രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മേൽ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണു. സിസിടിവിയിൽ പതിഞ്ഞ ഈ അപകടം, ജീർണാവസ്ഥയിലുള്ള ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ചുരു ജില്ലയിലെ സുജൻഗഢിലുള്ള സർക്കാർ മാതൃ - ശിശു ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീയുടെ മേൽ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീണ് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാജ്യത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായി.
തലയിലേക്ക് വീണത് കൂറ്റൻ കോൺക്രീറ്റ് പാളി
സംഭവസമയത്ത് സ്ത്രീ, ഡോക്ടറെ കണ്ടതിന് ശേഷം ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഇവരുടെ തൊട്ട് പിന്നിലായി ബന്ധുവിനെയും സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവതി ഫോണിൽ നോക്കി മുന്നോട്ട് നടക്കുന്നതിനിടെ അപ്രതീക്ഷിതമായി കോൺക്രീറ്റ് സീലിംഗിന്‍റെ വലിയൊരു ഭാഗം പൊട്ടി യുവതിയുടെ തലയിലും ശരീരത്തിലും വീഴുകയായിരുന്നു. ഈ സമയം നിയന്ത്രണം നഷ്ടമായ യുവതി പിന്നിലേക്ക് മറിഞ്ഞ് വീഴുന്നതും വീഡിയോയിൽ കാണാം. അപകടം കണ്ട ആശുപത്രി ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ രക്ഷാപ്രവർത്തനത്തിനെത്തി. ഇതിനകം യുവതി ഏഴുന്നേൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. കോൺക്രീറ്റ് പാളി വീണ് സ്ത്രീയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഇപ്പോഴും ഗവണ്മെന്‍റ് ബഗാഡിയ സബ് - ഡിസ്ട്രിക്റ്റ് ആശുപത്രി ചികിത്സയിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
കെട്ടിടത്തിന്‍റെ സുരക്ഷാ പരിശോധന നടത്തും
അപകടത്തിന് പിന്നാലെ ആശുപത്രി കെട്ടിടത്തിന്റെ സുരക്ഷിതത്വത്തെ ചൊല്ലിനാട്ടുകാരിൽ നിന്നും രൂക്ഷ വിമർശനം ഉയരുന്നു. നിലവിൽ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടം ഏറെക്കാലമായി ജീർണാവസ്ഥയിലാണെന്നും അറ്റകുറ്റപ്പണികളും സുരക്ഷാ നടപടികളും ആവശ്യപ്പെട്ട് മുമ്പും പരാതികൾ ഉയർന്നിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ ഇതുവരെ ഒരു അറ്റകുറ്റപണിയും ചെയ്തിട്ടില്ലെന്നും അവർ ആരോപിച്ചു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കെട്ടിടത്തിന്‍റെ സുരക്ഷ സംബന്ധിച്ച് വിശദ പരിശോധന നടത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


