ഓസ്ട്രിയയിലെ വെറോണിക്ക എന്ന പശു ഉപകരണങ്ങൾ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ പശുവായി ശാസ്ത്രീയമായി സ്ഥിരീകരിക്കപ്പെട്ടു. സ്വന്തം ശരീരം ചൊറിയാനായി ബ്രഷുകളും മരക്കഷ്ണങ്ങളും വെറോണിക്ക ബുദ്ധിപൂർവ്വം തെരഞ്ഞെടുത്ത് ഉപയോഗിക്കുന്നു.

ഓസ്ട്രിയയിലെ ഒരു മലയോര ഗ്രാമത്തിൽ നിന്നുള്ള വെറോണിക്ക എന്ന തവിട്ടുനിറത്തിലുള്ള പശു ഇപ്പോൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. കന്നുകാലികളെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണകളെ തിരുത്തിക്കുറിക്കുന്ന പ്രവർത്തനങ്ങളാണ് വെറോണിക്ക ചെയ്യുന്നത്. ഉപകരണങ്ങൾ സ്വയം ഉപയോഗിക്കുന്നതായി കണ്ടെത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ പശുവാണ് വെറോണിക്ക.

ബുദ്ധിപൂർവ്വമുള്ള തെരഞ്ഞെടുപ്പ്

നിലത്തു കിടക്കുന്ന മരക്കഷ്ണങ്ങൾ, ബ്രഷുകൾ എന്നിവ ഉപയോഗിച്ച് വെറോണിക്ക സ്വന്തം ശരീരം ചൊറിയാറുണ്ട്. വെറോണിക്ക വെറുതെ ഉപകരണങ്ങൾ ഉപയോഗിക്കുകയല്ല ചെയ്യുന്നത്. തന്‍റെ നാവുപയോഗിച്ച് വസ്തുക്കൾ എടുക്കുകയും വായ കൊണ്ട് അത് മുറുകെ കടിച്ച് പിടിക്കുകയും ചെയ്യുന്നു. തുടർന്ന് ചൊറിച്ചിൽ അനുഭവപ്പെടുന്ന കൃത്യമായ സ്ഥലത്തേക്ക് ഈ ഉപകരണങ്ങളെ എത്തിച്ച് ചൊറിയുന്നു. ശരീരത്തിന്‍റെ ഓരോ ഭാഗത്തിനും അനുയോജ്യമായ രീതിയിലാണ് അവൾ ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നത്. കട്ടിയുള്ള പുറംഭാഗം ചൊറിയാൻ ബ്രഷിന്‍റെ പരുപരുത്ത ഭാഗം ഉപയോഗിക്കുമ്പോൾ, മൃദുവായ വയർ ഭാഗം ചൊറിയാൻ ബ്രഷിന്‍റെ മിനുസമുള്ള പിടിയാണ് അവൾ തെരഞ്ഞെടുക്കുന്നത്.

ശാസ്ത്രീയ ഉപകരണ ഉപയോഗം

മൃഗങ്ങൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് കുരങ്ങുകളിലോ പക്ഷികളിലോ ഒക്കെയാണ് സാധാരണയായി കണ്ടുവരുന്നത്. എന്നാൽ, ഒരു പശു ഇത്തരത്തിൽ ബുദ്ധിപരമായി പെരുമാറുന്നത് ഗവേഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു കണ്ടെത്തലാണ്. കറന്‍റ് ബയോളജി' (Current Biology) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനമനുസരിച്ച്, വിയന്നയിലെ വെറ്ററിനറി മെഡിസിൻ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ വെറോണിക്കയുടെ ഈ പെരുമാറ്റം ശാസ്ത്രീയമായി 'ഉപകരണ ഉപയോഗം' ആണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 10,000 വർഷങ്ങളായി മനുഷ്യർ കന്നുകാലികളുമായി ഇടപഴകി ജീവിക്കുന്നുണ്ടെങ്കിലും, ഒരു പശു ഇത്തരത്തിൽ പെരുമാറുന്നത് ശാസ്ത്രീയമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.

