ഗുജറാത്തിലെ തീർഥാടന പാതയിൽ നിന്നുള്ളതെന്നു കരുതുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമിതഭാരമുള്ള ഭക്തനെ നാലുപേർ ചേർന്ന് ചുമന്നു മലകയറ്റുന്ന ദൃശ്യങ്ങൾ, തൊഴിലിനെയും മനുഷ്യാഭിമാനത്തെയും കുറിച്ചുള്ള സംവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

ഗുജറാത്തിലെ ജൂനഗഡിനടുത്തുള്ള ഒരു തീർഥാടനപാതയിൽ നിന്നും പങ്കുവയ്ക്കപ്പെട്ടതെന്ന് കരുതുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വിശ്വാസത്തെ കുറിച്ചും ചൂഷണത്തെ കുറിച്ചുമുള്ള ചർച്ചയ്ക്ക് വഴിവെച്ചു. മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള കുത്തനെയുള്ള പടവുകളിൽ അമിത ഭാരമുള്ള ഭക്തനെ നാലുപേർ ചേർന്ന് ചുമന്ന് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ എവിടെ വച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ലെങ്കിലും മനുഷ്യരെ മനുഷ്യർ തന്നെ ചുമന്ന് കൊണ്ടുപോകുന്നതിന്‍റെ ധാർമികതയെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി.

'നാല് പേർ ചേന്ന് അഞ്ചാമനെ ചുമന്ന്....'

വീഡിയോയിൽ, താൽക്കാലികമായി മുളകൊണ്ട് കെട്ടിവരിഞ്ഞ ഒരു പാലക്ക് അഥവാ ഡോളി പോലൊന്നിൽ ഇരിക്കുന്ന ഒരു തീർഥാടകനെ നാലുപേർ ചേർന്ന് മലയിടുക്കിലൂടെ ഇടുങ്ങിയതും കുത്തനെയുള്ളതുമായ പടവുകൾ കയറ്റുന്നത് വീഡിയോയിൽ കാണാം. അയാളുടെ അമിത ഭാരവും പാലക്കിന്‍റെ സന്തുലിതാവസ്ഥയും ഒരുപോലെ കൈകാര്യം ചെയ്യേണ്ടി വരുന്ന ചുമട്ടുകാരുടെ കഠിനാധ്വാനം ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ കാഴ്ചയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് ഇടയാക്കി.

'ദൈവം എങ്ങനെ കാണുമിത്...'

"ഇത്തരം രീതികളെ ദൈവം എങ്ങനെ കാണുമെന്നത് സംശയമാണ്" എന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. അതോടൊപ്പം, "നാലുപേർക്ക് തൊഴിൽ ലഭിക്കുന്നുവെന്ന പേരിൽ ഇതിനെ ന്യായീകരിക്കരുത്" എന്ന അഭിപ്രായവും എഴുതിയിരുന്നു. ഇതോടെ, തൊഴിലും മനുഷ്യാഭിമാനവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് നിരവധി പേരാണ് കുറിപ്പുകളെഴുതിയത്.

ഒരു വിഭാഗം ആളുകൾ, പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ള തീർഥാടകർക്കും ഇത്തരം സേവനങ്ങൾ അനിവാര്യമാണെന്നും, വർഷങ്ങളായി നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് ഈ തൊഴിലെന്നും അഭിപ്രായപ്പെട്ടു. എന്നാൽ മറ്റ് ചിലർ വർത്തമാന കാലത്ത് ഒരാളെ മറ്റൊരാൾ ശാരീരികമായി ചുമന്നുകൊണ്ട് പോകുന്നത് മനുഷ്യാഭിമാനത്തിന് യോജിച്ചതല്ലെന്നും ഇത്തരം സംവിധാനങ്ങൾക്ക് പകരം കൂടുതൽ സുരക്ഷിതവും മാനുഷികവുമായ ഗതാഗത സൗകര്യങ്ങൾ വികസിപ്പിക്കേണ്ടകാണെന്നും എഴുതി.