വൻ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. ഇതിനിടയിൽ വീഡിയോ എടുക്കാൻ ശ്രമിക്കുന്നവരെ ആളുകൾ പ്രത്യേകം ലക്ഷ്യം വെച്ച് ആക്രമിക്കും. സിനിമയിലേത് പോലെയുള്ള അനുഭവം പ്രതീക്ഷിച്ച് വന്ന പല ഇന്ത്യക്കാരും അവിടുത്തെ ബഹളം കണ്ട് പേടിച്ചുപോയി.
സ്പെയിനിലെ പ്രശസ്തമായ ടൊമാറ്റോ ഫെസ്റ്റിവലാണ് 'ലാ ടൊമാറ്റിന'. എന്നാൽ, നമ്മൾ ഇൻസ്റ്റഗ്രാമിലും സിനിമകളിലും കാണുന്നതുപോലെ അത്ര മനോഹരമല്ല ഈ ഫെസ്റ്റിവൽ എന്നാണ് ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ അനാലി ഗുപ്ത പറയുന്നത്. 'സിന്ദഗി നാ മിലേഗി ദൊബാരാ' എന്ന ബോളിവുഡ് ചിത്രത്തിലേതു പോലെയുള്ള ഒരു അനുഭവമല്ല തനിക്ക് ലഭിച്ചതെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി.
ഫെസ്റ്റിവലിന് ഉപയോഗിക്കുന്നത് അഴുകിയതും ചീഞ്ഞതുമായ തക്കാളികളാണ്. ഇതിന്റെ ദുർഗന്ധം കാരണം തനിക്കും ചുറ്റുമുണ്ടായിരുന്ന മറ്റ് പെൺകുട്ടികൾക്കും ഛർദ്ദിക്കാൻ വന്നുവെന്ന് അവർ പറയുന്നു. വൻ തിരക്കാണ് അവിടെ അനുഭവപ്പെടുന്നത്. ഇതിനിടയിൽ വീഡിയോ എടുക്കാൻ ശ്രമിക്കുന്നവരെ ആളുകൾ പ്രത്യേകം ലക്ഷ്യം വെച്ച് ആക്രമിക്കും. സിനിമയിലേത് പോലെയുള്ള അനുഭവം പ്രതീക്ഷിച്ച് വന്ന പല ഇന്ത്യക്കാരും അവിടുത്തെ ബഹളം കണ്ട് പേടിച്ചുപോയി. തക്കാളിയേറ് കഴിഞ്ഞ് തെരുവുകൾ കെച്ചപ്പ് പോലെയായ സമയത്ത് മാത്രമാണ് തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞത് എന്നും യുവതി പറയുന്നു.
സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവിടുത്തെ തിരക്കും തള്ളലും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. നല്ല വേദന എടുക്കുന്ന രീതിയിലാണ് ആളുകൾ തക്കാളി വലിച്ചെറിയുന്നതെന്നും അനാലി പറയുന്നു. ആരും ഈ ഉത്സവത്തിന് പോകരുതെന്ന് താൻ പറയുന്നില്ല. എന്നാൽ, യാഥാർത്ഥ്യം എന്താണെന്ന് മനസ്സിലാക്കി, മാനസികമായി തയ്യാറെടുത്ത് മാത്രം ഇത്രയും പണം മുടക്കി പോവുക എന്നതാണ് അവർ നൽകുന്ന മുന്നറിയിപ്പ്.
പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. യാഥാർത്ഥ്യം പങ്കുവെച്ചതിന് പലരും നന്ദി പറഞ്ഞു. മുൻകരുതലുകളെടുത്തിട്ട് വേണം പോകാൻ എന്നും സിനിമയിലെ പോലെ പ്രതീക്ഷിക്കരുതെന്നും ചിലർ കുറിച്ചു. എന്നാൽ, അനാലിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നവരുമുണ്ടായിരുന്നു. തങ്ങൾക്ക് സിനിമയിൽ കണ്ടത് പോലെയുള്ള മികച്ച അനുഭവമാണ് അവിടെ നിന്നും ലഭിച്ചതെന്നായിരുന്നു മറ്റ് ചിലർ കമന്റ് ചെയ്തത്.