പഠനം

പശുക്കൾ സാധാരണയായി വിശ്വസിക്കപ്പെടുന്നതിനേക്കാൾ എത്രയോ കൂടുതൽ ബുദ്ധിശാലികളാണെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു. ശരിയായ സാഹചര്യങ്ങൾ ലഭിച്ചാൽ മറ്റ് പശുക്കൾക്കും ഇത്തരം കഴിവുകൾ വികസിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ കരുതുന്നു. മൃഗങ്ങളിലെ ഉപകരണ ഉപയോഗത്തെക്കുറിച്ച് കോഗ്നിറ്റീവ് ബയോളജിസ്റ്റായ ആലീസ് ഔവർസ്‌പെർഗ് ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ വളർത്തുമൃഗങ്ങൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് നിരവധി ആളുകൾ അവർക്ക് ഇമെയിലുകൾ അയച്ചു.

Scroll to load tweet…

മിക്ക ഇമെയിലുകളും പൂച്ചകൾ ആമസോൺ ബോക്സിനുള്ളിൽ ഇരിക്കുന്നതുപോലെയുള്ള നിസ്സാര കാര്യങ്ങളെക്കുറിച്ചായിരുന്നു. എന്നാൽ, ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന വെറോണിക്കയുടെ വീഡിയോ ആലീസിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. ഇത് വെറും യാദൃശ്ചികമല്ലെന്നും ബുദ്ധിപരമായ നീക്കമാണെന്നും ശാസ്ത്രജ്ഞർക്ക് ബോധ്യപ്പെടുകയായിരുന്നു.

ഈച്ചകളിൽ നിന്നും രക്ഷപ്പെടൽ

വെറോണിക്കയുടെ വീഡിയോ കണ്ട ആലീസ് ഔവർസ്‌പെർഗ്, ഇത് വളരെ താൽപ്പര്യമുണർത്തുന്ന ഒന്നാണെന്നും ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും തീരുമാനിച്ചു. ആലീസും സഹപ്രവർത്തകനായ അന്‍റോണിയോ ഒസുന-മസ്‌കാരോയും വെറോണിക്ക താമസിക്കുന്ന ഫാമിലേക്ക് നേരിട്ടെത്തി. വിറ്റ്‌ഗാർ വീഗെലെ എന്ന ബേക്കറുടെ ഉടമസ്ഥതയിലുള്ളതാണ് 13 വയസ്സുള്ള വെറോണിക്ക. മരക്കഷ്ണങ്ങളും ഉപകരണങ്ങളും നിറഞ്ഞ മനോഹരമായ ഒരു മേച്ചിൽപ്പുറത്താണ് അവൾ വളരുന്നത്. ഓരോ വേനൽക്കാലത്തും ഈ പ്രദേശത്ത് ഈച്ചകളുടെ ശല്യം കഠിനമാണ്. ഈച്ചകൾ കടിക്കുമ്പോഴുണ്ടാകുന്ന ചൊറിച്ചിൽ മാറ്റാനുള്ള ശ്രമമാണ് ഇത്തരമൊരു പുതിയ വഴി കണ്ടെത്താൻ അവളെ പ്രേരിപ്പിച്ചതെന്ന് ഗവേഷകർ വിശ്വസിക്കുന്നു.

ശാസ്ത്രീയമായി ഒരു മൃഗം ഉപകരണങ്ങൾ ഉപയോഗിക്കുന്നുവെന്ന് പറയണമെങ്കിൽ, അത് ബോധപൂർവ്വം ഒരു വസ്തുവിനെ കൈക്കലാക്കുകയും അതിന്‍റെ ഗുണഫലങ്ങൾ മനസ്സിലാക്കി ഒരു പ്രത്യേക ലക്ഷ്യത്തിനായി ഉപയോഗിക്കുകയും വേണം. വെറോണിക്ക കൃത്യമായി ഇതാണ് ചെയ്യുന്നത്. ഗവേഷകർ വെറോണിക്കയുടെ മുന്നിൽ ഒരു ബ്രഷ് പല സ്ഥാനങ്ങളിൽ മാറി മാറി വെച്ചു. എല്ലാ തവണയും അവൾ അത് കൃത്യമായി വായ കൊണ്ട് എടുക്കുകയും ചൊറിയാൻ ഉപയോഗിക്കുകയും ചെയ്തു. ഈ കാഴ്ച ഗവേഷകരെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി.

