ഇന്ത്യൻ യൂട്യൂബറായ ധർമ്മേന്ദ്ര ബിലോട്ടിയ ഷെയര്‍ ചെയ്ത ഒരു ഹൃദയസ്പര്‍ശിയായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. തന്റെ മാതാപിതാക്കൾക്ക് ആദ്യമായി ഹെലികോപ്റ്റർ യാത്രയൊരുക്കിയതിന്റെ വീഡിയോ കണ്ടിരിക്കുന്നത് 50 മില്ല്യണിലധികം പേരാണ്.
ഒരു ഇന്ത്യൻ യൂട്യൂബർ ഷെയർ ചെയ്ത ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. തന്റെ മാതാപിതാക്കളുടെ ആദ്യത്തെ ഹെലികോപ്ടർ യാത്രയാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്നത്. ധർമ്മേന്ദ്ര ബിലോട്ടിയ എന്ന യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, അമ്മയ്ക്കും അച്ഛനും ഇടയിൽ അദ്ദേഹം നിൽക്കുന്നത് കാണാം. അതിന്റെ പിന്നിലായി ഒരു ഹെലികോപ്റ്ററും ഉണ്ട്. സോഷ്യൽ മീഡിയയിൽ നിരവധിക്കണക്കിനാളുകളാണ് ഈ അതിമനോഹരമായ വീഡിയോ കണ്ടിരിക്കുന്നതും അതിന് കമന്റുകൾ നൽകിയിരിക്കുന്നതും.
വീഡിയോയുടെ തുടക്കത്തിൽ തന്നെ, ബിലോഷ്യ തന്റെ മാതാപിതാക്കളോട് ഹെലികോപ്റ്റർ യാത്രയെക്കുറിച്ചും അവർക്ക് അതിൽ എന്തു തോന്നുന്നുവെന്നും ചോദിക്കുന്നതായി കാണാം. അവന്റെ അമ്മയും അച്ഛനും നല്ലതായി തോന്നി എന്ന് മാത്രമാണ് മറുപടി നൽകുന്നത്. അവരുടെ ചുരുക്കിയുള്ള ആ പ്രതികരണം ആ നിമിഷത്തെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു എന്ന് വീഡിയോ കാണുമ്പോൾ മനസിലാകും. അച്ഛനും അമ്മയും പുഞ്ചിരിക്കുന്നതും കൈകൂപ്പുന്നതും വീഡിയോയിൽ കാണാം. മാത്രമല്ല, അവർ ഇരുവരും മകനോടൊപ്പം ഹെലികോപ്റ്ററിൽ കയറുന്നതും പറക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇരുവരും വളരെ അധികം ആകാംക്ഷയിലും സന്തോഷത്തിലും ആണ് എന്നും വീഡിയോ കാണുമ്പോൾ മനസിലാവും.
'ഒരുകാലത്ത് വയലുകളിൽ നിന്നും ആകാശത്ത് പറക്കുന്ന ഹെലികോപ്റ്ററുകൾ വീക്ഷിച്ചിരുന്നവരെ ഇന്ന് ഒരു ഹെലികോപ്റ്ററിൽ കയറ്റിയിരിക്കുന്നു. ഗ്രാമത്തിലെ മണ്ണിൽ നിന്ന് ആകാശത്തിന്റെ ഉയരങ്ങളിലേക്ക്' എന്നാണ് മകൻ വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്. 50 മില്ല്യണിലധികം ആളുകളാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടിരിക്കുന്നത്. നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് വന്നിട്ടുണ്ട്. ഇതൊക്കെയാണ് മക്കൾ എന്ന രീതിയിലുള്ള യഥാർത്ഥ സന്തോഷം എന്ന കമന്റുകളാണ് മിക്കവരും നൽകിയിരിക്കുന്നത്.
