പ്രഷർ കുക്കറിൽ വയ്ക്കുന്നതിന് മുമ്പ് ചായ തിളപ്പിക്കേണ്ടതില്ല എന്നും അഗർവാൾ പറയുന്നു. പകരം നേരിട്ട് വച്ചാൽ മതി. തീ മീഡിയത്തിലായിട്ടാണ് വച്ചത്. രണ്ട് വിസിലിൽ കൂടുതൽ വയ്ക്കരുത്.
ഇന്ത്യക്കാർക്ക് ചായ ഒരു വികാരമാണ്. എത്ര നന്നായി ചായ തയ്യാറാക്കാൻ പറ്റുന്നുവോ അത്രയും മികച്ചതാക്കി മാറ്റാനായി ആളുകൾ ശ്രമിക്കാറുണ്ട്. മസാല ചായ, ജിഞ്ചർ ടീ, ബ്ലാക്ക് ടീ, ലെമൺ ടീ തുടങ്ങി പലവിധത്തിലുള്ള ചായകളുമുണ്ട്. എന്നാൽ, ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ഒരു വെറൈറ്റി ചായയാണ്. ഈ ചായ തയ്യാറാക്കിയിരിക്കുന്നത് CookingShooking -ന് പിന്നിലുള്ള യമൻ അഗർവാൾ എന്ന ഫുഡ് ക്രിയേറ്ററാണ്. വിചിത്രമായ പാചകപരീക്ഷണങ്ങളുടെ പേരിൽ അറിയപ്പെടുന്നയാൾ കൂടിയാണ് അഗർവാൾ. എന്നാൽ, ഇത്തവണ ആളുണ്ടാക്കിയിരിക്കുന്നത് കുക്കർചായയാണ്.
അതേ, കുക്കറിൽ ചായ വയ്ക്കുന്നതിനെ കുറിച്ച് നമ്മൾ കേട്ടുകാണില്ല അല്ലേ? യമൻ അഗർവാളിന്റെ കുക്കർ ചായ എന്തായാലും ആളുകളെ അമ്പരപ്പിച്ചിട്ടുണ്ട്. 'കുക്കറിൽ ചായ ഉണ്ടാക്കിയപ്പോൾ അതിശയകരമായി മാറി, നിങ്ങളും ഇത് പരീക്ഷിച്ചു നോക്കണം' എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സാധാരണ തിളപ്പിക്കുമ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ നന്നായി രുചി കിട്ടാൻ പ്രഷർ കുക്കറിൽ ചായ തയ്യാറാക്കുമ്പോൾ സാധിക്കുന്നു എന്നാണ് യമൻ അഗർവാൾ പറയുന്നത്. ആവശ്യമായ അളവിൽ വെള്ളം, അല്പം ഇഞ്ചി പൊടിച്ചത്, തേയില, പഞ്ചസാര, പാൽ എന്നിവയെല്ലാം ഒരേസമയം പ്രഷർ കുക്കറിൽ ചേർക്കുകയാണ് ഷെഫ് ചെയ്തത്.
പ്രഷർ കുക്കറിൽ വയ്ക്കുന്നതിന് മുമ്പ് ചായ തിളപ്പിക്കേണ്ടതില്ല എന്നും അഗർവാൾ പറയുന്നു. പകരം നേരിട്ട് വച്ചാൽ മതി. തീ മീഡിയത്തിലായിട്ടാണ് വച്ചത്. രണ്ട് വിസിലിൽ കൂടുതൽ വയ്ക്കരുത്. ആവി മുഴുവനായും പോയശേഷം മാത്രമേ കുക്കർ തുറക്കാവൂ എന്നും ഷെഫ് പറയുന്നു. 'ഈ റെസിപ്പി ഒരു തവണ പരീക്ഷിച്ചാൽ എക്കാലവും നിങ്ങൾ നിങ്ങളുടെയീ സഹോദരനെ ഓർക്കും' എന്നുകൂടി യമൻ അഗർവാൾ പറയുന്നു. എന്തായാലും കുക്കർ ചായയ്ക്ക് അനേകങ്ങളാണ് കമന്റുകളുമായി വന്നത്. എന്തായാലും സംഗതി കൊള്ളാം. പക്ഷേ ഒരു ചായയുണ്ടാക്കിയതിന് കുക്കർ കഴുകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാവും എന്നായിരുന്നു ഒരു രസികൻ കമന്റ്. ഇനി ചായപ്പാത്രത്തിൽ ബിരിയാണി വയ്ക്കാനാവുമോ എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്.