ബ്രഷ് ഉപയോഗിച്ച രീതി

പരീക്ഷണത്തിനിടെ വെറോണിക്ക ബ്രഷ് ഉപയോഗിച്ച രീതി ശാസ്ത്രജ്ഞരെ അമ്പരപ്പിച്ചു. അതിനെക്കുറിച്ച് ആലീസ് ഔവർസ്‌പെർഗ് വിവരിക്കുന്നത് ഇങ്ങനെയാണ്,അവളുടെ നാവ് ഒരു പരവതാനി വിരിക്കുന്നതുപോലെ പുറത്തേക്ക് വന്നു. നാവിന്‍റെ അറ്റം വളരെ വഴക്കമുള്ള ഒരു ചൂണ്ടുവിരൽ പോലെയാണ് പ്രവർത്തിച്ചത്. അവൾ ബ്രഷിനെ വളരെ ഉറപ്പോടെ വായയ്ക്കുള്ളിൽ പിടിക്കുകയും കഴുത്ത് തിരിച്ച് ചൊറിയാൻ ആരംഭിക്കുകയും ചെയ്തു. അത് അതിശയകരമായ ഒരു കാഴ്ചയായിരുന്നുവെന്ന് ആലീസ് നാഷണൽ ജിയോഗ്രാഫിക് മാഗസിനോട് പറഞ്ഞു.

നിരവധി തവണ പരീക്ഷണങ്ങൾ ആവർത്തിച്ച ശേഷമാണ് ഗവേഷകർ ഒരു തീരുമാനത്തിലെത്തിയത്. വെറോണിക്കയുടെ ഈ പ്രവർത്തികൾ വെറും യാദൃശ്ചികമല്ല, മറിച്ച് തികഞ്ഞ നിയന്ത്രണത്തോടെ അവൾ ബോധപൂർവ്വം ചെയ്യുന്നതാണെന്ന് അവർ ഉറപ്പിച്ചു. മൃഗങ്ങളുടെ സ്വഭാവത്തെക്കുറിച്ചുള്ള പഠനങ്ങളിൽ വിപ്ലവകരമായ മാറ്റം വരുത്തുന്ന ഒന്നാണ് വെറോണിക്കയുടെ ഈ കഥ. പശുക്കൾ വെറും പാവം മൃഗങ്ങൾ മാത്രമല്ല, അവയ്ക്ക് ചുറ്റുമുള്ള ലോകത്തെ തങ്ങൾക്കനുകൂലമായി മാറ്റാൻ ശേഷിയുള്ള ബുദ്ധിമാന്മാരാണെന്നും ഇതിലൂടെ വ്യക്തമാകുന്നു.

സാഹചര്യം അനുകൂലം

ഗവേഷകനായ അന്‍റോണിയോ ഒസുന-മസ്‌കാരോ ഈ കണ്ടെത്തലിനെക്കുറിച്ച് പറയുന്ന ശ്രദ്ധേയമായ ഒരു കാര്യം "വെറോണിക്ക പശുക്കളിലെ ഒരു 'ഐൻസ്റ്റീൻ' ആണെന്ന് ഞങ്ങൾ കരുതുന്നില്ല. മറിച്ച്, മറ്റ് പശുക്കൾക്ക് ലഭിക്കാത്ത പ്രത്യേക സാഹചര്യങ്ങൾ അവൾക്ക് ലഭിച്ചുവെന്നതാണ് വാസ്തവം. തന്‍റെ കഴിവുകൾ പ്രകടിപ്പിക്കാൻ പാകത്തിലുള്ള ഒരു അന്തരീക്ഷം അവൾക്കുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വെറോണിക്കയുടെ ഉടമസ്ഥൻ പറയുന്നത്, അവൾക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതലേ മരക്കഷ്ണങ്ങൾ ഉപയോഗിച്ച് ഇത്തരം പരീക്ഷണങ്ങൾ തുടങ്ങിയിരുന്നു എന്നാണ്. കഴിഞ്ഞ പത്ത് വർഷത്തോളമായി അവൾ ഈ വിദ്യ മിനുക്കിയെടുക്കുകയായിരുന്നു. മതിയായ സമയവും സ്ഥലവും താല്പര്യവുമുണ്ടെങ്കിൽ പശുക്കൾക്ക് നമ്മൾ വിചാരിക്കുന്നതിലും അപ്പുറം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ വിശ്വസിക്കുന്നത്.