അമേരിക്കയിലെ വിസ്കോൺസിനിൽ, 69-കാരനായ ഒരു പൈലറ്റ് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഷോപ്പിംഗിനായി സ്വന്തം ഹെലികോപ്റ്ററിൽ പറന്നെത്തി. ആവശ്യമായ ലൈസൻസുകൾ ഉണ്ടായിരുന്നതിനാൽ നിയമനടപടികൾ നേരിടേണ്ടി വന്നില്ല, ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.
റോഡിലെ ഗതാഗതക്കുരുക്കും നീണ്ട യാത്രയും ഒഴിവാക്കാൻ സാധനങ്ങൾ വാങ്ങാൻ സ്വന്തം ഹെലികോപ്റ്ററിൽ പറന്നെത്തി 69 -കാരൻ. അമേരിക്കയിലെ വിസ്കോൺസിനിൽ നടന്ന ഈ കൗതുകകരമായ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായി. അനുഭവസമ്പന്നനായ പൈലറ്റ് ഡെന്നിസ് പിപ്പിംഗ് ആണ് തന്‍റെ ഗ്രാമായ റോസെൻഡാലിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ റിച്ച്ഫീൽഡിലുള്ള 'സിബെലാസ്' എന്ന പ്രമുഖ ഔട്ട്‌ഡോർ സപ്ലൈ സ്റ്റോറിന്‍റെ പാർക്കിംഗ് ലോട്ടിൽ ഇറക്കി ശ്രദ്ധേയനായത്.
'റോഡിൽ ഭയങ്കര തിരക്ക്, അതാണ്....'
തിരക്കേറിയ പാർക്കിംഗ് ഏരിയയിൽ അപ്രതീക്ഷിതമായി ഹെലികോപ്റ്റർ ഇറങ്ങാൻ ശ്രമിക്കുന്നത് കണ്ട ഉപഭോക്താക്കളും നാട്ടുകാരും ജീവനക്കാരും അമ്പരന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് ഡെപ്യൂട്ടി ചോദ്യം ചെയ്തപ്പോൾ, "ഹൈവേയിലൂടെയുള്ള റോഡ് യാത്രയ്ക്ക് ഒരുപാട് സമയം എടുക്കും, അത് ഒഴിവാക്കാനാണ് താൻ ഹെലികോപ്റ്ററിൽ വന്നത്" എന്ന് പൈലറ്റ് ലളിതമായി മറുപടി നൽകി.
എല്ലാം കൃത്യം; പിഴയുമില്ല, കേസുമില്ല
പരിശോധനയിൽ പൈലറ്റിന് ആവശ്യമായ എല്ലാ കൃത്യമായ ലൈസൻസുകളും ഉണ്ടെന്നും, ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) നിർദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ലാൻഡിംഗ് നടത്തിയതെന്നും വ്യക്തമായി. അതിനാൽ കേസോ പിഴയോ ചുമത്തിയിട്ടില്ല. "കടയ്ക്ക് മുന്നിലെ റൗണ്ട് എബൗട്ടുകളും ഗതാഗതക്കുരുക്കും ഒഴിവാക്കി ഷോപ്പിംഗിന് വരാൻ ഇയാൾ കണ്ടെത്തിയ വഴി വ്യത്യസ്തമാണ്. സാധാരണ ലഭിക്കുന്ന പാർക്കിംഗ് പരാതികളിൽ ഒന്നല്ല ഇത്," എന്ന് വാഷിംഗ്ടൺ കൗണ്ടി ഷെരീഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സോഷ്യൽ മീഡിയയിലും സംഭവം ഇതിനോടകം വൻ തരംഗമായി മാറി. സയൻസ് ഫിക്ഷൻ സിനിമകളിലെ പോലെ ഭാവിയിൽ എല്ലാവർക്കും പറക്കുന്ന കാറുകളുണ്ടാകും എന്നതിന്‍റെ തുടക്കമാണിതെന്നും, തിരിച്ചുപോകുമ്പോൾ ഹെലികോപ്റ്റർ ഇട്ട സ്ഥലം മറക്കാതിരിക്കാൻ പാർക്കിംഗ് സ്ലോട്ടിന്‍റെ ഫോട്ടോ എടുത്തിട്ടുണ്ടാകുമെന്നും തുടങ്ങി രസകരമായ കമന്‍റുകളാണ് ആളുകൾ പങ്കുവെക്കുന്നത്.


