറ്റ്ബുള്ളുകളെ താൻ കുറ്റപ്പെടുത്തില്ലെന്നും എന്നാൽ, അവയുടെ ഉടമസ്ഥൻ അല്പം കൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നു എന്നും അഭിപ്രായപ്പെട്ടു. സംഭവത്തിന് ശേഷം, തയ്നയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.