റോഡരികിൽ നിന്ന് മണലും ഇഷ്ടികയും മോഷ്ടിക്കുന്ന യുവതിയുടെ റീൽ വൈറൽ; പക്ഷേ, യഥാർത്ഥ്യം മറ്റൊന്ന്
ഒരു സന്ദേശം കൈമാറാനാണ് ഇത്തരമൊരു വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ഉപയോഗിച്ച മാര്‍ഗത്തെ കുറിച്ച് ചിലര്‍ വിമർശനം ഉന്നയിച്ചു.

ഓരോ ദിവസവും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ലക്ഷക്കണക്കിന് റീലുകളാണ്. വിവിധ ഭാഷകളിലായി നിരവധി കണ്ടന്‍റ് ക്രിയേറ്റർമാരാണ് ഇത്തരത്തിൽ റീലുകൾ സൃഷ്ടിക്കുകയും മികച്ച വരുമാന മാർഗ്ഗമായി അതിനെ കണക്കാക്കുകയും ചെയ്യുന്നത്. രസകരവും കൗതുകം നിറഞ്ഞതുമായ ഇത്തരത്തിലുള്ള നിരവധി റീലുകൾ ഓരോ ദിവസവും നാം കാണാറുണ്ട്. താൻ സൃഷ്ടിക്കുന്ന ഒരു റീൽ വീണ്ടും വീണ്ടും ഒരാളെ കാണാൻ പ്രേരിപ്പിക്കുക എന്നതാണ് ഒരു കണ്ടന്‍റ് ക്രിയേറ്ററുടെ വിജയം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ രസകരമായ ഒരു റീൽ കറങ്ങി നടന്നത് ഒരുപക്ഷേ നിങ്ങളുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാവും. റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മണലും ഇഷ്ടികയും ഒരു യുവതി മോഷ്ടിക്കുന്നതാണ് ഈ റീലിലെ പ്രധാന ഭാഗം. തുടർന്ന് വീഡിയോയുടെ അവസാനത്തിൽ മോഷ്ടിച്ച വസ്തുക്കൾ കൊണ്ട് അവൾ എന്താണ് നിർമ്മിച്ചതെന്നും കാണിക്കുന്നുണ്ട്. രസകരമായ ഈ വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ഇൻസ്റ്റാഗ്രാം കണ്ടന്‍റ് ക്രിയേറ്റർ രാധികാ ധിമാൻ ആണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. രസകരമായി തോന്നാമെങ്കിലും കൗതുകകരമായ ഒരു സന്ദേശം കൂടി നൽകുന്നതാണ് ഈ വീഡിയോ. സ്ഥിരതയാർന്ന പരിശ്രമങ്ങൾ തീർച്ചയായും നമ്മെ നേട്ടത്തിൽ എത്തിക്കും എന്ന് ഈ വീഡിയോ പറയാതെ പറയുന്നതെന്ന് ഇതു കണ്ട സമൂഹ മാധ്യമ ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു. വീഡിയോയുടെ തുടക്കത്തിൽ വഴിയരികിൽ എവിടെയോ കൂട്ടിയിട്ടിരിക്കുന്ന മണൽ കൂമ്പാരത്തിൽ നിന്നും തന്‍റെ കൈക്കുമ്പിളിൽ ഒരുപിടി മണൽ ഒരു യുവതി എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണുള്ളത്. ശേഷം അവൾ സമാനമായ രീതിയിൽ തന്നെ റോഡ് അരികിൽ നിന്നും ഒരു ഇഷ്ടിക എടുത്ത് കൊണ്ട് പോകുന്നു.
കശ്മീരില്‍ നടന്ന ഒരു വിവാഹവും പിന്നാലെ സംഭവിച്ച 17 ദുരൂഹ മരണങ്ങളും
ഇതൊക്കെ എന്തിനാണ് ഇങ്ങനെ കൊണ്ട് പോകുന്നത് എന്ന് സംശയം കാഴ്ചക്കാരിൽ ഉണ്ടാകുന്ന ആ നിമിഷം തന്നെ അതിനുള്ള ഉത്തരവും ലഭിക്കും. വീഡിയോയുടെ അവസാനം യുവതി ആ ഇഷ്ടികയും മണലും കൊണ്ട് നിർമ്മിച്ച ഒരു വീട്ടിൽ നിന്നും ഇറങ്ങി വരുന്നതാണ് കാണാൻ കഴിയുക. ഏറെ രസകരമായ ചിത്രീകരിച്ചിരിക്കുന്നതാണ് ഈ വീഡിയോ എങ്കിലും, അർപ്പണബോധവും സ്ഥിരോത്സാഹവും കാര്യമായ നേട്ടങ്ങളിലേക്ക് നമ്മെ നയിക്കുമെന്ന സന്ദേശം ധിമാൻ്റെ വീഡിയോ നൽകുന്നുണ്ട് എന്നാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം ഇത്തരമൊരു സന്ദേശം നല്‍കാന്‍ മറ്റാരുടെയോ മുതല് മോഷ്ടിക്കുന്നത് നല്ല പ്രണതയാണോയെന്നും ചിലര്‍ ചോദിച്ചു. ഇൻസ്റ്റാഗ്രാമിൽ 13 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.