ഡെൽഹിയിൽ വെച്ച് ബസ് കേടായി, ഫോണിലെ ചാർജ്ജും തീര്‍ന്നു. ഒറ്റപ്പെട്ടുപോയ വിദേശി യുവതിക്ക് രക്ഷകനായി ഒരു അപരിചിതൻ. ഇന്ത്യ, ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ഞാൻ കരുതുന്നതിന് മറ്റൊരു കാരണം കൂടിയാണ് ഈ അനുഭവമെന്ന് യുവതി.

ഇന്ത്യയിൽ വെച്ച് ഒരു അപരിചിതനിൽ നിന്ന് തനിക്ക് ലഭിച്ച ഹൃദയസ്പർശിയായ അനുഭവം പങ്കുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയുടെ മനസ്സ് കവരുകയാണ് ഒരു അമേരിക്കൻ യുവതി. 'ഡെൽഹിയിൽ ഒറ്റയ്ക്ക് വഴിമുട്ടി നിന്നു. ഇന്ത്യക്കാരുടെ സ്നേഹത്താൽ രക്ഷപ്പെട്ടു' എന്ന തലക്കെട്ടോടെ അമേരിക്കന്‍ യുവതിയായ സിയറ ലിലിയൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഋഷികേശിലേക്ക് മടങ്ങാൻ താൻ ബുക്ക് ചെയ്ത സ്ലീപ്പർ ബസ് വഴിയിൽ വെച്ച് കേടായതിനെ തുടർന്ന്, യാത്ര തുടരാനായി സിയറ ഒരു ക്യാബ് വിളിക്കുകയായിരുന്നു. എന്നാൽ, ടാക്സി എത്തുന്നതിനായി കാത്തിരിക്കുന്നതിനിടയിൽ സിയറയുടെ ഫോണിലെ ചാർജ് പൂർണ്ണമായും തീർന്നുപോയി. ലക്ഷ്യസ്ഥാനത്ത് എങ്ങനെ എത്തുമെന്നറിയാതെ, എന്തുചെയ്യുമെന്ന ഭയത്തിൽ ഒറ്റപ്പെട്ടുപോയ ആ നിമിഷത്തെക്കുറിച്ച് അവർ ഓർക്കുന്നു.

'ഞാൻ പൂർണ്ണമായും ഭയന്നുപോയിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞാൻ റോഡരികിൽ ഇരിക്കുകയായിരുന്നു. ആ സമയത്താണ് പെട്ടെന്ന് ഒരാൾ എന്റെ അരികിലേക്ക് വന്ന് അവരുടെ ഓഫീസിനുള്ളിൽ വന്നിരിക്കുന്നോ എന്ന് ചോദിക്കുന്നത്' സിയറ പറഞ്ഞു.

അദ്ദേഹം സിയറയെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോയി കുടിക്കാൻ ചായ നൽകുകയും ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. ഫോൺ ഓൺ ആയപ്പോൾ, ഊബർ ഡ്രൈവറോട് സംസാരിച്ച് അവർ നിൽക്കുന്ന സ്ഥലം കൃത്യമായി പറഞ്ഞുകൊടുക്കാനും അദ്ദേഹം സഹായിച്ചു. ടാക്സി വരുന്നത് കാത്തിരിക്കുന്നതിനിടയിൽ, തന്റെ പശുക്കളെ കാണാൻ താല്പര്യമുണ്ടോ എന്ന് ആ വ്യക്തി സിയറയോട് ചോദിച്ചു. തുടർന്ന്, തൊട്ടടുത്തുള്ള ഒരു തൊഴുത്തിലേക്ക് അദ്ദേഹം സിയറയെ കൂട്ടിക്കൊണ്ടുപോയി രണ്ട് മണിക്കൂർ മുമ്പ് മാത്രം ജനിച്ച ഒരു പശുക്കിടാവിനെ കാണിച്ചുകൊടുത്തു.

'പിന്നീട് തന്റെ ഹനുമാൻ ക്ഷേത്രവും അദ്ദേഹം വളർത്തുന്ന ചെടികളുടെ നഴ്സറിയും എന്നെ കാണിച്ചുതന്നു. ആ നിമിഷത്തിൽ, സ്നേഹവും കൃതജ്ഞതയും കൊണ്ട് എന്റെ ഹൃദയം നിറഞ്ഞുപോയിരുന്നു' സിയറ വീഡിയോയിൽ വ്യക്തമാക്കുന്നു. ഒടുവിൽ ടാക്സി എത്തിയപ്പോൾ വീട്ടിൽ ഉണ്ടാക്കിയ മോരും ഒരു കുപ്പിയിലാക്കി നൽകിയാണ് അദ്ദേഹം സിയറയെ യാത്രയാക്കിയത്.

View post on Instagram

'ഇന്ത്യയിലേക്ക് പോകാൻ ഭയമില്ലേ എന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ എനിക്ക് ചിരിയാണ് വരാറുള്ളത്. കാരണം, എന്റെ ജീവിതത്തിൽ ഇന്നുവരെ ഭാരതീയരിൽ നിന്ന് ലഭിച്ചത്രയും സ്നേഹവും ഔദാര്യവും എനിക്ക് മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ല. അവർ എപ്പോഴും നിങ്ങളെ സഹായിക്കാൻ തയ്യാറാണ്. ഇന്ത്യ, ജീവിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ഞാൻ കരുതുന്നതിന് മറ്റൊരു കാരണം കൂടിയാണ് ഈ അനുഭവം. ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം. രാം രാം' സിയറ പറഞ്ഞു.

ഈ വീഡിയോയ്ക്ക് താഴെ ഭാരതീയരുടെ നന്മയെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. ലോകമെമ്പാടും ഇന്ത്യക്കാർക്കെതിരെ വെറുപ്പ് പ്രചരിക്കുന്ന ഈ സമയത്ത്, യഥാർത്ഥ ഇന്ത്യയുടെ സ്നേഹവും കാരുണ്യവും ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിക്കുന്നു.