കോസ്റ്റ്കോ സ്റ്റോറിനുള്ളിൽ മലയാളി യുവതി തിരുവാതിര നൃത്തം അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വൈറലായി. ഈ ദൃശ്യങ്ങൾ പൊതുസ്ഥലത്തെ പെരുമാറ്റത്തെയും 'സിവിക് സെൻസി'നെയും സംബന്ധിച്ച വലിയ ചർച്ചകൾക്ക് വഴിവെച്ചു. വ്യക്തിസ്വാതന്ത്ര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ഇത് ഇന്ത്യൻ സമൂഹത്തിന് നാണക്കേടുണ്ടാക്കുമെന്ന് മറുവിഭാഗം വിമർശിക്കുന്നു.

കോസ്റ്റ്കോ സ്റ്റോറിനുള്ളിൽ തിരുവാതിര നൃത്തം അവതരിപ്പിക്കുന്ന മലയാളി യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊതുസ്ഥലങ്ങളിലെ പെരുമാറ്റവും ‘സിവിക് സെൻസും' സംബന്ധിച്ച് ചർച്ച വീണ്ടും സജീവമായി. ഷോപ്പിങ് നടത്തുന്നതിനിടെ യുവതി കേരളത്തിന്‍റെ പരമ്പരാഗത നൃത്തരൂപമായ തിരുവാതിര കളി അവതരിപ്പിക്കുന്നത് വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ ആദ്യം പങ്കുവെച്ച ദൃശ്യങ്ങൾ പിന്നീട് എക്സിലും പിന്നാലെ മറ്റഅ സമൂഹ മാധ്യമങ്ങളിസും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയായിരുന്നു.

ഷോപ്പിംഗിനിടെ രണ്ട് ചുവട്

“ഷോപ്പിങ്ങിനിടയിലും തിരുവാതിര പരിശീലനം മനസ്സിൽ നിന്ന് മാറുന്നില്ല” എന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ വീഡിയോ മറ്റ് സമൂഹ മാധ്യമങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പൗരബോധ കുറവെന്ന രീതിയിലാണ് പങ്കുവയ്ക്കപ്പെട്ടത്. 'പൗരബോധം ഒട്ടും ഇല്ലാത്തത് മൊത്തം ഇന്ത്യൻ സമൂഹത്തിനും അനാവശ്യമായ നാണക്കേട് മാത്രമേ വരുത്തിവെക്കൂ!!' എന്ന കുറിപ്പോടെയാണ് എക്സിൽ M9 USA എന്ന ഹാന്‍റിലിലൂടെ പങ്കുവച്ചത്. ഇതോടെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് പ്രതികരണങ്ങൾ എഴുതാനെത്തിയത്. ഏതാണ്ട് 23 ലക്ഷത്തിലേറെ പേരാണ് മനോഹരമായ ആ നൃത്ത വീഡിയോ ഇതിനകം കണ്ടത്. പിന്നാലെ പൊതുസ്ഥലത്ത് ഇത്തരത്തിൽ നൃത്തം ചെയ്യുന്നത് മര്യാദയുടെയും സിവിക് സെൻസിന്‍റെയും കുറവാണെന്ന വിമർശനവുമായി ചിലരെത്തി. വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്‍റെ പ്രതിച്ഛായയെ ഇത്തരം പ്രവൃത്തികൾ ബാധിക്കുമെന്നും ചിലർ ആരോപിച്ചു. വിദേശരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ പൊതുസ്ഥലങ്ങളിലെ നിയമങ്ങളും മര്യാദകളും പാലിക്കേണ്ടതുണ്ടെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി.

Scroll to load tweet…

എന്തു കൊണ്ട് പറ്റില്ല?

അതേസമയം, വിമർശനത്തോട് വിയോജിച്ചവരും നിരവധിയാണ്. അമേരിക്കയിൽ ഉൾപ്പെടെ ആളുകൾ പൊതുസ്ഥലങ്ങളിൽ സോഷ്യൽ മീഡിയ വീഡിയോകൾക്കായി നൃത്തം ചെയ്യാറുണ്ടെന്നും, അതേ കാര്യം ഒരു ഇന്ത്യൻ യുവതി ചെയ്തപ്പോൾ മാത്രം എന്തുകൊണ്ട് വിമർശിക്കുന്നുവെന്നുമായിരുന്നു ചിലരുടെ ചോദ്യം. നൃത്തം മറ്റുള്ളവർക്ക് യഥാർത്ഥത്തിൽ ബുദ്ധിമുട്ടോ തടസ്സമോ സൃഷ്ടിച്ചിട്ടുണ്ടോയെന്നും ചിലർ ചോദിച്ചു. തിരുവാതിരക്കളി പോലുള്ള ഒരു കലാരൂപം പൊതുസ്ഥലത്ത് അവതരിപ്പിക്കുന്നതിനെ സാംസ്കാരിക അഭിമാനമായി കാണാൻ പറ്റുമോ അതോ അതിനായി പ്രത്യേകം വേദികൾ മാത്രമേ പാടൊള്ളൂവെന്ന് ചിലർ ചോദിച്ചു. വീഡിയോ. വ്യക്തിസ്വാതന്ത്ര്യവും പൊതുമര്യാദയും തമ്മിലുള്ള അതിർവരമ്പുകളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് ഇടമൊരുക്കിയത്.