റെയിൽവേ സ്റ്റേഷനിൽ, ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യുകയായിരുന്ന സ്വിഗ്ഗി ഏജന്റ് വീഴുന്ന ഞെട്ടിക്കുന്ന വീഡിയോ വൈറലായി. കുറഞ്ഞ നേരത്തേക്ക് മാത്രം നിർത്തുന്ന ട്രെയിനുകളിൽ ഭക്ഷണവിതരണത്തിന് അനുമതി നൽകിയ നടപടിയിലെ സുരക്ഷാ വീഴ്ച എടുത്ത് കാണിക്കുന്ന വീഡിയോ.
ട്രെയിനിലെ ടോയിലറ്റിൽ നിന്നും വെള്ളം എടുത്ത് അത് ഉപയോഗിച്ച് ചായയുണ്ടാക്കി യാത്രക്കാർക്ക് നൽകുന്ന വീഡിയോകൾ വൈറലായതിന് പിന്നാലെ ശുചിത്വ പ്രശ്നം ഉന്നയിച്ച് ഇന്ത്യൻ റെയിൽവേ. റെയിവേ സ്റ്റേഷനുകളിലെ ഭക്ഷണ വിതരണം നിർത്തിവച്ചിരുന്നു. ഇത് ദീർഘ -ഹ്രസ്വ ദൂര യാത്രക്കാരെ ഏറെ വലച്ചു. ഇതിനൊരു പരിഹാരമെന്നവണ്ണമാണ് സ്വിഗ്ഗി, ബ്ലിക്കറ്റ്, സോമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകൾക്ക് റെയിൽവേ സ്റ്റേഷനിൽ ഭക്ഷണ വിതരണത്തിന് റെയിൽവേ അനുമതി നൽകിയത്. എന്നാൽ. ഇതുമൂലം വലിയ അപകടങ്ങൾക്ക് സാധ്യതയുണ്ടെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒരു വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നു.
ഞെട്ടിപ്പിക്കുന്ന വീഡിയോ
അനന്തപൂർ റെയിവേ സ്റ്റേഷനിലെത്തിയ പ്രശാന്തി എക്സ്പ്രസിൽ ഭക്ഷണ വിതരണം ചെയ്ത ഒരു സ്വിഗ്ഗി ഡെലിവറി ഏജന്‍റിന് സംഭവിച്ച ഭയപ്പെടുത്തുന്ന അപകടത്തിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ സുരക്ഷാ പ്രശ്നം ഉന്നയിച്ചത്. സ്റ്റേഷനിൽ ഒന്നോ രണ്ടോ മിനിറ്റ് മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. ഇതിനിടെ ഒന്നാം ക്ലാസ് ഏസിയിലെ യാത്രക്കാരന് ഭക്ഷണം നൽകിയ ശേഷം ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു സിഗ്ഗി ഏജന്‍റ്. ഇതിനിടെ ട്രെയിൻ മുന്നോട്ടെടുത്തിരുന്നു. പെട്ടെന്ന് തന്നെ വേഗം കൂടിയ ട്രെയിനിൽ നിന്നും ഇറങ്ങാനുള്ള ശ്രമത്തിനിടെ സ്വിഗ്ഗി ഏജന്‍റ് നെഞ്ചടിച്ച് പ്ലാറ്റ്ഫോമിലേക്ക് വീഴുന്നു. ട്രെയിൻ അതിവേഗം മൂന്നോട്ട് കുതിക്കുന്നതിനിടെ സ്വിഗ്ഗി ഏജന്‍റെ എഴുന്നേൽക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
ആരാണ് കുറ്റക്കാർ?
സ്വിഗ്ഗി വിതരണക്കാർക്ക് ട്രെയിനിൽ ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയത് കൊണ്ട് മാത്രമായില്ലെന്നും ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ റെയിൽവേ നടപടി എടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ഇന്ത്യൻ ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് ഓടുന്നതെന്നും എന്തു കൊണ്ട് ടയർ 3 സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചു കൂടെന്നും ചില കാഴ്ചക്കാർ എഴുതി. ചെറിയ സമയമാത്രമുള്ളത് കൊണ്ട് സ്വിഗ്ഗി ഏജന്‍റിന് ചാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും മറ്റൊരു കാഴ്ചക്കാരൻ എഴുതി. ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താവിന് ഇത്തരം സന്ദർഭങ്ങളിൽ വാതിൽക്കൽവരെ വന്നാലെന്തെന്ന് മറ്റൊരു കാഴ്ചക്കാരൻ ചോദിച്ചു. മനുഷ്യൻറെ ജീവനോളം വലുതല്ല ഒരു ഡെലിവറിയെന്നും യാത്രക്കാരനും റെയിൽവേയും ഇത്തരം ദുരന്തങ്ങൾ തുല്യ കുറ്റക്കാരാണെന്നും മറ്റൊരു കാഴ്ചക്കാരനെഴുതി.


