Asianet News MalayalamAsianet News Malayalam

മായൻ പിരമിഡിൽ കയറി, ഡാൻസ് ചെയ്തു, വിനോദസഞ്ചാരിയായ സ്ത്രീക്ക് നേരെ ജനക്കൂട്ട ആക്രമണം

മുകളിൽ ചെന്ന സ്ത്രീയോട് താഴേക്ക് ഇറങ്ങി വരാൻ ഒരാൾ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ താഴെ കൂടിയിരിക്കുന്ന ആളുകളും സ്ത്രീയുടെ പ്രവൃത്തി ഇഷ്ടപ്പെടാതെ ബഹളം വയ്ക്കുന്നത് കേൾക്കാം. വീഡിയോയുടെ അവസാനം സ്ത്രീ താഴേക്കിറങ്ങി വരികയാണ്.

tourists climb mayan pyramid mobs attack her
Author
First Published Nov 23, 2022, 12:09 PM IST

മെക്സിക്കോയിലെ മായൻ പിരമിഡിൽ വിനോദസഞ്ചാരിയായ സ്ത്രീ കയറുകയും ഡാൻസ് ചെയ്യുന്നത് പോലെ പെരുമാറിയതും ആളുകളെ രോഷാകുലരാക്കി. തിങ്കളാഴ്ചയാണ് സംഭവം. ഈ വിനോദസഞ്ചാരി സ്പാനിഷുകാരിയാണ് എന്നാണ് വിശ്വസിക്കുന്നത്. നിയമങ്ങളും നടപടിക്രമങ്ങളും എല്ലാം മറികടന്നാണ് ചിചെൻ ഇറ്റ്സയിലെ കുക്കുൽകാൻ എന്ന മായൻ ക്ഷേത്രത്തിൽ അവർ കയറിയത് എന്ന് പറയുന്നു. 

സ്ത്രീയുടെ പ്രവൃത്തി ആളുകളെ രോഷാകുലരാക്കി. ജനക്കൂട്ടം അവരുടെ മേൽ വെള്ളം ഒഴിക്കുകയും അവരെ അസഭ്യം പറയുകയും അവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പരിശുദ്ധമായ ക്ഷേത്രത്തിൽ കയറിയത് തങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് കൊണ്ട് ആളുകൾ അവരെ അക്രമിച്ചതായാണ് റിപ്പോർട്ട്. 

പിരമിഡിന് താഴെയുള്ള കാഴ്ചക്കാരുടെ പ്രതിഷേധത്തെ അവഗണിച്ച് കൊണ്ട് ഒരു സ്ത്രീ കെട്ടിടത്തിലേക്ക് കയറുന്നത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളിൽ കാണാം. സ്ത്രീ മുകളിൽ കയറി ഡാൻസ് ചെയ്യുന്നത് പോലെ കൂടി കാണിച്ചപ്പോൾ ജനക്കൂട്ടം കൂടുതൽ കോപാകുലരാവുകയായിരുന്നു. 

മുകളിൽ ചെന്ന സ്ത്രീയോട് താഴേക്ക് ഇറങ്ങി വരാൻ ഒരാൾ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ താഴെ കൂടിയിരിക്കുന്ന ആളുകളും സ്ത്രീയുടെ പ്രവൃത്തി ഇഷ്ടപ്പെടാതെ ബഹളം വയ്ക്കുന്നത് കേൾക്കാം. വീഡിയോയുടെ അവസാനം സ്ത്രീ താഴേക്കിറങ്ങി വരികയാണ്. എന്നാൽ, ജനക്കൂട്ടം അപ്പോഴേക്കും മുഴുവനായും ക്ഷുഭിതരായിരുന്നു. അവർ സ്ത്രീക്ക് മേൽ കുപ്പിയിൽ നിന്നും വെള്ളം ഒഴിക്കുകയാണ്. 

മെക്സിക്കൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് ഹിസ്റ്ററിയിൽ നിന്നുമുള്ള സുരക്ഷാ ഉദ്യോ​ഗസ്ഥരാണ് സ്ത്രീയെ താഴേക്കെത്തിച്ചത് എന്ന് പറയുന്നു. പ്രകോപിതരായ നാട്ടുകാർ തുടർച്ചയായി ബഹളം വച്ചിട്ടും സുരക്ഷാ ഉദ്യോ​ഗസ്ഥർ അവരെ സുരക്ഷിതരായി പുറത്തെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, അതിനിടയിൽ ഒരു സ്ത്രീ അവരുടെ മുടി പിടിച്ച് വലിച്ചു. മറ്റ് ചിലർ കല്ല് പോലും അവർക്ക് നേരെ എറിഞ്ഞു എന്നാണ് റിപ്പോർട്ട്. അവരെ അറസ്റ്റ് ചെയ്യണം എന്നും ജയിലിൽ അടക്കണം എന്നും ജനക്കൂട്ടം ആവശ്യപ്പെട്ടു. 

ലോകപൈതൃക സൈറ്റിൽ നിയമം ലംഘിച്ച് പ്രവൃത്തിച്ചതിന് സ്ത്രീ അറസ്റ്റ് ചെയ്യപ്പെടുകയും പിഴ ചുമത്തപ്പെടുകയും ചെയ്തു എന്ന് റിപ്പോർട്ട് പറയുന്നു. 

Follow Us:
Download App:
  • android
  • ios