ബെംഗളൂരുവിലെ കനത്ത മഴയിലും ഗതാഗതക്കുരുക്കിലും 15 കിലോമീറ്റർ ഓട്ടോ യാത്രയ്ക്ക് തന്‍റെ സുഹൃത്തിന് 1200 രൂപ നൽകേണ്ടി വന്നതിനെക്കുറിച്ച് യുവതി പങ്കുവച്ച വീഡിയോ വൈറലായി. മൂന്ന് മണിക്കൂറെടുത്ത യാത്രയിൽ വഴിയിൽ ഇറക്കി വിടാതിരിക്കാനാണ് ഭീമമായ തുക നൽകേണ്ടി വന്നതെന്നും വീഡിയോയിൽ പറയുന്നു. ബെംഗളൂരുവിലെ മഴക്കാലത്തെ യാത്രാദുരിതത്തെക്കുറിച്ച് നിരവധി പേരെഴുതി. 

Add Asianetnews as a Preferred SourcegooglePreferred

ബെംഗളൂരുവിലെ കനത്ത മഴയിലും നഗരത്തിലെ തിരക്കേറിയ ഗതാഗതത്തിലും തന്‍റെ സുഹൃത്തിന് സംഭവിച്ച കാര്യം പങ്കുവച്ച ബെംഗളൂരു യുവതിയുടെ വീഡിയോ വൈറൽ. വീഡിയോയിൽ യുവതി, തന്‍റെ സുഹൃത്തിന് 15 കിലോമീറ്റർ ഓട്ടോ യാത്രയ്ക്ക് 1,200 രൂപ കൊടുക്കേണ്ടിവന്നെന്ന് കണ്ടന്‍റ് ക്രിയേറ്റർ സന്യ സിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

15 കിലോ 1,200 രൂപ !

ബാംഗ്ലൂരിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല! ഇന്നലെ എന്‍റെ സുഹൃത്ത് ഒരു ഓട്ടോ ഡ്രൈവർക്ക് 15 കിലോമീറ്റർ യാത്രയ്ക്ക് 1,200 രൂപ നൽകി. 1,200! ആ തുകയ്ക്ക് നിങ്ങൾക്ക് രണ്ടുതവണ വീട്ടുപകരണങ്ങൾ വാങ്ങാം. അതുകൊണ്ടാണ് എനിക്ക് ബാംഗ്ലൂരിലെ മഴയെ പ്രണയിക്കാൻ കഴിയാത്തത്, കാരണം വയലിനുകൾക്ക് പകരം ഇവിടെ ഹോണുകൾ മുഴങ്ങുന്നത് മാത്രമേ കേൾക്കൂ. കോളേജിൽ സീറ്റ് നേടുന്നതിനേക്കാൾ കൂടുതൽ പരിശ്രമം ഒരു റൈഡ് ബുക്ക് ചെയ്യാൻ ആവശ്യമാണ്! നമ്മുടെ കരിയർ ഉയർന്നുവന്നാലും ഇല്ലെങ്കിലും, ഈ ഓട്ടോ ഡ്രൈവർമാർ തീർച്ചയായും വലിയ നേട്ടങ്ങൾ കൈവരിക്കുന്നുവെന്ന് സന്യ തന്‍റെ വീഡിയോയിൽ പറയുന്നു. എന്നിട്ടും സുഹൃത്ത് വീട്ടിലെത്താൻ 3 മണിക്കൂറെടുത്തു. ഓട്ടോ ഡ്രൈവർ വഴിയിൽ ഇറക്കി വിടാതിരിക്കാൻ അവൾക്ക് 1,200 രൂപ കൊടുക്കേണ്ടി വന്നെന്നും മഴക്കാലത്ത് ഓട്ടോ നിരക്ക് കൂടുതലാണെന്നും യുവതി അടിക്കുറിപ്പിലും പങ്കുവച്ചു.

View post on Instagram

ദുർബലർക്ക് ഉള്ളതല്ല ബെംഗളൂരുവിലെ മഴ

വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുറിപ്പുമായെത്തിയത്. ബെംഗളൂരുവിലെ മഴക്കാലത്ത് യാത്ര ചെയ്യുന്നത് ചെലവേറിയതും കീശ കാലിയാക്കുന്നതും ഏറെ ക്ഷീണമുണ്ടാക്കുന്നതുമാണെന്ന് നിരവധി പേരാണ് എഴുതിയത്. ദുർബലർക്ക് ഉള്ളതല്ല ബെംഗളൂരുവിലെ മഴ എന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. തിരക്കേറിയ സമയങ്ങളിൽ ഓട്ടോറിക്ഷകളോ ക്യാബുകളോ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴും സമാനമായ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നിരവധി ഉപയോക്താക്കൾ എഴുതി. മഴ പെയ്യുന്ന നിമിഷം മുതൽ എല്ലാ നിരക്കും പ്രീമിയം നിരക്കായി മാറുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. 15 കിലോമീറ്ററിന് 1200 രൂപ വേദനാജനകമാണ്, പക്ഷേ തിരക്കേറിയ ഗതാഗതത്തിനിടയിൽ സുരക്ഷിതമായി വീട്ടിലെത്തുന്നത് ചിലപ്പോൾ ഒരു ആഡംബരമായി തോന്നുമെന്നായിരുന്നു മറ്റൊരു കുറിപ്പ്.