സെൻട്രൽ ജയിൽ കാണാനുള്ള ആഗ്രഹത്താൽ ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ യുവാവ് ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കോമൾ സിംഗ് എന്ന ഇയാൾ പിന്നീട് പോലീസിൽ കീഴടങ്ങുകയും ചെയ്തു. ഇയാളുടെ അസാധാരണമായ പെരുമാറ്റത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇയാളുടെ മാനസികനിലയെക്കുറിച്ച് ചർച്ചകൾ സജീവമായി.
ഉത്തർപ്രദേശിലെ ഇറ്റാവയിൽ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സെൻട്രൽ ജയിൽ കാണാനുള്ള ആഗ്രഹത്താൽ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന യുവാവിന്‍റെ വീഡിയോയായിരുന്നു അത്. യാതൊരു കൂസലുമില്ലാതെ താന്‍ ചെയ്തത് എന്തോ വീര്യ പ്രവർത്തിയാണെന്ന് ധരിച്ച് സംസാരിക്കുന്ന അയാളുടെ വാക്കുകൾ കേട്ട സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത് അയാളുടെ മാനസീകാവസ്ഥയ്ക്ക് എന്തോ പ്രശ്നമുണ്ടെന്നായിരുന്നു.
സെൻട്രൽ ജയിലിൽ കിടക്കണം
കീഴടങ്ങിയ പ്രതിയെ പോലീസ് ശാരീരിക ക്ഷമതാ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആശുപത്രി ജീവനക്കാർ പകർത്തിയ വീഡിയോയായിരുന്നു അത്. സംഭവം വിവരിക്കുമ്പോഴുള്ള അയാളുടെ അസാധാരണമായ ധൈര്യവും മനോഭാവവും കണ്ട് കാഴ്ചക്കാർ ഞെട്ടി. കോമൾ സിംഗ് എന്ന് സ്വയം പരിചയപ്പെടുത്തിയ അയാൾ അഹേരിപൂർ പ്രദേശത്ത് ചരലും മണലും കൊണ്ടുപോകുന്ന ഒരു ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്യുന്നു. ഇടയ്ക്ക് കോമളിന് സെൻട്രൽ ജയിൽ കാണാൻ ആഗ്രഹം തോന്നി. പിന്നൊന്നും നോക്കിയില്ല. തോക്കെടുത്ത് ഭാര്യ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പോലീസിനെ വിളിക്കാൻ പറഞ്ഞു.
അതേസമയം ഇടയ്ക്ക് താൻ തന്നെയാണ് തോക്കുമായി പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങിയതെന്നും അയാൾ പറയുന്നു. മൂന്ന് തവണ ഒറായി ജയിലിൽ കിടന്നിട്ടുണ്ട്. പക്ഷേ. സെന്‍ട്രൽ ജയിലിൽ ഇതുവരെ കയറിയിട്ടില്ല. ആ ആഗ്രഹം നിറവേറ്റാനാണ് പോകുന്നതെന്നും ഇടയ്ക്ക് ഇയാൾ വീഡിയോയിൽ പറയുന്നു. വീട്ടിൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്നും എന്നാൽ വിവാഹം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിൽ സങ്കടമുണ്ടെന്നും ഇടയ്ക്ക് ഇയാൾ പറയുന്നതും കേൾക്കാം. വളരെ ശാന്തനായും ഇടയ്ക്ക് ചിരിച്ച് കൊണ്ടുമാണ് അയാളുടെ വർത്തമാനം. ആശുപത്രിയിലേക്ക് അയാളെ കൊണ്ടുവന്ന പോലീസുകാരെയും കൂടെ കാണാം.
കാര്യമായ പ്രശ്നമുണ്ടെന്ന് നെറ്റിസെൺസ്
വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. സെട്രൽ ജയിലിൽ കയറാൻ വേണ്ടി മാത്രം ഒരാൾ ഭാര്യയുടെ നേരെ തോക്ക് ചൂണ്ടുമോയെന്നായിരുന്നു പലരുടെയും സംശയം. അതേസമയം അയാളുടെ മനോനിലയ്ക്ക് പ്രശ്നമുണ്ടെന്ന് മറ്റ് ചിലരെഴുതി. എന്നാൽ അയാൾ ലഹരിക്ക് അടിയെന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. സെൻട്രൽ ജയിൽ സന്ദർശിക്കാൻ വേണ്ടി മാത്രം ഒരു കുറ്റകൃത്യം ചെയ്യുന്നത് ഒരു സിനിമാ തിരക്കഥ പോലെ തോന്നുന്നുവെന്നായിരുന്നു ഒരു കുറിപ്പ്. ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് ഗുരുതര കുറ്റമാണ്. കർശന നടപടി സ്വീകരിക്കണമെന്ന് മറ്റൊരാൾ എഴുതി. മറ്റ് ചിലർ അതും തമാശയായി എടുത്തു. അയാൾ ജയിലിനെ ഒരു വിനോദസഞ്ചാര കേന്ദ്രം പോലെയാണ് കാണുന്നതെന്നായിരുന്നു ഒരു കുറിപ്പ്. അതേസമയം മറ്റ് ചിലർ ആശങ്കകളും പങ്കുവച്ചു. അയാൾക്ക് മാനസിക പ്രശ്നമുണ്ടെന്നും വൈദ്യ സഹായം ആവശ്യമുണ്ടെന്നും മറ്റ് ചിലരെഴുതി.


