ലിഫ്റ്റ് ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ, വലിയ പാഴ്സലുമായി ആറ് നിലകൾ നടന്നു കയറുന്ന ഡെലിവറി ജീവനക്കാരൻറെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വലിയ വിമര്‍ശനമാണ് കമന്‍റുകളില്‍ ഇതിനെതിരെ ഉയരുന്നത്. 

ഡെലിവറി ജീവനക്കാരേയും വീട്ടുജോലിക്കാരേയും ഒക്കെ കെട്ടിടങ്ങളിലെ പ്രധാന ലിഫ്റ്റ് ഉപയോ​ഗിക്കുന്നതിൽ നിന്നും വിലക്കുന്ന ഒരുപാട് സൊസൈറ്റികൾ ഇന്ത്യയിലുണ്ട്. പലപ്പോഴും ഇത് ചർച്ചയാവുകയും വിമർശനം നേരിടുകയും ചെയ്തിട്ടുമുണ്ട്. അത്തരത്തിലുള്ള ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. എന്നാൽ, അപ്പോഴും ഡെലിവറി ജീവനക്കാരെ മെയിൻ ലിഫ്റ്റ് ഉപയോ​ഗിക്കാൻ സമ്മതിക്കാത്ത തീരുമാനത്തെ അനുകൂലിക്കുന്നവരുണ്ട് എന്നതാണ് അമ്പരപ്പിക്കുന്ന സംഭവം.

സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഒരു വലിയ പാഴ്സലുമായി ഒരു ഡെലിവറിമാൻ പടികൾ കയറി പോകുന്നതാണ് കാണുന്നത്. ഭാരം കാരണം അയാൾ വളരെ പതുക്കെയാണ് നടക്കുന്നത്. ഒരു ഘട്ടത്തിൽ, അയാൾക്ക് ബാലൻസ് തെറ്റുന്നുപോലുമുണ്ട്. എന്നാൽ, ഈ പ്രയാസമെല്ലാം സഹിച്ചുകൊണ്ട് അയാൾ മുന്നോട്ട് തന്നെ നടക്കുകയാണ്. ഒടുവിൽ പാഴ്സൽ ഡെലിവറി ചെയ്യേണ്ടുന്ന അപ്പാർട്ട്മെന്റിൽ എത്തി. പക്ഷേ അപ്പോഴും ആ കഷ്ടപ്പാട് അവസാനിച്ചില്ല.

വളരെ വലിയ പാഴ്സൽ ആയതിനാൽ തന്നെ അയാൾക്ക് ഫ്ലാറ്റിന്റെ വാതിലിലൂടെ ഞെരുങ്ങി അകത്തുകടക്കാൻ ബുദ്ധിമുട്ടാണ്. അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിൽ അയാൾ വീണ്ടും വീഴാൻ പോകുന്നതും കാണാം. അപ്പോൾ ഒരാൾ ശ്രദ്ധിക്കാൻ പറയുന്നതും കേൾക്കാം. ആറാമത്തെ നിലയിലേക്കാണ് അയാൾക്ക് പാഴ്സൽ കൊണ്ടുപോകേണ്ടി വന്നത് എന്നാണ് മനസിലാവുന്നത്.

Scroll to load tweet…

X -ൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്, 'ഡെലിവറി ജീവനക്കാരെ ലിഫ്റ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നത് പുതിയ രൂപത്തിലുള്ള തൊട്ടുകൂടായ്മയാണ്' എന്നാണ്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ തരത്തിലുള്ള ചർച്ചയും ഇതേ ചൊല്ലി നടന്നു. ഡെലിവറി ജീവനക്കാരെ മെയിൻ ലിഫ്റ്റ് ഉപയോ​ഗിക്കാൻ അനുവദിക്കാത്ത നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് അനേകങ്ങളാണ് കമന്റ് നൽകിയിരിക്കുന്നത്. അതേസമയം, പാഴ്സൽ ലിഫ്റ്റിന്റെ ഡോറിലൂടെ കയറില്ല എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചവരും ഉണ്ട്.