രാജ്കോട്ടിലെ മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിൽ എലികൾ ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. സംഭവത്തിൽ ഔട്ട്‌ലെറ്റിന് 3,000 രൂപ പിഴ ചുമത്തുകയും ഭക്ഷണ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു. നഗരത്തിലെ മറ്റ് 53 ഭക്ഷണശാലകളിലും അധികൃതർ വിപുലമായ പരിശോധനകൾ നടത്തിയിട്ടുണ്ട്.

ക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയ മേശകളിലും കസേരകളും എലികൾ ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്കോട്ടിലെ മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റ് വിവാദത്തിപ്പെട്ടു. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരു ഉപഭോക്താവ് പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തി. സംഭവത്തിൽ ഔട്ട്‌ലെറ്റിന് 3,000 രൂപ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്.

എലി പുറത്ത് നിന്നും എത്തിയതെന്ന് അധികൃതർ

ഗ്രീൻലാൻഡ് ചൗക്കിലുള്ള മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നത്. ഹാർഡ് കാസിൽ റെസ്റ്റോറന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ് സ്ഥാപനം നടത്തുന്നത്. ഔട്ട്ലെറ്റിൽ നിരവധി ഉപഭോക്താക്കൾ ഇരിക്കുമ്പോൾ തന്നെ അവിടുത്തെ മേശകളിലും കസേരകളിലും രണ്ട് എലികൾ ഒരു ഭയവുമില്ലാതെ ഓടി നടക്കുന്നത് വീഡിയോയിൽ കാണാം. ഗ്ലാസ് പാർട്ടീഷൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്ന ഔട്ട്‌ലെറ്റിലെ പാർട്ടി ഏരിയയിലാണ് എലികളെ കണ്ടെത്തിയതെന്ന് മുനിസിപ്പൽ ഹെൽത്ത് ഓഫീസർ ജയേഷ് വക്കാണി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു.

Scroll to load tweet…

എലികൾ പുറത്ത് നിന്നും വന്നതാകാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം തങ്ങളുടെ പരിശോധനയിൽ ഔട്ട്‌ലെറ്റിനുള്ളിൽ ഗുരുതരമായ ശുചിത്വ വീഴ്ച കണ്ടെത്തിയില്ലെന്നും അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. എന്നാൽ ഭക്ഷണശാലകളിൽ ഫലപ്രദമായ കീടനിയന്ത്രണം ഉറപ്പാക്കേണ്ടതിന്‍റെ പ്രാധാന്യം സംഭവം ചൂണ്ടിക്കാട്ടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

നിരവധി സ്ഥാപനങ്ങളിൽ പരിശോധന

പരിശോധനയുടെ ഭാഗമായി ടോൺഡ് മിൽക്ക്, സ്ട്രോബെറി ഫ്രൂട്ട് ക്രഷ് എന്നിവയുടെ സാമ്പിളുകളും അധികൃതർ ശേഖരിച്ചു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള പരിശോധനയ്ക്കായി ഇവ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്കോട്ടിൽ നടന്ന വിപുലമായ ഭക്ഷ്യസുരക്ഷാ പരിശോധനയുടെ ഭാഗമായിരുന്നു നടപടി. ആകെ 53 ഭക്ഷണശാലകൾ, ഹോസ്റ്റലുകൾ, കാന്‍റീനുകൾ എന്നിവയും പരിശോധയിൽ ഉൾപ്പെട്ടു. ഏകദേശം 65 കിലോഗ്രാം പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം കണ്ടെത്തി നശിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ വീഴ്ചകളുടെ പേരിൽ 18 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പരിശോധനയിൽ ആകെ ₹17,000 പിഴയും ഈടാക്കി.